സ്വകാര്യ താത്പര്യങ്ങളും യുദ്ധവും മുന്നിട്ടു നിൽക്കുന്ന ലോകത്തിൽ മതനേതാക്കൾ ഉത്തമമാതൃക നൽകുന്നവരും മുറിവേറ്റ മനുഷ്യ മഹാകുടുംബത്തെ പ്രോത്സാഹിപ്പിക്കുന്നവരും പരിചരിക്കുന്നവരും ആകണമെന്നു ഫ്രാൻസിസ് മാർപാപ്പ.
മനാമ നഗരത്തിലെ സാഖിർ കൊട്ടാരത്തിലുള്ള അൽ ഫിദാ ചത്വരത്തിൽ രണ്ടു ദിവസമായി നടന്നുവരുന്ന ബഹറിൻ സംവാദ സമിതിയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിൽ യുദ്ധത്തെ തള്ളിപ്പറഞ്ഞ അദ്ദേഹം, യഥാർത്ഥ മതസ്വാതന്ത്ര്യത്തിന്റെ ആവശ്യകത ശക്തമായി അവതരിപ്പിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി വിദ്യാഭ്യാസരംഗത്തെ മുൻഗണനകൾ തിരുത്തണമെന്ന് അഭിപ്രായപ്പെട്ട മാർപാപ്പ, പൗരത്വ സങ്കൽപ്പത്തെയും പരാമർശിച്ചു.
“കിഴക്കും പടിഞ്ഞാറും മനുഷ്യസഹവർത്തിത്വത്തിന്’എന്ന പ്രമേയത്തിൽ ഊന്നിയുള്ള സമ്മേളനത്തിലേക്കു തന്നെ ക്ഷണിച്ചതിനു മാർപാപ്പ നന്ദി പറഞ്ഞു. ഇന്നത്തെ മനുഷ്യകുടുംബം കൂടുതൽ വിഭജിതമായി കാണപ്പെടുന്നതായി അദ്ദേഹം വിലയിരുത്തി. “ലോകയുദ്ധങ്ങൾക്കും യുദ്ധഭീഷണികൾക്കും ശേഷം ലോകം ഇപ്പോഴും ഒരു ചെങ്കുത്തായ കയറ്റത്തിൽ നില്ക്കുന്നതായി കാണപ്പെടുന്നു. എങ്കിലും നാം വീഴാൻ പാടില്ല. ഈ സാഹചര്യത്തിൽ മതനേതാക്കൾ ഉത്തമമാതൃക നൽകാൻ മുന്നോട്ടുവരണം. പ്രാർത്ഥനയും അധ്യാപനവും പ്രവർത്തനവുമാണ് അവർ സജീവമാക്കേണ്ട മൂന്നു മേഖലകൾ.”
മതത്തിന്റെ പേരിലുള്ള അക്രമത്തെ മാർപാപ്പ അപലപിച്ചു. ഒരു മതം സമാധാനകാംക്ഷിയാണെന്നു പറഞ്ഞാൽ പോരാ, സമാധാനം ഹനിക്കുന്നവരെ അപലപിക്കുകയും അസഹിഷ്ണുതയെ നേരിടുകയും വേണം – അദ്ദേഹം പറഞ്ഞു. സാഖിർ കൊട്ടാരത്തിലെ മോസ്കിൽവച്ച് ഫ്രാൻസിസ് മാർപാപ്പ ഇസ്ലാം മതനേതാക്കളെ അഭിസംബോധന ചെയ്യുകയുo ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group