സാത്താനിസവും ഫ്രീമേസൺ ക്ലബ്ബുകളും പെരുകുന്നു : മുന്നറിയിപ്പുമായി താമരശേരി രൂപതാധ്യക്ഷൻ

സാത്താനിസവും ഫ്രീമേസൺ ക്ലബ്ബുകളും പെരുകുന്ന സാഹചര്യത്തിൽ, വിശ്വാസി സമൂഹത്തിന് ഇവയ്ക്കെതിരെ ജാഗ്രത പാലിക്കുവാൻ മുന്നറിയിപ്പു നൽകി താമരശേരി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ.

മനംപുരട്ടലുണ്ടാക്കുന്ന വിചിത്രമായ കർമ്മങ്ങളാണ് സാത്താൻ സേവക്കാർ നടത്തുന്നത്. വിശുദ്ധ ബൈബിളും കൂദാശ ചെയ്ത തിരുവോസ്തിയും വിവിധ രീതിയിൽ അധിഷേപിക്കുന്നതാണ് ഇവരുടെ ആരാധന. സമൂഹത്തിൽ കുറ്റകൃത്യങ്ങൾ പെരുകുന്നതിനു വേണ്ടിയാണ് ഇവരുടെ പ്രാർത്ഥന. 13, 666 എന്നിവ ഇത്തരക്കാർ ഭാഗ്യനമ്പറുകളായാണ് കരുതുന്നത്.

ജപമാല പൊട്ടിച്ച് കൈകളിൽ അണിയുക, ജപമാലയിൽ കുരിശ് തലകീഴായി ഘടിപ്പിക്കുക, പ്രത്യേക രീതിയിലുള്ള ഹസ്തദാനം, വസ്ത്രധാരണ രീതിയിലെ വ്യത്യസ്തതകൾ എന്നിവയെല്ലാം ഇത്തരക്കാരുടെ സവിശേഷതകളാണ്. അർത്ഥം അറിയാതെയാണെങ്കിലും നമ്മുടെ കുഞ്ഞുങ്ങൾ ഒരു ഫാഷനായി ഇത്തരം കാര്യങ്ങൾ ചെയ്തു കാണാറുണ്ട്. നാം പൂജ്യമായി കരുതുന്ന വസ്തുക്കളെ കുട്ടികൾ വികലമായി അനുകരിക്കുന്നുണ്ടെങ്കിൽ അത് തടയാൻ മാതാപിതാക്കൾ ജാഗ്രത കാട്ടണമെന്ന് ബിഷപ്പ് ഓർമിപ്പിച്ചു.

സാത്താൻ ആരാധന പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുടെ ഒരു ഉപവിഭാഗമാണ് ഫ്രീമേസൺ ക്ലബ്ബുകൾ. ഏതാണ്ട് എല്ലാ നാടുകളിലും ഈ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു എന്നത് തിരിച്ചറിയേണ്ട യാഥാർത്ഥ്യമാണ്. ഈ ക്ലബ്ബുകളുടെ തുടക്കത്തിൽ ഇവയുടെ സാമൂഹികവും തത്വശാസ്ത്രപരവുമായ ആകർഷണവലയത്തിൽ സഭയുടെ വിവിധ തലങ്ങളിൽപ്പെട്ടവർ പോലും കുടുങ്ങിയിട്ടുണ്ട്.

എന്നാൽ, ക്രമേണ ഇവയുടെ പ്രവർത്തനങ്ങളെ പരിശോധിച്ച സഭാ നേതൃത്വം ഇവയിൽ നിന്ന് സൈദ്ധാന്തികമായും പ്രായോഗികമായും അകലുകയുണ്ടായി. 1884ൽ ലെയോ പതിമൂന്നാമൻ പാപ്പ ‘ഹുമാനും ജെനുസ്’ എന്ന ചാക്രിക ലേഖനത്തിൽ ഫ്രീമേസൺ ക്ലബ്ബുകളുടെ തത്വശാസ്ത്രവും ധാർമികതയും കത്തോലിക്കാ സഭയ്ക്ക് എതിരാണെന്ന് പഠിപ്പിച്ചു. 1892ൽ ഇറ്റാലിയൻ ജനതയ്ക്കു എഴുതിയ ഒരു കത്തിൽ അദ്ദേഹം നയം വ്യക്തമാക്കി: ‘കത്തോലിക്കാ വിശ്വാസവും ഫ്രീമേസൺ തത്വസംഹിതയും പരസ്പരം ചേർന്നു പോകുന്നതല്ല. അതിനാൽ ഒന്നിലെ അംഗത്വം മറ്റൊന്നിൽ നിന്നുള്ള അകൽച്ചയാണ്.’

പിന്നീട്, ഈ സംഘടനകൾ തങ്ങളുടെ ആകർഷകമായ പ്രവർത്തന ശൈലികൊണ്ട് (മാസോണിക് ലോഡ്ജുകൾ) കത്തോലിക്കാ സഭയ്ക്ക് എതിരല്ല, മറിച്ച് അനുകൂല സംഘടനകളാണെന്ന് സ്ഥാപിക്കാൻ കത്തോലിക്കാ സഭയിലെ പ്രമുഖരെത്തന്നെ കൂട്ടു പിടിക്കുകയുണ്ടായി. ഇത്തരം കൂട്ടുകെട്ടിനെ റോമിലെ വിശ്വാസതിരുസംഘം വളരെ ഗൗരവത്തോടെ വിലയിരുത്തുകയും അതിന്റെ ഫലമായി 1983 നവംബർ 26ന് മാസോണിക്ക് അസോസിയേഷനുകളെക്കുറിച്ച് ഔദ്യോഗികമായ പ്രസ്താവന (AAS76 (1984), 300) പുറപ്പെടുവിക്കുകയും ചെയ്തു. പിന്നീട് പാപ്പയായിത്തീർന്ന കർദിനാൾ ജോസഫ് റാറ്റ്‌സിംഗറാണ് ജോൺ പോൾ രണ്ടാമൻ പാപ്പയ്ക്കുവേണ്ടി ഈ പ്രസ്താവനയിൽ ഒപ്പുവച്ചത്.

വിശ്വാസതിരുസംഘത്തിന്റെ ഈ രേഖയിൽ അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം മാസോണിക്ക് സംഘടനകളും കത്തോലിക്കാ വിശ്വാസവും തമ്മിലുള്ള അപരിഹൃതമായ പൊരുത്തക്കേടുകളെ എടുത്തു പറഞ്ഞു കൊണ്ട് ഈ സംഘടനകളിൽ വിശ്വാസികൾ അംഗമാകുന്നത് നിരോധിക്കുകയും ഇത്തരം സംഘടനയിൽ അംഗങ്ങളായവർ പാപാവസ്ഥയിലാണ് (state of sin) ജീവിക്കുന്നതെന്നും അതിനാൽ വിശുദ്ധ കുർബാന സ്വീകരിക്കാൻ യോഗ്യതയില്ലെന്നും വ്യക്തമാക്കുന്നു.

ഇന്നും സഭയുടെ ഔദ്യോഗികമായ നിലപാട് ഇതുതന്നെയാണ് എന്നത് നാം അറിഞ്ഞിരിക്കണം. ഇത്തരം മാസോണിക്ക് ഗ്രൂപ്പുകൾക്കു വേണ്ടി തിരുവോസ്തി ദൈവാലയത്തിൽ നിന്ന് മോഷ്ടിക്കുകയും അങ്ങനെ ദൈവികസാന്നിധ്യത്തെ കളങ്കപ്പെടുത്തുകയും ചെയ്യുന്നവർക്ക് സഭയിൽ നിന്ന് പുറത്താക്കുന്ന മഹറോൻ ശിക്ഷയുൾപ്പെടെ നൽകണമെന്ന് സഭയുടെ നിയമം വ്യക്തമാക്കുന്നുണ്ട് (CCEO c. 1442, CIC c. 1367). മാസോണിക്ക് സംഘടനകളിൽ അംഗങ്ങളായിരിക്കുന്നവരും അവർക്കു വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നവരും സഭയുടെ നിലപാട് അറിഞ്ഞിരിക്കണമെന്നും ബിഷപ്പ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group