കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്ലിനോടുള്ള ആദരസൂചകമായി സിഡ്നി കത്തീഡ്രലിൽ 81 പ്രാവശ്യം മണിമുഴക്കി

സിഡ്നി: വ്യാജ ബാലപീഡന കേസിന്റെ പേരില്‍ യാതൊരു തെറ്റും ചെയ്യാതിരുന്നിട്ടും അന്യായമായി വേട്ടയാടപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം നിരപരാധിയാണെന്ന് തെളിഞ്ഞതിനെ തുടർന്ന് മോചിതനാകുകയും ഇക്കഴിഞ്ഞ ജനുവരി 10-ന് റോമില്‍വെച്ച് വിടവാങ്ങുകയും ചെയ്ത ഓസ്ട്രേലിയന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്ലിനോടുള്ള ആദരസൂചകമായി സിഡ്നിയിലെ സെന്റ്‌ മേരി മെട്രോപ്പൊളിറ്റന്‍ കത്തീഡ്രലിലെ മണികള്‍ 81 പ്രാവശ്യം മുഴങ്ങി. മരിക്കുമ്പോള്‍ കര്‍ദ്ദിനാള്‍ പെല്ലിനു 81 വയസ്സായിരുന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തലായിട്ടാണ് 81 പ്രാവശ്യം മണി മുഴക്കിയത്. 2001 മുതല്‍ 2014 വരെ കര്‍ദ്ദിനാള്‍ പെല്ലിന്റെ എപ്പിസ്കോപ്പല്‍ ആസ്ഥാനമായ ദേവാലയമായിരുന്നു സിഡ്നിയിലെ സെന്റ്‌ മേരീസ് മെട്രോപ്പൊളിറ്റന്‍ കത്തീഡ്രല്‍. മണി മുഴക്കിയതിന് പിന്നാലെ കര്‍ദ്ദിനാള്‍ പെല്ലിനു വേണ്ടി അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്കു സിഡ്നിയിലെ നിലവിലെ മെത്രാപ്പോലീത്തയായ മോണ്‍. അന്തോണി കോളിന്‍ ഫിഷര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

മുപ്പതിലധികം വര്‍ഷങ്ങളുടെ പരിചയം ഉള്ളതിനാല്‍ വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ കര്‍ദ്ദിനാള്‍ പെല്ലിനെ മോണ്‍.കോളിന്‍ ഫിഷര്‍ പ്രത്യേകം അനുസ്മരിച്ചു. കര്‍ദ്ദിനാള്‍ പെല്‍ ദൈവത്തിന്റെ അനുകമ്പയും വിശ്വസ്തതയുമുള്ള പുരോഹിതനായിരുന്നെന്നും, താന്‍ അനുഭവിച്ച കഷ്ടതകള്‍ക്കും യാതനകള്‍ക്കുമിടയില്‍ അദ്ദേഹത്തിന്റെ വിശ്വാസത്തിന് യാതൊരു ഇളക്കവും സംഭവിച്ചില്ലെന്നും, താന്‍ സേവിക്കുന്ന കര്‍ത്താവിനോടൊപ്പമുള്ള സഭയുടെ വിശ്വസ്ത ദാസനായിരുന്നു കര്‍ദ്ദിനാള്‍ പെല്ലെന്നും മോണ്‍. കോളിന്‍ ഫിഷര്‍ പറഞ്ഞു. കര്‍ദ്ദിനാള്‍ പെല്ലിന്റെ നിര്യാണം ഓസ്ട്രേലിയന്‍ സഭക്കും, അതിനപ്പുറവും വരുത്തുന്ന സ്വാധീനത്തേക്കുറിച്ച് ചരിത്രകാരന്‍മാര്‍ ഭാവിയിൽ പറയുമെന്നും അത് വളരേക്കാലം നീണ്ടുനില്‍ക്കുന്നതുമായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

2014-2019 കാലയളവില്‍ വത്തിക്കാന്‍ ധനകാര്യാലയത്തിന്റെ ആദ്യത്തെ അദ്ധ്യക്ഷനായി സേവനം ചെയ്തിട്ടുള്ള കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ പ്രായപൂര്‍ത്തിയാകാത്ത അള്‍ത്താര ബാലന്‍മാരേ ലൈംഗീകമായി ദുരുപയോഗം ചെയ്തു എന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ 2019-ല്‍ ജയിലില്‍ അടക്കപ്പെടുകയായിരുന്നു. 2017-ല്‍ പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തതു മുതല്‍ താന്‍ നിരപരാധിയാണെന്ന് കര്‍ദ്ദിനാള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. പിന്നീട് ആരോപണങ്ങൾക്കു അടിസ്ഥാനമില്ലായെന്ന് നിരീക്ഷിച്ച ഓസ്ട്രേലിയന്‍ ഹൈക്കോടതി കുറ്റവിമുക്തനക്കിയതിനെ തുടര്‍ന്ന്‍ 2020-ലാണ് അദ്ദേഹം ജയില്‍ മോചിതനായത്. എഴുത്തിനും, ധ്യാനത്തിനും, പ്രാര്‍ത്ഥനക്കും ധാരാളം സമയം ലഭിച്ചിരുന്ന ജയില്‍ ജീവിതത്തേ ധ്യാനകാലയളവായാണ് അദ്ദേഹം വിശേഷിപ്പിച്ചിട്ടുള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group