ചില മുൻസന്യാസിനിമാരുടെ ബാലിശമായ ആരോപണങ്ങളെ ഏറ്റെടുത്ത് സഭയെയും സന്യാസത്തെയും പതിവായി ആക്രമിക്കുന്നവരോട് ….

കത്തോലിക്കാ സഭയ്ക്കും ക്രൈസ്തവ വിശ്വാസത്തിനും എതിരെയുള്ള ആക്രമണങ്ങൾ പുതുതല്ല. സഭയ്‌ക്കൊപ്പം രണ്ടായിരം വർഷം നീണ്ട ചരിത്രമുണ്ട് സഭ നേരിടുന്ന പലവിധ ആക്രമണങ്ങൾക്കും, സഭയ്ക്ക് നേരെയുള്ള ദുരാരോപണങ്ങൾക്കും. കത്തോലിക്കാ സഭ മുന്നോട്ടുവയ്ക്കുന്ന വിശ്വാസ വീക്ഷണങ്ങൾ, ധാർമ്മിക മൂല്യങ്ങൾ, ജീവിത ചര്യകൾ തുടങ്ങിയവയെല്ലാം പലവിധത്തിൽ ആക്രമിക്കപ്പെടാറും അവഹേളിക്കപ്പെടാറുമുണ്ട്. കഴിഞ്ഞ ചില വർഷങ്ങളായി സാമൂഹ്യമാധ്യമങ്ങളുടെ കടന്നുവരവോടെ ഇത്തരം അറ്റാക്കുകളുടെ രൂപവും ഭാവവും വളരെയേറെ മാറിയിട്ടുണ്ട്. ആർക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അവരെ പ്രതിക്കൂട്ടിൽ നിർത്താനും പുകമറ സൃഷ്ടിക്കാനും കഴിയുമെന്ന സവിശേഷ സാഹചര്യം ഇന്നത്തെ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ നിലനിൽക്കുന്നുണ്ട്. സന്യാസവും സന്യസ്ത ജീവിതവും ഇത്തരത്തിൽ നിരന്തരം ആരോപണശരങ്ങൾ ഏൽക്കപ്പെടുന്ന സാഹചര്യമുണ്ട്.

ചില മുൻസന്യാസിനിമാരെ മറയാക്കി കത്തോലിക്കാ വിശ്വാസത്തെയും ക്രൈസ്തവ ധാർമ്മികതയെയും ചില നിരീശ്വരവാദ സംഘടനകളുടെ നേതൃത്വത്തിൽ സമൂഹമധ്യത്തിൽ ചോദ്യം ചെയ്യാനും അവഹേളിക്കാനുമുള്ള പ്രവണതകളാണ് സമീപനാളുകളിൽ ദൃശ്യമാകുന്നത്. ബൈബിളിനെയും കത്തോലിക്കാ സഭയുടെ പാരമ്പര്യത്തെയും പ്രബോധനങ്ങളെയും ധാർമ്മിക നിലപാടുകളെയും ബാലിശമായ രീതിയിൽ വിമർശിച്ചുകൊണ്ടുള്ള വാദഗതികളാണ് പലപ്പോഴും ഉയർന്നുകാണാറുള്ളത്. വാസ്തവങ്ങളെക്കുറിച്ചുള്ള അറിവില്ലായ്‌മ അനേകരിൽ തെറ്റിദ്ധാരണകൾക്ക് കാരണമാകുന്നു.

വിവാഹം ചെയ്യാനും വോട്ട് ചെയ്യാനും ഉള്ളതുപോലെ, മതം തെരഞ്ഞെടുക്കാനും സന്യാസജീവിതം തെരഞ്ഞെടുക്കാനും പ്രായപൂർത്തിയാകേണ്ടതുണ്ട്, സന്യാസവ്രതങ്ങളിലൂടെ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്നു, സന്യാസിനിമാർ അടിച്ചമർത്തപ്പെടുന്നവരാണ്, ബുദ്ധികൊണ്ട് ചിന്തിക്കാൻ സഭ അനുവദിക്കുന്നില്ല, നൂറുകണക്കിന് സ്ഥാപനങ്ങൾ സ്വന്തമായുള്ള സന്യാസ സഭകൾ സമ്പന്നമാണെങ്കിലും വ്യക്തികൾ ദാരിദ്ര്യത്തിൽ ജീവിക്കാൻ നിർബ്ബന്ധിതരാണ്. എന്നിങ്ങനെയുള്ള ഒരുപിടി ആരോപണങ്ങളുമായി ഒരു മുൻ സന്യാസിനി കഴിഞ്ഞയിടെ ഒരു നിരീശ്വരവാദ പ്രസ്ഥാനം സംഘടിപ്പിച്ച പരിപാടിയിൽ പ്രത്യക്ഷപ്പെടുകയുണ്ടായിരുന്നു. അടിസ്ഥാന രഹിതവും അബദ്ധ ജഡിലവുമായ വാദഗതികൾ ഉയർത്തി സംസാരിച്ച അവരെ, കാര്യം മനസിലാക്കാതെ പിന്തുണച്ചുകൊണ്ട് ചിലർ മുന്നോട്ടു വന്നതും ശ്രദ്ധയിൽപെട്ടു.

******

പതിനെട്ടു വയസ്സായിട്ട് മതി മതം തിരഞ്ഞെടുക്കൽ എന്നും, അവനവന്റെ അവകാശം ആണ് തിരഞ്ഞെടുപ്പ് എന്നും വാദിക്കുന്നവരോട് ചില ചോദ്യങ്ങൾ കൂടി ചോദിച്ചോട്ടെ…

ജനിച്ചു വീണിട്ട് പതിനെട്ടു വയസ്സ് ആയപ്പോൾ സ്വന്തം ഇഷ്ടപ്രകാരം ആണോ നിങ്ങൾ ഭക്ഷണം കഴിച്ചു തുടങ്ങിയത്? രോഗം വന്നപ്പോ ചികിൽസിക്കാൻ, വീണപ്പോൾ കോരി എടുക്കാൻ, വിശക്കുമ്പോൾ ഭക്ഷണം കഴിക്കാൻ, വായ തുറന്നു സംസാരിക്കാനൊക്കെ പരിശീലിപ്പിക്കാൻ സ്വന്തം മാതാപിതാക്കൾ മനസ്സ് കാണിച്ചത് നിങ്ങളുടെ മനുഷ്യാവകാശ ലംഘനം അല്ലെ? നിങ്ങൾക്ക് പതിനെട്ടു വയസ്സ് ആയിട്ട് നിങ്ങളുടെ തീരുമാനം അറിഞ്ഞിട്ട് ചെയ്യാം എന്ന് മാതാപിതാക്കൾ അന്ന് കരുതിയിരുന്നെങ്കിൽ?

ഒരു കുഞ്ഞിന് ജന്മം നൽകുമ്പോൾ അതിന്റെ മാതാപിതാക്കൾ ആണ് ആ കുഞ്ഞിന് മാമ്മോദീസാ നൽകണോ വിശ്വാസത്തിൽ വളർത്തണമോ എന്നൊക്കെ തീരുമാനിക്കുന്നത് എന്നുകൂടി അറിയുന്നത് നല്ലതാണ്. അപ്പോൾ സഭയോട് ചോദിക്കുന്ന ഈ ചോദ്യങ്ങൾ സത്യത്തിൽ മാതാപിതാക്കളോട് ആണ് ചോദിക്കേണ്ടത്.. അനുവാദം ഇല്ലാതെ എന്തിനു എനിക്ക് ജന്മം നൽകി, എന്തിനു എന്നെ പാലൂട്ടി വളർത്തി, എനിക്ക് ചികിത്സ നൽകി, എനിക്ക് പതിനെട്ടു വയസ്സ് ആകും മുൻപ് എന്തിനു എനിക്ക് വസ്ത്രങ്ങൾ വാങ്ങി നൽകി? ചിലർ എല്ലാത്തിനും സഭയെ പ്രതിക്കൂട്ടിൽ നിർത്തുന്നത് സ്വന്തം അപഥസഞ്ചാരത്തെയും പാളിച്ചകളെയും മറയ്ക്കുന്നതിന് വേണ്ടിയാണെന്ന് മനസിലാക്കുക.

മതം തിരഞ്ഞെടുക്കാൻ ഒരുവന് അവകാശം ഉണ്ടെങ്കിൽ… അത് ഉപേക്ഷിക്കാനും അവനു അവകാശം ഉണ്ട്. ഒന്നിനും ആരെയും നിർബന്ധിക്കാത്ത ഒരു രാജ്യവും ഭരണ ഘടനയുമാണ് നമ്മുടേത്. ശരിയല്ല എന്ന് ഒരാൾക്ക് തോന്നുന്ന ഒരു കാര്യം ബാക്കി ആറായിരത്തില്പരം വ്യക്തികൾക്ക് ശരിയാണെന്നാണ് തോന്നുന്നെങ്കിൽ ഞാൻ അവരെ ശല്യപ്പെടുത്താതെ എനിക്ക് ശരി എന്ന് തോന്നുന്നതിലേക്ക് മാറുന്നതാണ് സ്വാതന്ത്ര്യം. അല്ലാതെ, എനിക്ക് കഴിയാത്ത കാര്യം ബാക്കി ആറായിരം പേരും ചെയ്തു കൂടാ എന്ന് പറയുകയും അവരെ ജീവിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയല്ല മനുഷ്യാവകാശം. അത് മൗലികവാദം ആണ്, എതിർക്കപ്പെടേണ്ടതു തന്നെയാണ് . അതല്ലേ യഥാർത്ഥ മനുഷ്യാവകാശ ലംഘനം? ഒരാളുടെ ഇഷ്ടം അനുസരിച്ചു മാത്രം പ്രവർത്തിക്കാൻ വേണ്ടി ബാക്കി മുഴുവൻപേരുടെയും അന്തസ്സിനും അഭിമാനത്തിനും ക്ഷതമേൽപ്പിക്കുന്നതാണോ മനുഷ്യാവകാശ പ്രസംഗം??

കടപ്പാട് :വോയിസ്‌ ഓഫ് നൺസ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group