പ്രോലൈഫ് തൊപ്പി ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കിയ സംഭവം : യു‌ എസ് മ്യൂസിയം ക്ഷമാപണം നടത്തി

പ്രോലൈഫ് സന്ദേശമെഴുതിയ തൊപ്പികള്‍ ധരിച്ചതിന്റെ പേരില്‍ ഒരു സംഘം കത്തോലിക്കാ വിദ്യാര്‍ത്ഥികളെ ‘വാഷിംഗ്‌ടണ്‍ ഡിസി’യിലെ സ്മിത്ത്സോണിയന്‍’സ് നാഷണല്‍ എയര്‍ ആന്‍ഡ്‌ സ്പേസ് മ്യൂസിയത്തില്‍ നിന്നും പുറത്താക്കിയത് വിവാദമായ പശ്ചാത്തലത്തിൽ ക്ഷമാപണം നടത്തി യു‌എസ് മ്യൂസിയം അധികാരികൾ.

ഇക്കഴിഞ്ഞ ജനുവരി 20ന് വാഷിംഗ്‌ടണ്‍ ഡിസിയില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ പങ്കെടുത്ത ശേഷം മ്യൂസിയം കാണുവാന്‍ എത്തിയ തെക്കന്‍ കരോളിനയിലെ ഗ്രീന്‍വില്ലെയിലെ ഔര്‍ ലേഡി ഓഫ് റോസറി സ്കൂളില്‍ പഠിക്കുന്ന ആറംഗ കത്തോലിക്കാ വിദ്യാര്‍ത്ഥി സംഘത്തെയാണ് മ്യൂസിയത്തില്‍ നിന്നും പുറത്താക്കിയത്. മ്യൂസിയത്തില്‍ ചുറ്റിസഞ്ചരിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥികളെ സമീപിച്ച സുരക്ഷ ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് പ്രോലൈഫ് സന്ദേശമെഴുതിയ തൊപ്പി മാറ്റുവാന്‍ ആവശ്യപ്പെടുകയായിരുന്നു. മ്യൂസിയം ഒരു നിഷ്‌പക്ഷ മേഖലയാണെന്നും പറഞ്ഞു കൊണ്ട് മ്യൂസിയം സ്റ്റാഫ് വിദ്യാര്‍ത്ഥികളെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുകയായിരുന്നുവെന്നു ക്രിസ്ത്യന്‍ നിയമ സംഘടനയായ ദി അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ & ജസ്റ്റിസ് (എ.സി.എല്‍.ജെ) പറഞ്ഞു.

വിവേചനപരമായ ഈ സംഭവം നടന്ന മ്യൂസിയത്തിനെതിരെ സാധ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന്‍ അറിയിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദൗര്‍ഭാഗ്യകരമായ ഈ സംഭവം തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായ ഒരു തെറ്റാണെന്ന്‍ സമ്മതിച്ചു കൊണ്ട് മ്യൂസിയം വക്താവ് ക്ഷമാപണം നടത്തുകയായിരുന്നു. മ്യൂസിയത്തില്‍ പ്രോലൈഫ് തൊപ്പികള്‍ അനുവദനീയമല്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞത് തെറ്റാണെന്ന് മ്യൂസിയം വക്താവ് വ്യക്തമാക്കി. സന്ദർശകരോട് അവരുടെ തൊപ്പികളും വസ്ത്രങ്ങളും നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നത് നയത്തിനോ, മാനദണ്ഡങ്ങള്‍ക്കോ നിരക്കുന്നതല്ലെന്നും ഇത്തരത്തിലുള്ള പിഴവുകൾ ആവർത്തിക്കാതിരിക്കാൻ തങ്ങള്‍ ശ്രമിക്കുമെന്നും മ്യൂസിയം വക്താവ് ഉറപ്പ് നല്‍കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group