സീറോ മലബാര്‍ സഭ ഐക്യത്തിന്റെ മുഖം പ്രദര്‍ശിപ്പിക്കുന്നു

ഭേദഗതികള്‍ വരുത്തിയ പുതിയ കുര്‍ബാന തക്സയുടെ ഉപയോഗത്തോടൊപ്പം സീറോ മലബാര്‍ സിനഡിന്റെ 1999-ലെ തീരുമാനപ്രകാരം വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണരീതിയിലും ഐക്യരൂപമുണ്ടാകണമെന്ന സീറോ മലബാര്‍ സഭയുടെ അവസാനസിനഡിന്റെ നിര്‍ദ്ദേശം പാലിച്ചുകൊണ്ട് സീറോ മലബാര്‍ സഭയുടെ മഹാഭൂരിപക്ഷം രൂപതകളും വിശുദ്ധ ബലിയര്‍പ്പണത്തില്‍ ഏകീകൃതരൂപം പാലിച്ചുകൊണ്ട് ഇന്ന് ബലിയര്‍പ്പിച്ചു. വിശുദ്ധ ബലിയര്‍പ്പണം സഭയുടെ പരമോന്നതമായ ആരാധന എന്ന നിലയില്‍ അതീവശ്രദ്ധയോടെ സംരക്ഷിക്കപ്പെടേണ്ട അമൂല്യനിധി കൂടിയാണ്. സീറോ മലബാര്‍ മെത്രാന്‍ സിനഡ് ഇക്കാര്യത്തില്‍ എക്കാലവും ജാഗ്രത പുലര്‍ത്തിയിരുന്നു. സിനഡ് തീരുമാനം വലിയ വിഭാഗീയതകള്‍ക്ക് വഴിതെളിച്ചുവെന്ന വായ്ത്താരികളില്‍ യാതൊരര്‍ത്ഥവുമില്ല. വലിയ ഐക്യത്തിന്റെ മഹാസംഭവമാണ് സീറോ മലബാര്‍ സഭയില്‍ ഇന്ന് അരങ്ങേറിയിരിക്കുന്നത്. പുതിയ ആരാധനാക്രമവത്സരം ആരംഭിക്കുന്ന മംഗലവാര്‍ത്തക്കാലത്തിന്റെ ഈ ഒന്നാം ഞായറാഴ്ച സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെടും.

ഇക്കാലമത്രയും വിവിധ രൂപതകള്‍ സീറോ മലബാര്‍ സഭയില്‍ ബലിയര്‍പ്പിച്ചിരുന്നത് 3 രീതികളിലായിരുന്നു:

1. പൂര്‍ണമായും ജനാഭിമുഖം
2. പൂര്‍ണമായും മദ്ബഹാഭിമുഖം
3. സിനഡ് ക്രമം (50:50)

എന്നാല്‍ പുതുക്കിയ കുര്‍ബാനക്രമം നടപ്പില്‍ വരുന്ന ഇന്നുമുതല്‍ ഏകീകൃതരൂപത്തിലുള്ള ബലിയര്‍പ്പണത്തിലേക്ക് മഹാഭൂരിഭാഗം രൂപതകളും കടന്നുവന്നിരിക്കുകയാണ്. ഇന്ത്യക്കകത്തും പുറത്തുമായി 35 രൂപതകളാണ് സീറോ മലബാര്‍ സഭയ്ക്കുള്ളത്. അതില്‍ 31 രൂപതകളിലും സിനഡ് ക്രമം പാലിക്കപ്പെട്ടിരിക്കുകയാണ്. ബാക്കിയുള്ള നാല് രൂപതകളില്‍ കുറേ പള്ളികളിലെങ്കിലും സിനഡ് ക്രമം അനുസരിച്ചുള്ള കുര്‍ബാനയര്‍പ്പണം ഇന്ന് നടക്കുകയുണ്ടായി.

ഇത് നമുക്ക് വലിയൊരു ആശ്വാസവും ആത്മവിശ്വാസവും നല്കുന്നു. കണക്കുകളനുസരിച്ച് നോക്കിയാല്‍ സീറോ മലബാര്‍ സഭയില്‍ സിനഡ് നിര്‍ദ്ദേശിച്ച ഐക്യരൂപത്തിലുള്ള കുര്‍ബാന അര്‍പ്പിക്കുന്ന രൂപതകളാണ് മഹാഭൂരിപക്ഷവും എന്ന് കാണാന്‍ കഴിയും. അത് ഏതാണ്ട് സഭയുടെ 91 ശതമാനത്തോളം വരുമെന്ന കാര്യവും നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്. മാത്രവുമല്ല, മൂന്ന് രീതികള്‍ എന്നത് എന്നേക്കുമായി അവസാനിക്കുകയാണ്. മഹാഭൂരിപക്ഷം രൂപതകളും പിന്തുടരുന്ന സിനഡ് ക്രമത്തിലേക്ക് ബാക്കിയുള്ള രൂപതകളും എത്തിച്ചേരുന്നത് വരെ സീറോ മലബാര്‍ സഭയില്‍ മറ്റൊരു ശൈലി കൂടി പ്രാദേശികമായി നിലവിലുണ്ടാകും എന്നതൊഴിച്ചാല്‍ സീറോ മലബാര്‍ സഭാസിനഡിന്റെ തീരുമാനം വിജയകരമായി നടപ്പിലാക്കാന്‍ സഭാംഗങ്ങള്‍ക്കു സാധിച്ചുവെന്നു തന്നെ പറയാം. നൂറ്റാണ്ടുകളായി അധീശത്വത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും അതിനാല്‍ത്തന്നെ അനൈക്യത്തിന്റെയും ഭാരംപേറുന്ന സീറോ മലബാര്‍ സഭയുടെ ഐക്യത്തിലേക്കുള്ള ആദ്യപടിയാകട്ടെ ഈ സുദിനം.

മാറ്റങ്ങള്‍ വേദനാജനകമാണ്. എതിര്‍പ്പുകള്‍ ആ വേദനയുടെ ഭാഗം മാത്രം. വിട്ടുവീഴ്ചകള്‍ നടത്തേണ്ടിവരുന്നതുകൊണ്ട് നമ്മുക്കുണ്ടാകുന്ന വേദനകള്‍ എന്തായാലും മനുഷ്യകുലത്തിന് വേണ്ടി കര്‍ത്താവ് സഹിച്ചയത്രയും വരില്ല. എതിര്‍പ്പുകള്‍ ഇല്ലാതാകുമ്പോഴാണ് ഐക്യം സംജാതമാകുന്നത്. മനുഷ്യകരങ്ങളിലേക്ക് തന്നെത്തന്നെ വിട്ടുകൊടുത്ത കര്‍ത്താവിനെപ്പോലെ സ്വന്തം താത്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ നമ്മളും തയ്യാറാകുന്നിടത്ത് പൂര്‍ണ്ണഐക്യത്തിന്റെ സുന്ദരസുദിനങ്ങള്‍ സംജാതമാകും.

പൂര്‍ണ്ണ ഐക്യത്തിലേക്ക് ഏതാനും ചുവടുകള്‍ കൂടി മാത്രം – ഹൃദയങ്ങളെ ഭരിക്കുന്ന ഐക്യത്തിന്റെ ആത്മാവ് ഏവരെയും നയിക്കട്ടെ!

✍️Noble Thomas Parackal


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group