സാമൂഹികജാഗ്രത എന്നത് കൂട്ടുത്തരവാദിത്തം: കെസിബിസി

Avatar photo
ആധുനിക യുഗത്തിൽ നവമാധ്യമങ്ങളുടെ താളബോധത്തിൽ നിലകൊണ്ടീടുന്ന യുവത്വങ്ങളെ ക്രിസ്തുവിലേയ്ക്ക് ചേർത്തു നിർത്തുവാൻ ഒരു പുതിയ നവ മാധ്യമ വിപ്ലവം ഇവിടെ പിറവികൊള്ളുന്നു.

മതപരവും സാമൂഹികവും സാംസ്കാരികവുമായ വ്യത്യസ്തതകളെ സമാദരിക്കുന്ന കേരള സമൂഹത്തിൻറെ ഔന്നത്യമാർന്ന അനന്യത കൈമോശപ്പെടുന്നതായുള്ള സമകാലിക സംഭവങ്ങളെ നാം ഗൗരവമായി വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. ‘നമ്മുടെ കൂട്ടത്തിലില്ലാത്തവർ നമ്മുടെ എതിരാളികളാണ്’ എന്ന രീതിയിൽ വ്യക്തികളെയും സമൂഹങ്ങളെയും അനാരോഗ്യകരമായി വേർതിരിക്കുന്ന പ്രവണത വർദ്ധിച്ചു വരുന്നു. രാഷ്ട്രീയമായ ലക്ഷ്യസാക്ഷാത്കാരങ്ങൾക്ക് മതവും, മതപരമായ ലക്ഷ്യങ്ങൾക്ക് രാഷ്ട്രീയവും പ്രധാന ഉപാധിയായി മാറിയതിൻറെ അനന്തരഫലമായിക്കൂടി ഈ അപചയത്തെ വിലയിരുത്താവുന്നതാണ്. മദ്ധ്യകാലഘട്ടത്തിൻറെ ഇരുണ്ട ചരിത്രങ്ങൾ കാലാനുസൃതം ആവർത്തിക്കണമെന്ന ചിന്തകൾക്ക് പ്രചുര പ്രചാരം ലഭിക്കുമ്പോൾ ഉൾച്ചേർക്കലുകൾക്കപ്പുറം വേർപ്പെടുത്തലുകളുടെയും ഒഴിവാക്കലുകളുടെയും അപകടകരമായ ശൈലി സമൂഹത്തിൽ വളർന്നു തുടങ്ങി എന്നുതന്നെ വേണം അനുമാനിക്കാൻ.

പരസ്പരം ഒരുമിപ്പിക്കുന്ന പാലങ്ങൾക്കപ്പുറം വേർതിരിക്കുന്ന മതിലുകൾ സ്വപ്നം കാണുന്ന വിഘടനവാദം ഇവിടെ ശക്തി പ്രാപിക്കുന്നു എന്ന വസ്തുത നാം അംഗീകരിച്ചേ മതിയാകൂ. ഇത്തരം വിഘടന ശ്രമങ്ങൾ സംഘപരിവാർ അജണ്ടയാണ് എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് കേൾക്കുകയുണ്ടായി. ഹിന്ദുത്വവാദികളുടെ പോർവിളികളിൽ ‘ക്രിസ്ത്യാനിക്ക് വത്തിക്കാനും മുസ്ലീമിന് പാക്കിസ്ഥാനും ഹിന്ദുവിന് ഭാരതവും’ എന്ന മുദ്രാവാക്യം മുഴങ്ങി കേട്ടിട്ടുണ്ട്. അതുകൊണ്ട് ഭാരത മണ്ണിലെ വിഘടനവാദികൾ എന്നും എക്കാലവും സംഘപരിവാർ സംഘടനകൾ ആയിരിക്കും, ആയിരിക്കണം എന്നൊക്കെ അസന്ദിഗ്ധമായി പ്രഖ്യാപിക്കാൻ ആർക്കാണ് സാധിക്കുന്നത്? മാത്രവുമല്ല, ചില പദങ്ങൾ അവയുടെ മൂലാർത്ഥവും വ്യാകരണവും ഉപയോഗിച്ച് വിശദീകരിച്ചാൽ, പൊതുസമൂഹത്തിൻറെ ആശങ്കകളും ചർച്ചകളും പ്രതിരോധിക്കാനും അവസാനിപ്പിക്കാനും സാധിക്കും എന്ന് കരുതുന്നതും മൗഢ്യമാണ്. മുസ്ലീം സമുദായത്തിൽപ്പെട്ട ചിലരിൽ, ഏതാനും തീവ്രസംഘടനകളുടെ പ്രവർത്തനഫലമായി വളർന്നുവരുന്ന തീവ്രസമീപനരീതികൾക്കെതിരായി ഡീറാഡിക്കലൈസേഷൻ പ്രക്രിയകൾ ഊർജിതമായി നടന്നു വരുന്നു എന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ കേരളസമൂഹം ഞെട്ടലോടെ ശ്രവിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും.

ഇത്തരം റാഡിക്കൽ സംഘടനകളുടെ പ്രവർത്തനങ്ങളിലൂടെ കേരള സമൂഹത്തിൽ ഉണ്ടായിട്ടുള്ള, ഉണ്ടാകാനിടയുള്ള വർഗീയ വിഘടനശ്രമങ്ങളെ നിസ്സാരവത്കരിക്കാനും, തമസ്കരിക്കാനും ഭരണാധികാരികളും, വിവിധ രാഷ്ട്രീയകക്ഷികളും, മാധ്യമങ്ങളും നടത്തുന്ന കുത്സിത ശ്രമങ്ങൾ തന്നെയാണ് പൊതുസമൂഹത്തെ ഇത്രയേറെ ആശങ്കാകുലരാക്കുന്നത്. ഈ നാടിൻറെ സമഗ്രമായ പുരോഗതിക്കുവേണ്ടി നിസ്തുലമായ സംഭാവനകൾ നൽകുകയും ഐക്യത്തോടും സഹവർത്തിത്വത്തോടും കൂടി പൊതുസമൂഹത്തെ പണിതുയർത്തുകയും ചെയ്തുവരുന്ന മുസ്ലീം സമുദായത്തെ വരുതിയിലാക്കാൻ ശ്രമിക്കുന്ന തീവ്ര സ്വഭാവമുള്ള സംഘടനകൾ, അവയുടെ സ്വാധീനങ്ങൾ, വിധ്വംസക പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം വിശദമായി അന്വേഷിക്കാനും നിയമാനുസൃത നടപടികൾ എടുക്കാനും, തുറന്ന സംവാദങ്ങൾക്ക് വേദിയൊരുക്കി ആശങ്കകളെ ദുരീകരിക്കാനും അധികാരികൾ തയ്യാറാകേണ്ടതുണ്ട്.

ചുരുക്കത്തിൽ, മതപരമോ, രാഷ്ട്രീയമോ, സാമ്പത്തികമോ ആയ നേട്ടങ്ങൾക്കുവേണ്ടിയോ, മറ്റേതെങ്കിലും ലക്ഷ്യ സാക്ഷാത്കാരത്തിനുവേണ്ടിയോ പൊതുസമൂഹത്തിൽ വേർതിരിവുകൾ സൃഷ്ടിക്കുന്നതും, വ്യത്യസ്ത വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ ഉളവാക്കുന്നതും ഗൗരവമായി എതിർക്കപ്പെടേണ്ടതും, നിയമപരമായ നടപടികൾക്ക് വിധേയമാക്കപ്പെടേണ്ടതുമാണ്. മതപരമായ വിശ്വാസത്തെയോ, ആചാരത്തെയോ മറ്റോ അടിസ്ഥാനപ്പെടുത്തി ഈ നാടിൻറെ ബഹുസ്വരതക്കെതിരായ ഏത് നിലപാടിനെയും പരസ്യമായിതന്നെ തള്ളിപ്പറയാനും തള്ളികളയാനും സമുദായ നേതാക്കന്മാർ, അത് ക്രിസ്ത്യാനിയോ ഹിന്ദുവോ, മുസ്ലീമോ മറ്റ് ഏതു മത വിശ്വാസത്തിൽ പെട്ടവരുമായിരിക്കട്ടെ, നിതാന്ത ജാഗ്രത പുലർത്തേണ്ടതുണ്ട്.

ഒപ്പം നമ്മുടെ പൊതുസമൂഹത്തിൽ വർദ്ധിച്ചുവരുന്ന സാമൂഹിക തിന്മകളെ സംഘടിതമായി പ്രതിരോധിക്കാനും നമ്മുക്ക് കഴിയേണ്ടതുണ്ട്.
ലഹരി വസ്തുക്കളുടെ വർദ്ധിച്ചുവരുന്ന വില്പനയും ഉപയോഗവും ഇത്തരം സാമൂഹിക തിന്മകളുടെ ഉറവിടങ്ങളിൽ പ്രധാനമാണ്. സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യവും മറ്റും ആഹ്വാനം ചെയ്തുകൊണ്ട് ക്യാമ്പസുകൾ കേന്ദ്രമാക്കി ചില ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ നടത്തിവരുന്ന ‘ലൈംഗിക വിപ്ലവ ക്യാമ്പുകൾ’ ഈ നാടിൻറെ സംസ്കാരത്തിനും മൂല്യവ്യവസ്ഥിതിക്കും വിരുദ്ധമാണ്.

സ്വതന്ത്രമെന്നാൽ ധാർമികജീവിതത്തിൻറെ തിരസ്കരണമാണെന്നും, വൈകാരിക വാസനകളോടുള്ള അനിയന്ത്രിത പ്രതികരണമാണെന്നുമുള്ള ഹെഡോനിസ്റ്റിക്ക് ചിന്താധാരകളെ സാമാന്യവത്കരിക്കാനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണ്. കുലീനമായ സാംസ്കാരവും ഉന്നത ധാർമിക നിലപാടുകളും വളർത്തി പൊതുസമൂഹത്തിൽ ക്രിയാത്മകമായി പ്രവർത്തനനിരതമാകുന്നതിന് പകരം ദർശനങ്ങൾക്ക് വൈകല്യം ബാധിച്ച ഒരു സമൂഹത്തെ, വിശിഷ്യാ യുവതലമുറയെ, രൂപപ്പെടുത്തുന്ന നിലപാടുകൾ സ്വീകരിക്കുന്ന ഏതൊരു പ്രസ്ഥാനത്തിൻറെയും പ്രവർത്തന രീതികളും ഗൂഢലക്ഷ്യങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

കേന്ദ്ര സംസ്ഥാന സർക്കാർ സംവിധാനങ്ങളോടും, എല്ലാ സമുദായ മത സാമൂഹിക നേതൃത്വങ്ങളോടും ചേർന്നുനിന്ന്, സമൂഹത്തിൽ പ്രതിസന്ധികൾക്ക് യുക്തവും പ്രായോഗികവുമായ പരിഹാരം തേടാനും അതിനായി മുന്നിട്ടിറങ്ങാനും കേരളകത്തോലിക്കാ സഭ പ്രതിജ്ഞാബദ്ധമാണ്. എക്കാലത്തെയും പോലെ ഇത്തരം രംഗങ്ങളിലുള്ള സഭയുടെ ക്രിയാത്മകമായ ഇടപെടലുകൾ തുടരുകതന്നെ ചെയ്യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group