പരിഹാരമില്ലാതെ തുടരുന്ന അതിജീവന പ്രശ്നങ്ങൾ

കേരളത്തിലെ സാധാരണക്കാരായ രണ്ടു പ്രധാന വിഭാഗങ്ങൾ കടുത്ത വെല്ലുവിളികൾ നേരിടുകയാണ്. തീരദേശവാസികളും കർഷകരുമാണ് ആ രണ്ടു വിഭാഗങ്ങൾ. ഇരുകൂട്ടരുടെയും പ്രശ്നങ്ങൾ ഒരു സുപ്രഭാതത്തിൽ ഉടലെടുത്തതല്ല, മറിച്ച്, പതിറ്റാണ്ടുകളുടെ ചരിത്രമുള്ളവയാണ്. ഒറ്റപ്പെട്ടതും, ചെറിയ രീതിയിലുള്ളതുമായ പല ശ്രമങ്ങൾ പലപ്പോഴായി നടത്തിയെങ്കിലും ഭരണകൂടത്തിന്റെ ശ്രദ്ധ നേടിയെടുക്കാനോ, ഇടപെടലുകൾ നടത്താനോ കഴിയാതെ വരികയും കാലം കഴിയുംതോറും പ്രതിസന്ധികൾ രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിൽ ഇരുകൂട്ടരും പ്രത്യക്ഷ സമര രംഗത്തേയ്ക്ക് സംഘടിതമായി ഇറങ്ങിയിരിക്കുകയാണ്.

വിഴിഞ്ഞത്തെ പ്രതിസന്ധികൾ

വളരെ രൂക്ഷമായ തീരശോഷണത്തിന് കേരളത്തിലെ തീരപ്രദേശങ്ങൾ വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന പഠനറിപ്പോർട്ടുകൾ പലതുണ്ട്. നാഷണൽ സെന്റർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജ്മെൻറ് തങ്ങളുടെ പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത് കേരളത്തിലെ 63% തീരവും തീരശോഷണത്തിന് വിധേയമാണ് എന്നാണ്. ആ പ്രദേശവാസികളെല്ലാം കാലങ്ങളായി കടുത്ത ദുരിതത്തിൽ അകപ്പെട്ടിരിക്കുന്നു. ഓരോ വർഷം കഴിയുംതോറും കൂടുതൽ പേർക്ക് കിടപ്പാടവും തൊഴിലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇത് കേരളത്തിന്റെ പൊതുവായ സാഹചര്യമാണെങ്കിൽ, വിഴിഞ്ഞം മുതൽ തെക്കോട്ടുള്ള തീരപ്രദേശത്ത് കൂടുതൽ അപകടകരമായ സാഹചര്യമാണുള്ളത്. 2015ൽ വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പുമായി കരാറിൽ എത്തുകയും അതിനുശേഷം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തതോടെ തീരദേശത്ത് കടലാക്രമണവും, കടൽ കയറ്റവും പതിന്മടങ്ങായി വർദ്ധിക്കുകയും നൂറുകണക്കിന് കുടുംബങ്ങൾ ഭവനരഹിതരാവുകയും ചെയ്തു. തുറമുഖ നിർമ്മാണം മൽസ്യ ലഭ്യതയെയും വളരെ ദോഷകരമായി ബാധിച്ചിരിക്കുന്നതിനാൽ, ഒരേസമയം സ്വത്തും സമ്പാദ്യവും കിടപ്പാടവും നഷ്ടപ്പെടുകയും ഒപ്പം തൊഴിലും വരുമാനവും ഇല്ലാതാവുകയും ചെയ്തിരിക്കുന്ന സാഹചര്യമാണ് പതിനായിരക്കണക്കിന് തീരദേശവാസികൾക്ക് ഉള്ളത്.

മുൻകൂട്ടി പ്രവചിക്കപ്പെട്ടിരുന്നത് മാത്രമാണ് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തോടനുബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്നത്. വിജയകരമായി പദ്ധതി നടപ്പാക്കാൻ കഴിയുമെന്ന വിലയിരുത്തലുകളായിരുന്നില്ല പദ്ധതിയുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തിയ ഏജൻസികൾക്ക് പ്രാരംഭം മുതലുണ്ടായിരുന്നത്. ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (IFC), AECOM, ഏണസ്റ്റ് ആൻഡ് യംഗ് തുടങ്ങിയ ഏജൻസികൾക്ക് പുറമെ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലും (CAG) 2010 മുതൽ 2015 വരെ പദ്ധതിയുടെ പ്രയോഗികതയിൽ വ്യക്തമായ എതിർപ്പ് പ്രകടിപ്പിക്കുകയും മുന്നറിയിപ്പുകൾ നൽകുകയും ഉണ്ടായിട്ടുണ്ട്.

അത്തരം തടസങ്ങളെയെല്ലാം മറികടന്ന് പദ്ധതിയുമായി മുന്നോട്ടുപോയ സർക്കാരുകളും, അദാനി ഗ്രൂപ്പും കേരളത്തെ വലിയൊരു പ്രതിസന്ധിയുടെ മുനമ്പിലേയ്ക്ക് എത്തിക്കുകയായിരുന്നു. പദ്ധതി തുടങ്ങി ആദ്യവർഷം മുതൽ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കണ്ടുതുടങ്ങി. പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിഹാരം കണ്ടെത്താനും, ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാനും സർക്കാർ ഇന്നോളവും തയ്യാറായിട്ടില്ല. മുൻകാല വാഗ്ദാനങ്ങൾ ഒരിക്കലും നടപ്പായിട്ടില്ലാത്ത ചരിത്രമാണ് വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ളത്. പാർപ്പിടം മുതൽ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കപ്പെട്ടിരുന്ന സഹായവാഗ്ദാനങ്ങൾവരെ പാലിക്കപ്പെടാതെ അവശേഷിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് വിഴിഞ്ഞത്തെ തീരദേശവാസികൾ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരമുഖത്തിലേയ്ക്ക് ഇറങ്ങിയിരിക്കുന്നത്. ഈ അതിജീവന സമരത്തിൽ അവരെ പിന്തുണയ്ക്കാനും, അവരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഒപ്പം ചേരാനുമുള്ള ധാർമ്മിക ചുമതല ഓരോ മലയാളിക്കുമുണ്ട്.

സംരക്ഷിത വനമേഖലകൾക്ക് ചുറ്റും ബഫർസോൺ

നീലഗിരി ബയോസ്ഫിയറുമായി ബന്ധപ്പെട്ട് ഗോദവർമ്മൻ തിരുമുൽപ്പാട് നൽകിയ കേസിൽ 1995ൽ വന്ന ആദ്യ വിധിയെ തുടർന്നുള്ള സംഭവപരമ്പരകളാണ് ഇപ്പോൾ കേരളത്തിലെ വലിയൊരു വിഭാഗം കർഷക ജനതയ്ക്ക് ഭീഷണിയായി എത്തിനിൽക്കുന്നത്. പരിസ്ഥിതി ദുർബ്ബലമേഖലകളിൽ പ്രത്യേക നിയന്ത്രണങ്ങൾ ആവശ്യമുണ്ട് എന്ന സുപ്രീംകോടതി വിലയിരുത്തലാണ് അടിസ്ഥാനം. സമാനമായ എല്ലാകേസുകളും 1995ന് ശേഷം ആദ്യകേസിന് അനുബന്ധമായാണ് കോടതി പരിഗണിച്ചുവരുന്നത്. ഈ വിഷയത്തെക്കുറിച്ച് പഠിച്ച് നിയന്ത്രണങ്ങൾ ആവശ്യമായ സ്ഥലങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നിശ്ചയിക്കാൻ സുപ്രീംകോടതി നിർദ്ദേശപ്രകാരം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രൂപംനൽകിയ സെൻട്രൽ എംപവേർഡ് കമ്മിറ്റി 2013ൽ കരട് മാർഗ്ഗരേഖ പ്രസിദ്ധീകരിക്കുകയുണ്ടായിരുന്നു. തുടർന്ന് സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങളും പ്രതികരണങ്ങളും അറിയിക്കാൻ ആവശ്യപ്പെടുകയുണ്ടായെങ്കിലും കേരളത്തിൽനിന്ന് അതിനുള്ള നീക്കങ്ങളൊന്നും ഉണ്ടായില്ല.

ഇപ്പോൾ വർഷങ്ങൾക്ക് ശേഷം, സംരക്ഷിത ഭൂപ്രദേശങ്ങളായി വർഗ്ഗീകരിക്കപ്പെട്ടിട്ടുള്ള പരിസ്ഥിതി ദുർബ്ബല മേഖലകൾക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ ആവശ്യമാണ് എന്ന് 2022 ജൂൺ മാസം സുപ്രീംകോടതി വിധിച്ചിരിക്കുന്നത് കേരളത്തിന്റെ പശ്ചാത്തലത്തിൽ അത്യന്തം ദോഷകരമാണ്. മാറിവന്ന സർക്കാരുകൾ ഈ വിഷയത്തിൽ പുലർത്തിവന്ന തികഞ്ഞ അനാസ്ഥയാണ് ലക്ഷക്കണക്കിന് പേരെ കടുത്ത ആശങ്കയിലേയ്ക്ക് തള്ളിവിട്ടിരിക്കുന്നത്. 18 വന്യജീവി സംരക്ഷണകേന്ദ്രങ്ങളും 5 ദേശീയ ഉദ്യാനങ്ങളുമായി 23 സംരക്ഷിത വനമേഖലകളാണ് കേരളത്തിലുള്ളത്. ഇവയുടെ സമീപപ്രദേശങ്ങളിലായി കൃഷി ചെയ്ത് ജീവിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുണ്ട്. പുതിയ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നടപ്പിലാകുന്ന പക്ഷം, ഒരു അപ്രഖ്യാപിത കുടിയിറക്കാണ് സംഭവിക്കുക.

അത്തരത്തിൽ കടുത്ത പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന ഒരു വലിയ ജനസമൂഹത്തിന്റെ ആശങ്കകളെ ഏറ്റെടുത്തുകൊണ്ട് കേരളകത്തോലിക്കാ മെത്രാൻസമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ അറുപതിൽപ്പരം കർഷകസംഘടനകളെ ഒരു കുടക്കീഴിൽ ഒരുമിപ്പിച്ചുകൊണ്ട് വിവിധ പ്രവർത്തനപദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. മേഖലാതലങ്ങളിൽ മുതൽ കർഷകരെയും പ്രദേശവാസികളെയും സംഘടിപ്പിച്ചുകൊണ്ടുള്ള അതിജീവനസമര പരിപാടികളാണ് സംഘാടകസമിതി വിഭാവനം ചെയ്യുന്നത്.

അനീതി പ്രവർത്തിക്കുന്ന ഭരണകൂടങ്ങൾ

സംരക്ഷിത വനമേഖലകളും, തീരദേശവും സംബന്ധിക്കുന്ന പ്രതിസന്ധികളുടെ പൊതുവായ ഒരു വസ്തുത രണ്ടും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടതാണ് എന്നുള്ളതാണ്. ഒരുവശത്ത് പതിറ്റാണ്ടുകളായി പരിസ്ഥിതിയോട് ചേർന്ന് ജീവിക്കുന്ന സാധാരണക്കാരായ കർഷകർ പരിസ്ഥിതി വിരോധികളായ ചിത്രീകരിക്കപ്പെടുമ്പോൾ, തീരദേശ വിഷയത്തിൽ കടുത്ത പാരിസ്ഥിതിക ആഘാതവും തന്മൂലമുണ്ടാകുന്ന പ്രതിസന്ധികളും പൊതുജനശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്ന് അതിജീവനസമരം നടത്തുന്നവർ വികസന വിരോധികളായി ചിത്രീകരിക്കപ്പെടുകയാണ്. ജനങ്ങളോടും പരിസ്ഥിതിയോടും ആത്മാർത്ഥത പുലർത്താത്ത സമീപനമാണ് സർക്കാരുകൾ സ്വീകരിക്കുന്നത് എന്നുള്ളതാണ് അടിസ്ഥാനപരമായ വസ്തുത. പരിസ്ഥിതി സംരക്ഷണം സർക്കാരുകളുടെയും ജനങ്ങളുടെയും കൂട്ടുത്തരവാദിത്തമാണ്. ജനങ്ങളെ പുറത്താക്കി പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന ആശയം പരിസ്ഥിതി മൗലികവാദമാണ്. അതോടൊപ്പം, വികസനം ജനങ്ങളെ ഇല്ലാതാക്കിക്കൊണ്ടായാലും നടക്കണമെന്ന ചിന്തയും അതിന് പരിസ്ഥിതിയുടെ തകർച്ചയും തടസമല്ല എന്ന നിലപാടും അപകടകരമാണ്. അതിന്റെ പിന്നിൽ തികഞ്ഞ സ്ഥാപിത താല്പര്യങ്ങളുണ്ട്.

ജനങ്ങളോടും, പരിസ്ഥിതിയോടും നീതിപുലർത്താൻ സർക്കാർ സംവിധാനങ്ങളും ഉദ്യോഗസ്ഥ വൃന്ദങ്ങളും, പരിസ്ഥിതിവാദികളും കോർപ്പറേറ്റ് കമ്പനികളും തീരുമാനിക്കുക മാത്രമാണ് ഇപ്പോൾ കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം. ജനങ്ങൾ തെരുവിലിറങ്ങി പ്രക്ഷോഭം ഉണ്ടാക്കിയാൽ മാത്രം അവരുടെ കാര്യം പരിഗണിക്കാമെന്ന നിലപാട് ഈ ജനാധിപത്യ രാജ്യത്തിൽ ഭൂഷണമല്ല.

കടപ്പാട് – കെസിബിസി ജാഗ്രതാന്യൂസ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group