വിവിധ സംസ്ഥാനങ്ങളിൽ വർദ്ധിക്കുന്ന വർഗ്ഗീയ അതിക്രമങ്ങൾ: സർക്കാർ ഇടപെടൽ അനിവാര്യം

സാഗർ രൂപതയുടെ പരിധിയിലുള്ള ഗഞ്ച് ബസോദയിലുള്ള സെന്റ് ജോസഫ് സ്‌കൂൾ ആക്രമിക്കപ്പെട്ട സംഭവം ഒരുമാസത്തിനിടെ ക്രൈസ്തവ സ്ഥാപനങ്ങൾക്ക് എതിരെ മധ്യപ്രദേശിൽ മാത്രം നടന്ന നാലാമത്തെ അതിക്രമമാണ്. പതിവുപോലെ വ്യാജപ്രചാരണങ്ങളും വ്യാജവാർത്തകളുമാണ് ഇവിടെയും ആൾക്കൂട്ടത്തെ ഇളക്കിവിട്ട് അക്രമണത്തിന് വഴിയൊരുക്കിയത്.

അടിസ്ഥാനരഹിതമായ ദുരാരോപണങ്ങൾ സമൂഹമാധ്യമങ്ങൾ വഴിയായി പ്രചരിപ്പിക്കപ്പെട്ടതിനെത്തുടർന്ന് ഡിസംബർ ആറ് തിങ്കളാഴ്ച ഉച്ചയോടെ ബജ്‌റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരായ നൂറുകണക്കിന് അക്രമികളാണ് സെന്റ് ജോസഫ് സ്‌കൂളിലേയ്ക്ക് അതിക്രമിച്ചുകയറി ആക്രമണം അഴിച്ചുവിട്ടത്. സ്‌കൂളിന്റെ ഗേറ്റും മതിലും ജനലുകളും വാതിലുകളും വാഹനങ്ങളും തകർത്ത അക്രമികൾ കടുത്ത ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചത്. മുമ്പ് പല അവസരങ്ങളിലും സംഭവിച്ചതുപോലെ മതപരിവർത്തനമെന്ന കുറ്റമാണ് ഇവിടെയും ആരോപിക്കപ്പെട്ടിരുന്നത്. ആക്രമണത്തിന് വർഗീയ സംഘടനകൾ പദ്ധതിയിടുന്നതായി മനസിലാക്കിയ സ്‌കൂൾ അധികൃതർ ജില്ലാ ഭരണകൂടത്തിനും പോലീസ് അധികാരികൾക്കും പരാതി നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

അക്രമികളെ തടയാനോ അക്രമം ഒഴിവാക്കാനോ വ്യാജപ്രചാരണങ്ങളിൽ ഇടപെടാനോ അധികൃതർ ശ്രമിക്കാതിരുന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു. ഇത്തരം അതിക്രമങ്ങൾ ദിനം പ്രതി ഉയരുന്ന ഇന്നത്തെ സാഹചര്യങ്ങളിൽ ക്രിയാത്മകമായ സർക്കാർ ഇടപെടലുകൾ അനിവാര്യമാണ്. ആർക്കും എന്തുവിധത്തിലുള്ള വ്യാജവാർത്തകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും കലാപങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്ന സ്ഥിതിക്ക് മാറ്റം ആവശ്യമാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നോളവും കാത്തുപാലിക്കപ്പെട്ടു പോന്നിട്ടുള്ള മതനിരപേക്ഷതയും സാമുദായിക സൗഹാർദ്ദവും ഇല്ലാതാക്കാനുള്ള തൽപരകക്ഷികളുടെ ഗൂഢശ്രമങ്ങളെ വേണ്ടിവന്നാൽ നിയമ നിർമ്മാണത്തിലൂടെ ഫലപ്രദമായി പ്രതിരോധിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. ഐടി റൂൾസ് 2021 ശരിയായ രീതിയിൽ പ്രാബല്യത്തിൽ കൊണ്ടുവന്ന് സമൂഹമാധ്യമങ്ങളുടെ ദുരുപയോഗത്തെ നിയന്ത്രിക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാരുകൾ സ്വീകരിക്കുകയും കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും വേണം. രാജ്യത്തിന്റെ സമാധാനം കെടുത്തുന്ന മതമൗലികവാദത്തിന്റെയും തീവ്രവാദത്തിന്റെയും വേരോട്ടത്തെ നിയന്ത്രിക്കാനുള്ള വലിയ ഉത്തരവാദിത്തം അതർഹിക്കുന്ന ഗൗരവത്തോടെ സർക്കാരുകൾ ഏറ്റെടുക്കുകയും, സാധാരണക്കാർക്ക് സ്വൈര്യ ജീവിതവും, ന്യൂനപക്ഷ സമുദായങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യവും ഉറപ്പുവരുത്തുകയും വേണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group