മാർച്ച്‌ 05: കുരിശിന്റെ വിശുദ്ധ ജോണ്‍ ജോസഫ്..

നേപ്പിള്‍സിലെ ഇസിക്കിയ ദ്വീപിലായിരുന്നു കുരിശിന്റെ വിശുദ്ധ ജോണ്‍ ജോസഫ് ജനിച്ചത്. തന്റെ ചെറുപ്പകാലം മുതലേതന്നെ വിശുദ്ധന്‍ നന്മ ചെയ്യുന്നതില്‍ ഒരു മാതൃക പുരുഷനായിരുന്നു. വിശുദ്ധന് പതിനാറ് വയസ്സായപ്പോള്‍ അദ്ദേഹം കഠിനമായ നിബന്ധനകളുള്ള ഫ്രാന്‍സിസ്കന്‍ സഭയില്‍ അംഗമായി. തന്റെ സഭയെ ഉന്നതിയിലേക്ക് നയിക്കുവാനുള്ള വിശുദ്ധന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം മൂന്ന്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ആശ്രമം സ്ഥാപിക്കുക എന്ന ദൗത്യത്തോടെ വിശുദ്ധന്‍ പിഡ്മോണ്ടിലേക്കയക്കപ്പെട്ടു. ആശ്രമത്തിന്റെ നിര്‍മ്മാണ ജോലികളില്‍ വിശുദ്ധന്‍ തന്റെ സഹായം നല്‍കുകയും, അവിടെ പരിപൂര്‍ണ്ണ നിശബ്ദതയും, സന്യാസപരമായ അന്തരീക്ഷം നിലനിര്‍ത്തുകയും ചെയ്തു.

ഒരിക്കല്‍ ജോണ്‍ ആശ്രമത്തിലെ ദേവാലയത്തില്‍ പ്രാര്‍ത്ഥനാനിരതനായിരിക്കുന്ന സമയത്ത്, അദ്ദേഹം ഒരു പ്രത്യേക ആനന്ദനിര്‍വൃതിയിലാവുകയും നിലത്തു നിന്നും ഉയരുന്നതായും കാണപ്പെട്ടു. പിന്നീട് തന്റെ മേലധികാരികകളുടെ ആവശ്യപ്രകാരം വിശുദ്ധന്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച് ഒരു പുരോഹിതനായി തീര്‍ന്നു. പ്രാര്‍ത്ഥനയിലും, നിശബ്ദതയിലും ഊന്നല്‍ നല്‍കികൊണ്ടുള്ള ജീവിതമായിരിന്നു വിശുദ്ധന്‍റേത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട തന്റെ മാതാവിന്റെ നല്ല മരണത്തിനു വേണ്ട പ്രാര്‍ത്ഥനാസഹായം വിശുദ്ധന്‍ നല്‍കി. പിന്നീട് തന്റെ മാതാവിന്റെ ആത്മശാന്തിക്കായി അദ്ദേഹം ദിവ്യബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ ആത്മാവ് സ്വര്‍ഗ്ഗത്തിലേക്കെടുക്കപ്പെടുന്നതായി വിശുദ്ധന്‍ ദര്‍ശിച്ചു.

തന്റെ മേലധികാരികളുടെ സഹായത്തോടെ അദ്ദേഹം മറ്റൊരു സന്യാസിനീ മഠം കൂടി സ്ഥാപിക്കുകയും അതിനുവേണ്ട ആശ്രമ നിയമങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. ക്രമേണ ജോണ്‍ അവിടത്തെ സന്യാസികളുടെ ജീവിതരീതിയില്‍ വളരെയേറെ ചുറുചുറുക്കുമുള്ള ഒരു ഗുരുവായി മാറി. കുറച്ചുകാലങ്ങള്‍ക്ക് ശേഷം, ക്ലെമന്റ് ഒമ്പതാമനാല്‍ പതിനെട്ടാം നൂറ്റാണ്ടില്‍ സ്ഥാപിതമായ നേപ്പിള്‍സ് പ്രൊവിന്‍സിലെ പ്രൊവിന്‍ഷ്യാളായി വിശുദ്ധന്‍ നിയമിതനായി.

പരമാധികാരിയായിരുന്ന മാര്‍പാപ്പാ ഇതേ സഭയുടെ സ്പെയിനിലുണ്ടായിരുന്ന ശാഖ വിഭജിച്ചാണ് ഇറ്റലിയില്‍ ശാഖ സ്ഥാപിച്ചത്. ഇതിനായി വിശുദ്ധന്‍ വളരെയേറെ പ്രയത്നിച്ചിരുന്നു. ഇത്തരം സുവിശേഷ ദൗത്യങ്ങള്‍ക്കു വേണ്ടി വിശുദ്ധന് നിരവധി കഷ്ടതകള്‍ സഹിക്കേണ്ടതായി വന്നിരുന്നു. പ്രത്യേകിച്ച് പലരുടേയും തെറ്റിദ്ധാരണകള്‍ വഴിയായി ഒരുപാട് മാനസിക വിഷമം അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

എന്നിരുന്നാലും താന്‍ ഏറ്റെടുത്ത ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ നിന്നും വിശുദ്ധനെ തടയുവാന്‍ ഇത്തരം കഷ്ടതകള്‍ക്കൊന്നിനും കഴിഞ്ഞില്ല. വിശുദ്ധ പീറ്റര്‍ അല്‍ക്കാന്‍ടാരായാല്‍ ഫ്രാന്‍സിസ്കന്‍ സന്യാസിമാര്‍ക്ക് പകര്‍ന്ന് നല്കപ്പെട്ട പ്രാര്‍ത്ഥനാപരവും, അനുതാപപരവുമായ ജീവിതത്തെ കുറിച്ച് വിശുദ്ധന്‍ തന്റെ ശിഷ്യന്‍മാരേ വീണ്ടും വീണ്ടും പറഞ്ഞു മനസ്സിലാക്കി. ആശ്രമത്തിലെ ശിഷ്യന്മാര്‍ക്ക് മുന്നില്‍ എളിമ, മതപരമായ അച്ചടക്കം തുടങ്ങിയ ഏറ്റവും ഉന്നതമായ നന്മകളുടെ ഒരു മാതൃകയായിരുന്നു വിശുദ്ധന്‍. വിശുദ്ധന്റെ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലമായി നിരവധി വരദാനങ്ങള്‍കൊണ്ട് ദൈവം വിശുദ്ധനെ അനുഗ്രഹിച്ചു. പ്രവചന വരവും, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള കഴിവും ഇവയില്‍ ഉള്‍പ്പെടുന്നു.

വിശുദ്ധന് എണ്‍പതു വയസ്സു പ്രായമുള്ളപ്പോള്‍ 1734 മാര്‍ച്ച് 5ന് നേപ്പിള്‍സിലെ മഠത്തില്‍ വെച്ച് സന്നിപാതം പിടിപ്പെട്ട് അദ്ദേഹം കര്‍ത്താവില്‍ അന്ത്യനിദ്രപ്രാപിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group