റഷ്യക്കെതിരെ യുക്രൈൻ ഉയര്‍ത്തുന്ന പ്രതിരോധത്തിന് കാരണം ശക്തമായ ദൈവിക ഇടപെടൽ!

ആയുധശേഷിയുടെയും, സൈനീക ബലത്തിന്റേയും കാര്യത്തില്‍ ഒരുപാട് മുന്നില്‍ നില്‍ക്കുന്ന റഷ്യക്കെതിരെ ചെറു രാഷ്ട്രമായ യുക്രൈനിലെ സൈന്യവും ജനതയും ഉയര്‍ത്തുന്ന ശക്തമായ പ്രതിരോധം ദൈവത്തിന്റെ ഇടപെടല്‍ കൊണ്ടാണെന്ന വെളിപ്പെടുത്തലുമായി സി.ബി.എന്‍ യുക്രൈന്‍ ഡയറക്ടര്‍ കോസ്റ്റ്യന്റൈന്‍ ലിറ്റ്വിനെന്‍കോ.സി.ബി.എന്‍ ന്യൂസിന്റെ ‘ദി ഗ്ലോബല്‍ ലൈന്‍’ എന്ന പരിപാടിയുടെ ഈ ആഴ്ചത്തെ എപ്പിസോഡിലൂടെയാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

യുക്രൈന്‍ സൈന്യത്തില്‍ സേവനം ചെയ്യുന്ന തന്റെ മകന്റെ സാക്ഷ്യം ഒരു വ്യക്തി തന്നോട് പറഞ്ഞതായി ലിറ്റ്വിനെന്‍കോ പറയുന്നു. ഒരു രാത്രിയില്‍ അദ്ദേഹത്തിന്റെ മകന്‍ ഉള്‍പ്പെടെയുള്ള യുക്രൈന്‍ സൈനീകര്‍ക്ക് നേര്‍ക്ക് റഷ്യന്‍ ഫെഡറേഷന്‍ ടാങ്കുകളും, കവചിത വാഹനങ്ങളും അടങ്ങുന്ന സൈനീക വ്യൂഹം എത്തി. രക്ഷപ്പെടില്ലെന്ന് ഉറപ്പായ മകന്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പിതാവിനോട് ഫോണിലൂടെ ആവശ്യപ്പെട്ടു.

പിതാവ് മറ്റ് വിശ്വാസികളേയും വിളിച്ചുകൂട്ടി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. കുറേ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ താന്‍ നേരിട്ടു കണ്ട ഒരു അത്ഭുതത്തെക്കുറിച്ച് പിതാവിനെ വിളിച്ച് വിവരിച്ചു. ബഹിരാകാശ വാഹനത്തില്‍ നിന്നും എന്നപോലെ ഒരു ശക്തമായ ഒരു പ്രകാശം റഷ്യന്‍ ടാങ്ക് വ്യൂഹത്തിന് മേല്‍ പതിക്കുന്നതും, തീപ്പൊരികള്‍ നാലുപാടും ചിതറുന്നതും താന്‍ കണ്ടുവെന്ന്‍ മകന്‍ പറഞ്ഞതായാണ് ആ പിതാവ് ലിറ്റ്വിനെന്‍കോയോട് പറഞ്ഞത്. പിറ്റേദിവസം രാവിലെ റഷ്യന്‍ ടാങ്ക് വ്യൂഹം തകര്‍ന്ന്‍ തരിപ്പണമായി കിടക്കുന്നതാണ് കണ്ടത്. തങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ആയുധമാണിതെന്നും, ഇത് ദൈവത്തിന്റെ ഇടപെടല്‍ തന്നെയാണെന്നും ഇതിന് സാക്ഷ്യം വഹിച്ച സൈനീകര്‍ പറഞ്ഞെന്നും ലിറ്റ്വിനെന്‍കോ ആ പിതാവിനെ ഉദ്ധരിച്ച് പറയുന്നു.

ദൈവീക ഇടപെടല്‍ കാരണം ആശയകുഴപ്പത്തിലായ റഷ്യന്‍ സൈന്യം പരസ്പരം പോരാടിയ സംഭവവും ലിറ്റ്വിനെന്‍കോ പങ്കുവെച്ചു. ഒരു സുഹൃത്താണ് ഇക്കാര്യം ലിറ്റ്വിനെന്‍കോയോട് പറഞ്ഞത്. യുക്രൈനിലെ ഒരു ചെറു പട്ടണം പിടിച്ചടക്കി യുക്രൈന്‍ പതാകകള്‍ നീക്കം ചെയ്ത ശേഷം അവിടെ നിന്നും നീങ്ങിയ റഷ്യന്‍ സൈന്യം മറ്റൊരു റഷ്യന്‍ ടാങ്ക് വ്യൂഹത്തെ കണ്ടു ശത്രുവാണെന്ന് തെറ്റിദ്ധരിച്ച് ഇരു വ്യൂഹവും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇതും ദൈവീക ഇടപെടലാണെന്ന് വിശ്വസിക്കുന്നവര്‍ ധാരാളം. ഇതുപോലെ നിരവധി സാക്ഷ്യങ്ങള്‍ കേള്‍ക്കുവാനുണ്ടെന്ന്‍ പറഞ്ഞ ലിറ്റ്വിനെന്‍കോ ഈ സാക്ഷ്യങ്ങളെല്ലാം ബൈബിളില്‍ പറഞ്ഞിരിക്കുന്ന സമാന സംഭവങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group