അസത്യപ്രചരണങ്ങൾക്കെതിരെ വിശദീകരണ കുറിപ്പുമായി സീറോ മലബാർ സഭാ നേതൃത്വം

വിശദീകരണക്കുറിപ്പ്..

എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണ രീതി ഇനിയും നടപ്പിലാക്കാത്തതുമൂലം അജപാലനപരമായ ചില പ്രശ്നങ്ങൾ ഉരുത്തിരിയുകയും അവയുടെ പശ്ചാത്തലത്തിൽ അസത്യപ്രചരണങ്ങൾ നടക്കുകയും ചെയ്യുന്നതിനാലാണ് ഈ വിശദീകരണക്കുറിപ്പു നൽകുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖകുർബാന തുടരാനുള്ള അനുവാദം പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ആർച്ചുബിഷപ്പ് ആൻറണി കരിയിൽ പിതാവിനു നൽകിയിരുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2021 ജൂലൈ മൂന്നാം തിയതി സീറോമലബാർ സഭാംഗങ്ങൾക്കായി എഴുതിയ കത്തിൽ “പുതിയ നാസകുർബാന തക്സ് അംഗീകരിക്കുന്ന ഈ അവസരത്തിൽ സഭയുടെ ഉപരിനന്മയും ഐക്യവും ലക്ഷ്യം വച്ചുകൊണ്ടു പരിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതി ഉടനടി നടപ്പിലാക്കാൻ എല്ലാ വൈദികരെയും സമർപ്പിതരെയും അല്മായ വിശ്വാസികളെയും” ആഹ്വാനം ചെയ്യുകയുണ്ടായി. 2021 ജൂൺ 9ന് പരിശുദ്ധ സിംഹാസനം പുതിയ തക്സ് അംഗീകരിച്ചപ്പോൾ വ്യക്തമായ മാർഗ്ഗരേഖയും നൽകി.

എറണാകുളം-അങ്കമാലി അതിരൂപതയിൽ സിനഡു തീരുമാനപ്രകാരമുള്ള ഏകീകൃത അർപ്പണരീതി നടപ്പിലാക്കുന്നതിലെ ബുദ്ധിമുട്ടുകൾ ആർച്ചുബിഷപ്പ് ആൻറണി കരിയിൽ പി താവു മാർപ്പാപ്പയുടെയും പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തി. അതിനെത്തുടർന്ന് സിനഡു തീരുമാനം ഉടൻ നടപ്പിലാക്കാൻ കഴിയാത്ത പള്ളികൾക്കു ഒഴിവു (dispensation) നൽകാൻ അനുവാദം നൽകിക്കൊണ്ട് പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയം കരിയിൽ പിതാവിന് കത്തു നൽകുകയും ചെയ്തു. എന്നാൽ പരിശുദ്ധ സിംഹാസനത്തിൽ നിന്നു നൽകിയ നിർദേശത്തിന് വിരുദ്ധമായാണ് കരിയിൽ പിതാവ് എറണാകുളം-അങ്കമാലി അതിരൂപതക്കു മുഴുവനുമായി വി. കുർബാനയുടെ ഏകീകൃത അർപ്പണരീതിയിൽ നിന്നു ഒഴിവു നൽകിക്കൊണ്ട് സർക്കുലർ നൽകിയത്. തെറ്റായി നൽകപ്പെട്ട ഈ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് മറ്റ് അവകാശവാദങ്ങളും അസത്യപ്രഘോഷണങ്ങളും രൂപം കൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തിൽ, പരിശുദ്ധ സിംഹാസനം കരിയിൽ പിതാവിനു നൽകിയ കത്തും, ഈ കത്തിനെ തെറ്റായി വ്യാഖ്യാനിച്ചു കരിയിൽ പിതാവ് നൽകിയ സർക്കുലറും ഈ വിഷയത്തിൽ റോമിൽ നിന്നു തുടർന്നു വന്ന കത്തുകളും അവയുടെ മലയാള പരിഭാഷയോടൊപ്പം നൽകുകയാണ്. ഈ കത്തുകളിൽ ചിലതു നേരത്തെ പ്രസിദ്ധീകരിച്ചിട്ടുള്ളവയാണെങ്കിലും വസ്തുതകളുടെ വ്യക്തതയ്ക്കു വേണ്ടി ഇവ ഒരുമിച്ചു നൽകുന്നു.

1. നവംബർ 26, 2021; Prot. N. 463/2002; പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം ആർ ച്ച്ബിഷപ്പ് ആന്റണി കരിയിൽ പിതാവിനു നൽകിയ കത്ത്.

ഉള്ളടക്കം: സിനഡുതീരുമാനം നടപ്പിലാക്കുന്നതുവഴി ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള കേസുകളിൽ ഒഴിവു നൽകാൻ അനുമതി

2. നവംബർ 26, 2021 സർക്കുലർ 8/2011; ആർച്ച്ബിഷപ്പ് ആന്റണി കരിയിൽ പിതാവ് നൽകിയ സർക്കുലർ. ഉള്ളടക്കം: എറണാകുളം-അങ്കമാലി അതിരൂപതക്കു മുഴുവൻ വി. കുർബാനയുടെ ഏകീക ത അർപ്പണ രീതിയിൽ നിന്നു സമയപരിധിയില്ലാതെ ഒഴിവു നൽകി. ഇപ്രകാരം ഒഴിവു നൽകിയത് റോമിൽ നിന്നു നൽകിയ കത്തിനു വിരുദ്ധമായാണ്.
ഡിസംബർ 7 2021; Prot. N. 463/2002; പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം ആർ ച്ച്ബിഷപ്പ് ആന്റണി കരിയിൽ പിതാവിനു നൽകിയ കത്ത്. ഉള്ളടക്കം: അതിരൂപതയ്ക്ക് മുഴുവനായി ഒഴിവു നൽകിയ തീരുമാനം ഒഴിവുനൽകുന്നതു മായി ബന്ധപ്പെട്ടു റോമിൽ നിന്നു നൽകിയിരിക്കുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കാൻ കരിയിൽ പിതാവിനോട് ആവശ്യപ്പെടുന്നു.ഈ കത്തു പ്രസിദ്ധീകരിക്കാൻ നിർദേശമുണ്ടായിട്ടും അത് ചെയ്തില്ല.

4. ജനുവരി 7 2022; Prof. N. 463/2002; പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം ആർ ച്ച്ബിഷപ്പ് ആന്റണി കരിയിൽ പിതാവിനു നൽകിയ കത്ത്

ഉള്ളടക്കം: അതിരൂപതയ്ക്കു മുഴുവനായി സമയപരിധിയില്ലാതെ ഒഴിവു നൽകിയതും സിനഡ് തീരുമാനം നടപ്പിലാക്കുന്നതു നിരോധിച്ചതും നിയമത്തിനെതിരാണെന്നും അതിനാൽ സർക്കുലർ പിൻവലിക്കണമെന്നും നടപടികൾ തിരുത്തണമെന്നും കരിയിൽ പിതാവിനോട് ആവശ്യപ്പെടുന്നു.

5. ഫെബ്രുവരി 28, 2022; Prot. N. 463/2002: പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് എഴുതിയ ഉള്ളടക്കം: മെത്രാന്മാർ സമരമാർഗങ്ങളിൽ നിന്നു അകന്നു നിൽക്കണം. കരിയിൽ പിതാവ് അതിരൂപതയ്ക്കു മുഴുവനായി നൽകിയ ഒഴിവു പിൻവലിക്കുകയും അതിരൂപതയുടെ ആർ ച്ചുബിഷപ്പു കൂടിയായ മേജർ ആർച്ചു ബിഷപ്പിന്റെ അംഗീകാരത്തോടെ സമയപരിധി നിശ്ചയിച്ച് ആവശ്യമുള്ള പള്ളികൾക്കു മാത്രം കരിയിൽ പിതാവ് ഒഴിവു നൽകുകയും ചെയ്യണം. കാരണം, കരിയിൽ പിതാവിന്റെ അധികാരം പ്രാതിനിധ്യാത്മകമാണ് (vicarious), പിതാക്കന്മാർക്ക് ഏകീകൃത രീതിയിൽ വി. കുർബാന അർപ്പിക്കാൻ വൈദികർ സാഹചര്യമൊരുക്കണം.ബോ ഉപയോഗിക്കണം. പൗരോഹിത്യ സ്വീകരണ ദിവസത്തിൽ വൈദികർ നടത്തിയ വാഗ്ദാനപ്രകാരം മേലധികാരികളെ അനുസരിക്കുകയും ബഹുമാനിക്കുകയും വേണം. ഈ കത്തിൽ ഒപ്പിട്ടിരിക്കുന്ന പൗരസ്ത്യ കാര്യാലയത്തിന്റെ തലവന് 2022 ഫെബ്രുവരി 10-ന് അനുവദിച്ച കൂടിക്കാഴ്ചയിൽ, ഇതിന്റെ ഉള്ളടക്കം പരിശുദ്ധ പിതാവ് അംഗീകരിച്ചിട്ടുണ്ട്.

ഇതേ തീയതിയിൽ മേൽപ്പറഞ്ഞ കാര്യങ്ങൾ പ്രതിപാദിച്ചു കൊണ്ടു പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയം കരിയിൽ പിതാവിനു വ്യക്തമായ മുന്നറിയിപ്പോടെ ഒരു കത്തു നൽകിയിരുന്നു. സിനഡു തീരുമാനം നടപ്പിലാക്കിയില്ലെങ്കിൽ ഉത്തരവാദിത്വത്തിൽ നിന്നു പിന്മാറേണ്ടി വരുമെന്നും ആ കത്തിൽ പറഞ്ഞിരുന്നു. ആ കത്തു വ്യക്തിപരമായതിനാൽ പ്രസിദ്ധീകരിക്കുന്നില്ല.

6. മാർച്ച് 25, 2022. പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ എറണാകുളം അങ്കമാലി അതിരൂപതയിലെ പിതാക്കന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അല്മായർക്കുമായി എഴുതിയ കത്ത്.

ഉള്ളടക്കം: 2022 ഈസ്റ്ററിനു മുൻപായി സിനഡിന്റെ തീരുമാനം നടപ്പിലാക്കാനും മേജർ ആർച്ചുബിഷപ്പിന്റെ അംഗീകാരത്തോടെ ആവശ്യമായ ഇടവകകൾക്ക് ഒഴിവ് നൽകാനും പരിശുദ്ധ പിതാവിന്റെ പിതൃനിർവിശേഷമായ ഉദ്ബോധനം. “ഇതു കർത്താവിലേക്കു നോ ക്കി, അവിടത്തെ ഉത്ക്കണ്ഠയിലും പീഡാസഹനത്തിലും തുടങ്ങി അവിടത്തോടൊപ്പം പെസഹാരഹസ്യം ഒരുമിച്ചനുഭവിക്കാനും ആഘോഷിക്കാനുമുള്ള സന്നദ്ധതയോടെയാകണം; അല്ലാതെ, വിജയത്തിന്റെയോ പരാജയത്തിന്റെയോ അഥവാ ഒരു ഗ്രൂപ്പിനെതിരെ മറ്റൊന്ന് എന്ന മാനുഷിക മാനദണ്ഡത്തിനോ അനുസൃതമായിട്ടാകരുത്”. “വൈഷമ്യം നിറഞ്ഞതും വേദനാജനകവുമായ ഒരു ചുവടുവയ്ക്കാൻ ഞാൻ നിങ്ങളോടു ആവശ്യപ്പെടുകയാണ് എന്നു ഞാൻ തിരിച്ചറിയുന്നു; എന്നാൽ കർത്താവിന്റെ സ്വരം ശ്രവിക്കാനും മാർപാപ്പയുടെ ഉപദേശത്തിലും അഭ്യർത്ഥനയിലും വിശ്വാസം സമർപ്പിക്കാനും തയ്യാറു ള്ള പുരോഹിതരുടെയും അല്മായ വിശ്വാസികളുടെയും മാതൃക നിങ്ങളിൽ കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്.

7. ഏപ്രിൽ 1, 2022; Prof. N. 463/2002: പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം ആർ
ച്ചുബിഷപ്പ് ആന്റണി കരിയിൽ പിതാവിനു നൽകിയ കത്ത്.

ഉള്ളടക്കം: 2022 ഫെബ്രുവരി 28ന് ഈ കാര്യാലയം നൽകിയ കത്തു പിൻവലിക്കുകയോ നവീകരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2022 മാർച്ച് 21ന് കരിയിൽ പിതാവ് നൽകിയ നിവേദനം, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് വേണ്ടി 2022 മാർച്ച് 25ന് നൽകിയ കത്തിൽ നൽകിയിരിക്കുന്ന വ്യക്തമായ നിർദ്ദേശങ്ങൾക്കെതിരായതിനാൽ സ്വീകരിക്കാൻ സാധിക്കില്ല. കരിയിൽ പിതാവിന്റെ അധികാരം പ്രാതിനിധ്യാത്മകമാണ്. അതിനാൽ മേജർ ആർച്ചുബിഷപ്പിന്റെ അംഗീകാരത്തോടെ നൽകപ്പെട്ട അധികാരം ഉപയോഗിക്കുക. 2021 നവംബർ 27ന് എറണാകുളം-അങ്കമാലി അതിരൂപത മുഴുവനുമായി നൽകിയ ഒഴിവു അപ്പസ്തോലികമായ ധൈര്യത്തോടെ പിൻവലിക്കാൻ ഒരിക്കൽക്കൂടി കരിയിൽ പിതാവിനു മുന്നറിയിപ്പു നൽകുന്നു.

മേജർ ആർച്ചുബിഷപ്പിന്റെ വികാരി എന്ന സ്ഥാനത്തു നിന്ന് ആർച്ചുബിഷപ്പ് ആന്റണി കരിയിൽ രാജിവയ്ക്കാൻ നിർബന്ധിതനായതിന്റെ കാരണം മുകളിൽ സൂചിപ്പിച്ച കത്തുകളിലൂടെ നൽകിയ നിർദേശങ്ങളെല്ലാം നിരാകരിച്ചതിനാലാണു എന്നതു വ്യക്തമാണ്. കരിയിൽ പിതാവിന്റെ രാജി സ്വീകരിച്ച് പരിശുദ്ധ സിംഹാസനം ആർച്ചുബിഷപ്പ് ആൻ ഡ്രൂസ് താഴത്ത് പിതാവിനെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു.

8. ജൂലൈ 30 2022; Prot. N. 1302022: ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത് പിതാവിനെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ച അവസരത്തിൽ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം നൽകിയ കത്ത്

ഉള്ളടക്കം: എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന ഭരണപരവും അച്ചടക്കപരവുമായ പ്രശ്നങ്ങളുടെ പരിഹാരം സുഗമമാക്കണം. അതിരൂപതയുടെ ഭരണനിർവഹണത്തിൽ നവീകരണത്തിന്റെ ചൈതന്യം ഉണ്ടായിരിക്കണം. ഏകീകൃത അർപ്പണരീതി നടപ്പിലാക്കണം, ഒഴിവുനൽകുന്നത് മാനദണ്ഡങ്ങൾ പാലിച്ചാകണം. കത്തീഡ്രൽ, പരിശീലന കേന്ദ്രങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഏകീകൃത അർപ്പണരീതി ഉടൻ ആരംഭിക്കണം. ഇടവക സന്ദർശിക്കുന്ന മെത്രാന്മാരെ ഏകീകൃത രീതിയിൽ വിശുദ്ധ കുർ ബാനയർപ്പിക്കുന്നതിൽനിന്നു തടയാൻ പാടില്ല.

എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഈ രേഖകളിലൂടെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർ പാപ്പയുടെയും പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെയും നിലപാടുകൾ സംശയലേശമെന്യേ വ്യക്തമാക്കപ്പെടുന്നുണ്ട്. ഈ കത്തുകളുടെ ഉള്ളടക്കം വൈദികരെയും വിശ്വാസികളെയും യഥാസമയം അറിയിക്കാതിരുന്നത് കൂടുതൽ ആശയക്കുഴപ്പങ്ങൾക്കും തെറ്റായ പ്രചരണങ്ങൾക്കും കാരണമായി. ഈ കത്തുകളുടെ സത്യസന്ധമായ വായന തെറ്റിദ്ധാരണകൾ അകറ്റുന്നതിനും അബദ്ധപ്രചാരണങ്ങളെ തള്ളിക്കളയുന്നതിനും അതു വഴി സഭാകൂട്ടായ്മയിൽ മുന്നേറുന്നതിനും സഹായിക്കട്ടെ.

സീറോമലബാർ സഭാകാര്യാലയത്തിൽനിന്ന്,

ഫാ. വിൻസെന്റ് ചെറുവത്തൂർ,
മേജർ ആർക്കി എപ്പിസ്കോപ്പൽ ചാൻസലർ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group