അരൂക്കുറ്റി സെന്റ് ജേക്കബ് ചാപ്പലില്‍ നടന്നത് ഗുരുതരമായ അതിക്രമം: കെസിബിസി

ക്രൈസ്തവര്‍ ഏറ്റവും പരിപാവനമായി കാണുന്ന വിശുദ്ധ കുര്‍ബ്ബാനയെ നിന്ദ്യമായ രീതിയില്‍ അവഹേളിക്കാനുള്ള ശ്രമമാണ് മാര്‍ച്ച് 28 രാത്രി കൊച്ചി രൂപതയുടെ അരൂക്കുറ്റി സെന്റ് ജേക്കബ് ചാപ്പലില്‍ നടന്നത്. സക്രാരിയില്‍ സൂക്ഷിച്ചിരുന്ന തിരുവോസ്തിയും അതുള്‍ക്കൊള്ളുന്ന പാത്രങ്ങളും അക്രമികള്‍ മോഷ്ടിച്ച ശേഷം ചതുപ്പില്‍ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. മതവികാരം വ്രണപ്പെടുത്താനുള്ള ആസൂത്രിതമായ ശ്രമമായേ ഈ പ്രവൃത്തിയെ കാണാനാകൂ. കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരമൊരു പ്രവൃത്തിയെ അതീവ ഗുരുതരമായി കാണേണ്ടതുണ്ട്. ഇത്തരം പ്രവണതകള്‍ തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതും, കര്‍ശനമായ നടപടികള്‍ ഉണ്ടാകേണ്ടതുമാണ്. ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊണ്ടുള്ള കേസന്വേഷണത്തിന് പോലീസ് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ദൗര്‍ഭാഗ്യകരമായ പ്രവൃത്തി ക്രൈസ്തവ സമൂഹത്തിന് വളരെ വലിയ വേദന സൃഷ്ടിച്ചിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കപ്പെടില്ലായെന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. കേരള കത്തോലിക്കാ സഭയുടെ പ്രതിഷേധവും വേദനയും അറിയിക്കുന്നതോടൊപ്പം, ഇത്തരം വിഷയങ്ങളില്‍ ഗൗരവപൂര്‍ണ്ണമായ ഇടപെടലുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുവെന്ന് കെസിബിസി പ്രസ്താവനയിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group