സഹോദരനെക്കുറിച്ച് സന്തോഷിക്കുക : ഫ്രാൻസിസ് മാർപാപ്പാ

സഹോദര സ്നേഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വീണ്ടും വിശ്വാസികളെ ഉദ്ബോധിപ്പിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പാ.

ബൈബിളിലെ ധൂർത്ത പുത്രന്റെ ഉപമ അടിസ്ഥാനമാക്കി കഴിഞ്ഞദിവസം നടന്ന ത്രികാല പ്രാർത്ഥനയിൽ സന്ദേശം നല്കുകയായിരുന്നു മാർപാപ്പ.

ദൈവം നമ്മോട് എപ്പോഴും ക്ഷമിക്കും, നാമാണ് ദൈവത്തോട് ക്ഷമ ചോദിക്കാൻ മടിക്കുന്നവർ. സമ്പത്തെല്ലാം കളഞ്ഞുകുളിച്ച് വീട്ടിലേക്ക് മടങ്ങിയ മകനെ സ്വീകരിക്കുക മാത്രമല്ല, സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന പിതാവാണ് ദൈവം എന്ന് ഈ ഉപമ നമ്മോട് പറയുന്നു. നാമാണ് ആ പുത്രൻ. പിതാവ് എപ്പോഴും നമ്മെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും നമ്മെ കാത്തിരിക്കുന്നു എന്നതിനെക്കുറിച്ചും ചിന്തിക്കുന്നത് നമ്മുടെ മനസ്സിൽ മാറ്റങ്ങളുണ്ടാക്കുമെന്നും പാപ്പാ പറഞ്ഞു.

എന്നാൽ അതേ ഉപമയിൽ ഈ പിതാവിന്റെ മുന്നിൽ വിഷമ സ്ഥിതിയിലാകുന്ന മൂത്ത മകനുമുണ്ട്. അവൻ നമ്മെയും പ്രതിസന്ധിയിലാക്കിയേക്കാം. വാസ്തവത്തിൽ, നമ്മുടെ ഉള്ളിൽ ഈ മൂത്ത മകനും ഉണ്ട്, ഭാഗികമായെങ്കിലും, അവനോട് യോജിക്കാൻ നാം പലപ്പോഴും പ്രലോഭിക്കപ്പെടുന്നു: അവൻ എപ്പോഴും തന്റെ കടമ ചെയ്തിരുന്നു, അവൻ വീടുപേക്ഷിച്ച് പോയിരുന്നില്ല, അതുകൊണ്ടുതന്നെ പിതാവ് തന്റെ സഹോദരനെ ആലിംഗനം ചെയ്യുന്നത് കാണുമ്പോൾ അവന് ദേഷ്യമുണ്ടാകുന്നു. അവൻ പ്രതിഷേധിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു എത്രയോ വർഷങ്ങളായി ഞാൻ നിനക്ക് ദാസ്യവേല ചെയ്യുന്നു. ഒരിക്കലും നിന്റെ കല്പന ഞാൻ ലംഘിച്ചിട്ടില്ല, എന്നാൽ നിന്റെ ഈ മകനുവേണ്ടി നീ ആഘോഷം നടത്തുന്നു. (വാ. 29-30). “എനിക്ക് നിന്നെ മനസ്സിലാക്കാൻ സാധിക്കുന്നില്ല”. മൂത്തമകന്റെ രോഷമിതാണ്.

ഈ വാക്കുകളിൽ നിന്ന് മൂത്ത മകന്റെ പ്രശ്നം വ്യക്തമാകുന്നുണ്ട്. തന്റെ പിതാവുമായുള്ള ബന്ധത്തിൽ അവൻ എല്ലാത്തിനും ആധാരമാക്കിയിരിക്കുന്നത് കടമയെക്കുറിച്ചുള്ള ചിന്തയിൽ, നിയമത്തിന്റെ പൂർണ്ണമായ അനുസരണത്തിലാണ്. ഇത് നമുക്കും ദൈവത്തിനും ഇടയിലുള്ള നമ്മുടെയും പ്രശ്നമാകാം. അതായത്, ദൈവം ഒരു പിതാവാണെന്ന കാര്യം കാണാതെ, വിലക്കുകളാലും കടമകളാലും നിർമ്മിതമായ ഒരു വിദൂരസ്ഥമായ മതം ജീവിക്കുക. ഇങ്ങനെ അകൽച്ചയിൽ ജീവിക്കുന്നതിന്റെ അനന്തര ഫലം അയൽക്കാരനെ സഹോദരനായിക്കാണാതെ, അവനോട് കാണിക്കുന്ന കാഠിന്യമാണ്. വാസ്‌തവത്തിൽ, ഉപമയിൽ, മൂത്ത മകൻ പിതാവിനോട് ‘എന്റെ സഹോദരൻ’ എന്നല്ല, ‘നിന്റെ മകൻ’ എന്നാണ് പറയുന്നത്. അവൻ എന്റെ സഹോദരനല്ല എന്നു പറയുന്നതു പോലെയാണത്. അവസാനം ഈ മൂത്ത മകൻ വീടിന് പുറത്താകാനുള്ള സാധ്യതയാണുണ്ടാകുന്നത്. വചനം ഇങ്ങനെയാണ് പറയുന്നത് “അവൻ അകത്തുകയറാൻ വിസമ്മതിച്ചു” (വാ. 28). കാരണം മറ്റെയാൾ അകത്തുണ്ടായിരുന്നു.അതിനാൽ മറ്റുള്ളവരെ ഓർത്ത് സന്തോഷിക്കാൻ നമുക്ക് അറിയാമോ? ദൈവത്തിന്റെ കാരുണ്യത്തെ സ്വാഗതം ചെയ്യാൻ പരിശുദ്ധ കന്യകാമറിയം നമ്മെ പഠിപ്പിക്കട്ടെ. ആ കാരുണ്യം നമ്മുടെ അയൽക്കാരനെ നോക്കിക്കാണാനുള്ള വെളിച്ചമായി മാറും.-പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group