മുന്നേ നീങ്ങുന്ന ഉത്ഥിതൻ

ഉയിർപ്പ്, എല്ലാം തീർന്നിടത്തുനിന്നും നവമായ തുടക്കം. ഉയിര് തന്നവന് ഉയിർപ്പിക്കാനും കഴിയും. വാഗ്ദാനങ്ങളിൽ വിശ്വസ്തനായവൻ വാക്കുപാലിക്കും. ഈശോ ഉയിർത്തത് മഹത്വത്തോടെയും മഹത്വത്തിലേക്കുമാണ്. അവിടുന്ന് ഉയിർത്തത് നിത്യതയിലേക്കാണ്. പുത്രന്റെ അനുസരണത്തിനു പിതാവ് നൽകിയ സമ്മാനമാണ് ഉയിർപ്പ്. ഒറ്റിക്കൊടുത്തവന്റെ വഞ്ചനക്ക് പിതാവ് നൽകിയ മറുപടിയാണ് ഉയിർപ്പ്. കുരിശിലെ നിസ്സഹായതയെ നിന്ദിച്ചവർക്കുള്ള ഉത്തരമായിരുന്നു അവിടുത്തെ ഉയിർപ്പ്. വിശ്വസിക്കുന്നവനു ലഭിക്കുന്ന ഉറപ്പാണ് ഉയിർപ്പ്. അവന്റെ ഗദ്ഗദങ്ങളും നൊമ്പരങ്ങളും ദൈവം കേൾക്കുന്നു എന്നുള്ള സമാശ്വാസത്തിന്റെ അടയാളമാണ് ഈശോയുടെ ഉയിർപ്പ്. വിശ്വാസത്തിനു രക്തം കൊണ്ട് സാക്ഷ്യം നല്കുന്നവന്റെ ആത്മധൈര്യവും ഈശോയുടെ ഉയിർപ്പ് തന്നെ. വിശ്വാസത്തെ പ്രതി പീഢിപ്പിക്കപ്പെടുന്നവന്റെ ധൈര്യത്തിന്റെ ഉറവിടവും ഉയിർപ്പുതന്നെ.
കർത്താവ് നമുക്കൊപ്പമെന്നതിലുപരി, നമുക്ക് മുമ്പേ നീങ്ങുന്നു എന്ന ഉറപ്പാണ് ഈശോയുടെ ഉയിർപ്പ്. “അവൻ നിങ്ങൾക്ക് മുൻപേ ഗലീലിയിലേക്ക് പോകുന്നു. അവിടെ വെച്ച് നിങ്ങൾ അവനെ കാണും”. കബറിടം കാണാനെത്തിയ സ്ത്രീകളോട് മാലാഖമാർ പറഞ്ഞത് ഇതായിരുന്നു. ഉത്ഥാനം ചെയ്തവൻ നമുക്ക് മുൻപേ നീങ്ങുന്നു. അതാണ് ഉത്ഥാനത്തിന്റെ അർത്ഥവും ഉറപ്പും.
എല്ലാ അർത്ഥത്തിലും നമുക്ക് മുന്നേ നീങ്ങുന്നവനാണ് കർത്താവ്. നമ്മുടെ ഉത്ഥാനത്തിന്റെ മുന്നോടിയാണ് അവിടുത്തെ ഉയിർപ്പ്. അവിടുന്നാണ് ആദ്യം ഉയിർപ്പിക്കപ്പെട്ടത്. ഇനി അവിടുത്തോടുകൂടിയുള്ളവരും ഉയിർപ്പിക്കപ്പെടും.
ഉയിർത്തെഴുന്നേറ്റവൻ മുന്നേ നീങ്ങുന്നു എന്നത് നമുക്ക് ആത്മധൈര്യം നല്കുന്നു. മുന്നിൽ അവനുണ്ടെന്നുള്ളത് മറക്കാതിരുന്നാൽ മതി. അവൻ നമ്മെ പോലെ പീഢിതനായിരുന്നു, നമ്മെപോലെ പരിത്യക്തനായിരുന്നു. അതുകൊണ്ട് നമ്മെ അവനു മനസ്സിലാകും. അതുകൊണ്ടാണ് അവൻ നമുക്ക് മുന്നേ നീങ്ങുന്നത്; വഴികാട്ടിയായി, മാത്രുകയായി. ജോലിസ്ഥലങ്ങളിൽ നമുക്ക് മുന്നേ അവനുണ്ട്, കഠിനപരീക്ഷണങ്ങളിൽ നമുക്ക് മുന്നേ അവനുണ്ട്. രോഗമരണങ്ങളുടെ ശോകമൂകതയിൽ, പരിക്ഷീണിതന്റെ നെടുവീർപ്പുകളിൽ, ഭാവിയുടെ അനിശ്ചിതത്വത്തിൽ, ഓർക്കുക, മുന്നേ ഉത്ഥിതൻ നീങ്ങുന്നുണ്ട്. അവനിൽ ദ്രുഷ്ടി ഉറപ്പിക്കാം, അവൻ ദ്രുഷ്ടിപഥത്തിൽ നിന്നും മറയാതിരിക്കട്ടെ.
എല്ലാവർക്കും ഉയിർപ്പുതിരുനാളിന്റെ മംഗളങ്ങൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group