ക്രിസ്തീയക്ഷമയുടെ ഉദാത്ത മാതൃക പകർന്ന വൈദികന്റെ സാക്ഷ്യം ശ്രദ്ധേയമാകുന്നു

തന്റെ മാതാപിതാക്കളെയും മൂന്ന് സഹോദരങ്ങളെയും കൺമുന്നിലിട്ട് വധിച്ചയാൾക്ക് മാപ്പു നൽകി ക്രിസ്തീയ ക്ഷമയുടെ ഉദാത്ത മാതൃകയാവുകയാണ് ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ നിന്നുള്ള ഈശോ സഭാംഗമായ ഫാ. മാർസെൽ ഉവിനേസ.

റൈസൺ ഫ്രം ദ ആഷസ്: തിയോളജി ആസ് ഓട്ടോബയോഗ്രഫി ഇൻ പോസ്റ്റ്- ജിനോസൈഡ് റുവാണ്ട’ എന്ന തന്റെ ഗ്രന്ഥത്തിലാണ് ആരുടെയും ഹൃദയം കവരുന്ന ക്ഷമയുടെ അധ്യായം അദ്ദേഹം പങ്കുവെച്ചത്.

ലോകചരിത്രത്തിലെതന്നെ ഇരുണ്ട അധ്യായമാണ് 1994ലെ റുവാണ്ടൻ വംശഹത്യ. ടുട്‌സി, ഹുടു ഗോത്രവർഗങ്ങൾ തമ്മിൽ നടന്ന ആഭ്യന്തര യുദ്ധത്തിലും തുടർന്നുണ്ടായ ആക്രമണങ്ങളിലും ഏതാണ്ട് എട്ട് ലക്ഷത്തിൽപ്പരം കൊലപാതകങ്ങൾ നടന്നു എന്നാണ് കണക്കുകൾ. അന്ന് മാർസെൽ ഉവിനേസയ്ക്ക് പ്രായം 14 മാത്രം. അപ്പനും അമ്മയും രണ്ട് സഹോദരന്മാരും ഒരു സഹോദരിയും കൺമുന്നിൽ കൊല്ലപ്പെടുന്നത് നോക്കിനിൽക്കാൻ വിധിക്കപ്പെട്ട കൗമാരക്കാരൻ. അനാഥത്വത്തേക്കാളുപരി പ്രിയപ്പെട്ടവർ കൊല്ലപ്പെടുന്നത് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്നതിന്റെ നൊമ്പരവുമായി ജീവിക്കേണ്ടി വന്ന അവനെ ദൈവം ചേർത്തു പിടിച്ചു.

ആ സ്‌നേഹവായ്പാണ് അവനെ ജീവിക്കാൻ പ്രേരിപ്പിച്ചതും. തന്നെക്കുറിച്ചുള്ള ദൈവഹിതം പൗരോഹിത്യമാണെന്ന് ബോധ്യപ്പെട്ട അവൻ ഈശോ സഭയുടെ (സൊസൈറ്റി ഓഫ് ജീസസ്) സെമിനാരിയിലേക്ക് എത്തി. പ്രതിബന്ധങ്ങൾ ഏറെയുണ്ടായെങ്കിലും ദൈവപരിപാലനയുടെ തണലിൽ ജെസ്യൂട്ട് നൊവിഷ്യേറ്റ് പൂർത്തിയാക്കി സഭാനേതൃത്വത്തിന്റെ നിർദേശപ്രകാരം വിദേശത്ത് തുടർ പഠനത്തിന് ഒരുങ്ങുന്ന നാളുകളിലായിരുന്നു തന്റെ കുടുംബത്തെ ഇല്ലായ്മ ചെയ്ത ആ ഘാതകനെ നേരിൽ കണ്ടത്, 2003ൽ. വിദേശയാത്രയ്ക്കു മുമ്പ് തന്റെ പ്രിയപ്പെട്ടവരുടെ കല്ലറയിൽ പ്രാർത്ഥിക്കാനെത്തിയപ്പോഴായിരുന്നു ആ കൂടിക്കാഴ്ച.

ആ കാലത്ത് ജയിൽ മോചിതനായിരുന്നു ഘാതകൻ. ഇരുവരും പരസ്പരം തിരിച്ചറിഞ്ഞു. പിന്നെ സംഭവിച്ചത് അസാധാരണമായ കാര്യമാണ്. മാർസെലിനെ കണ്ടമാത്രയിൽ അയാൾ മുട്ടുകുത്തി. ‘മാർസെൽ, ഞാൻ എന്താണ് ചെയ്തതെന്ന് നിനക്കറിയാമോ? നിനക്ക് എന്നോട് ക്ഷമിക്കാനാകുമോ?’ എന്ന അയാളുടെ ചോദ്യം അപ്രതീക്ഷിതമായിരുന്നു. തനിക്ക് മറക്കാനാവുന്ന കാര്യത്തിനല്ല അയാൾ ക്ഷമ ചോദിക്കുന്നത്, വേണമെങ്കിൽ അയാളോട് പ്രതികാരം ചെയ്യാം എന്നിങ്ങനെയുള്ള പലവിധ ചിന്തകൾ ഉള്ളിലൂടെ കടന്നുപോയെന്ന് സാക്ഷിച്ച ഫാ. മാർസെൽ തിരഞ്ഞെടുത്തത് ദൈവത്തിന്റെ വഴിയായിരുന്നു, ക്ഷമയുടെ വഴി!

അയാളോട് എഴുന്നേൽക്കാൻ ആവശ്യപ്പെട്ട ഫാ. മാർസെൽ അദ്ദേഹത്തെ ആലിംഗനം ചെയ്തു കൊണ്ടാണ് തന്റെ ക്ഷമ വ്യക്തമാക്കിയത്. ‘കാലിൽ നിന്ന് ഒരു ചങ്ങല പൊട്ടിപ്പോകുന്ന അനുഭവമാണ് അപ്പോൾ എനിക്കുണ്ടായത്. ഞാനും ജയിലിൽ കഴിയുകയായിരുന്നു. ആ വ്യക്തിയോട് ക്ഷമിച്ചപ്പോൾ ഞാനും സ്വതന്ത്രനായി,’ ക്ഷമയിലൂടെ താൻ അനുഭവിച്ച ആത്മീയ സ്വാതന്ത്ര്യത്തെക്കുറിച്ച് ഫാ. മാർസെൽ വിവരിച്ചു. ക്ഷമിക്കാൻ തനിക്ക് പ്രചോദനം ലഭിച്ചത് താൻ അംഗമായിരിക്കുന്ന ജസ്യൂട്ട് സഭയുടെ സ്ഥാപകൻ വിശുദ്ധ ഇഗ്‌നേഷ്യസ് ലയോളയിൽ നിന്നാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group