കേരളത്തിലെ ജീവനൊടുക്കുന്നവരുടെ നിരക്ക് കൂട്ടുന്നത് തകർന്ന കുടുംബ ബന്ധങ്ങളെന്ന് പഠനം

കേരളത്തിലെ ആളുകള്‍ ജീവനൊടുക്കുന്ന നിരക്ക് വർധിക്കുന്നതിലെ പ്രധാന കാരണം തകര്‍ന്ന കുടുംബബന്ധങ്ങളെന്ന് പഠനം. 26 വര്‍ഷത്തെ കണക്കുകള്‍ അപഗ്രഥിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

1996-2021 വരെയുള്ള കാലയളവില്‍ കേരളത്തില്‍ 2,28,566 പേരാണ് ജീവനൊടുക്കിയത്. അതില്‍ 34 ശതമാനവും കുടുംബ പ്രശ്‌നങ്ങളാണ് കാരണം. 26 ശതമാനമാകട്ടെ ആരോഗ്യപ്രശ്‌നങ്ങളുമാണ് പഠനം ചൂണ്ടിക്കാട്ടുന്നു. റിസേര്‍ച്ച്‌ അസിസ്റ്റന്റായ ഷിബു ബി ടിയും സംസ്ഥാന ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ സ്റ്റിറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റായ ബ്രിജേഷ് സി ജെയുമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. സ്റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

”കേരളത്തില്‍ ആളുകള്‍ ജീവനൊടുക്കുന്നതില്‍ വ്യക്തിബന്ധങ്ങളും ആരോഗ്യപ്രശ്‌നങ്ങളും വഹിക്കുന്ന നിര്‍ണായക പങ്കിലേക്കാണ് ഈ കണ്ടെത്തലുകള്‍ അടിവരയിടുന്നത്. കേരളത്തിലെ ജീവനൊടുക്കുന്ന പ്രവണതയെ ഫലപ്രദമായി ചെറുക്കുന്നതിനും മാനസിക ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഇടപെടലുകള്‍ നടത്തേണ്ടതിന്റെയും പിന്തുണ ഉറപ്പുവരുത്തേണ്ടതിന്റെയും മൂലകാരണങ്ങളിലേക്കാണ് കണ്ടെത്തലുകള്‍ ചൂണ്ടിക്കാട്ടുന്നത്,” റിപ്പോര്‍ട്ട് പറയുന്നു.

26 വര്‍ഷത്തിനിടെ 2.28 ലക്ഷം പേര്‍ ജീവനൊടുക്കിയതില്‍ 73.7 ശതമാനം പേരും പുരുഷന്മാരാണ്. അതേസമയം, സമാനകാലളവില്‍ 26.3 ശതമാനം സ്ത്രീകളും ജീവനൊടുക്കി. സ്ത്രീകളേക്കാള്‍ മികച്ച മാനസികാരോഗ്യം പുരുഷന്മാര്‍ക്കാണ് എന്നതാണ് ഭൂരിഭാഗം പേരുടെയും ധാരണ. എന്നാല്‍, കണക്കുകള്‍ മറ്റൊന്നിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്ബോള്‍ സ്ത്രീകള്‍ ജീവനൊടുക്കുന്നത് കുറവാണ്. പ്രണയബന്ധത്തിലെ പ്രശ്‌നങ്ങള്‍ കാരണം ജീവനൊടുക്കുന്ന പുരുഷന്മാരുടെ എണ്ണം സ്ത്രീകളേക്കാള്‍ കൂടുതലാണ്. വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മൂലവും പരീക്ഷയിലെ പരാജയം മൂലവും ജീവനൊടുക്കുന്നതില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ മുന്നിലാണെന്ന് പഠനം പറയുന്നു.

30 വയസ്സിനും 44 വയസ്സിനും ഇടയില്‍ പ്രായമുള്ളവരും 45 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ളവരുമാണ് കൂടുതലായി ജീവനൊടുക്കുന്നത്. പുരുഷന്മാരില്‍ 45 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് കൂടുതലായി ജീവനൊടുക്കുന്നത്. അതേസമയം, സ്ത്രീകളില്‍ 15-നും 29നും ഇടയില്‍ പ്രായമുള്ളവരാണ് കൂടുതലായി ജീവനൊടുക്കുന്ന പ്രവണത കാണിക്കുന്നത്. 59 വയസ്സുവരെ പ്രായമുള്ള പുരുഷന്മാരില്‍ ജീവനൊടുക്കാനുള്ള പ്രധാന കാരണം കുടുംബപ്രശ്‌നങ്ങളാണ്. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാകട്ടെ ആരോഗ്യപ്രശ്‌നങ്ങളുമാണ്. 44 വയസ്സുവരെ പ്രായമുള്ള സ്ത്രീകളില്‍ ജീവനൊടുക്കാനുള്ള പ്രധാന കാരണം കുടുംബപ്രശ്‌നങ്ങളും 45 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ രോഗങ്ങളുമാണെന്ന് പഠനം വ്യക്തമാക്കി.

26 വര്‍ഷത്തിനിടയില്‍ 2002ലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കേരളത്തില്‍ ജീവനൊടുക്കിയത്(9810), ഏറ്റവും കുറവ് 2015ലുമാണ്(7692). ബാങ്ക് നടപടിയും കടബാധ്യതയും മൂലം ജീവനൊടുക്കുന്നവരുടെ എണ്ണം വർഷം തോറും കുറഞ്ഞു വരികയാണ്. അതേസമയം, മയക്കുമരുന്ന് ദുരുപയോഗം മൂലം ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം വര്‍ധിക്കുന്നതായും പഠനം കൂട്ടിച്ചേര്‍ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m