കക്കുകളിയുടെ അണിയറ പ്രവർത്തകർക്ക് നന്ദി….

ക്രൈസ്തവ സന്യസ്തരെ നിർദയം അവഹേളിക്കുന്ന പ്രമേയവുമായി അരങ്ങേറ്റപ്പെട്ട “കക്കുകളി” എന്ന നാടകം നിർത്തിവയ്ക്കുവാൻ തീരുമാനിച്ച ആലപ്പുഴ പറവൂർ പബ്ളിക് ലൈബ്രറിക്കും നൈതൽ നാടകസംഘത്തിനും നന്ദി. ഒരു കലാരൂപം എന്ന നിലയിൽ പ്രസ്തുത നാടകത്തിന് പിന്നിൽ പ്രവർത്തിച്ച കലാകാരന്മാരോട് ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം, യഥാർത്ഥ തിരിച്ചറിവോടെ മികച്ച നാടകങ്ങൾ അവതരിപ്പിക്കാൻ അവർക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

നാടകാവതരണം നിർത്തിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് സംവിധായകന്റെ തെറ്റിദ്ധാരണാജനകമായ ഒരു കുറിപ്പ് പ്രചരിക്കുന്നത് കാണാനിടയായി. “കേരളത്തിൻ്റെ നവോത്ഥാന സാംസ്കാരിക ഇടങ്ങളിൽ സ്ത്രീവിമോചന രണഭേരിയുടെ മാറ്റൊലി” എന്നാണ് പ്രസ്തുത നാടകത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. അത്തരമൊരു അവകാശവാദത്തിൽ തെല്ലും കഴമ്പില്ല എന്ന് കേരളത്തിലെ സന്യസ്തരെക്കുറിച്ച് മനസ്സിലാക്കിയിട്ടുള്ള ഏവർക്കും വ്യക്തതയുള്ള കാര്യമാണ്. അപൂർവ്വം ചില അപസ്വരങ്ങളുടെ വികലമായ മാറ്റൊലി എന്നതിനപ്പുറം യഥാർത്ഥ സന്യാസവുമായോ, സന്യസ്തരുടെ ജീവിതവുമായോ ഒരു ബന്ധവുമില്ലാത്ത ഒരു പ്രമേയമാണ് നാടകത്തിനുണ്ടായിരുന്നത്. അതിനാലാണ് കേരളത്തിലെ ക്രൈസ്തവരുടെ ഒരുമയോടെയുള്ള പ്രതിഷേധം നാടകത്തിനെതിരെ ഉയർന്നത്. വിശാലമായ കാഴ്ചപ്പാടിന്റെ അഭാവമാണ് നാടകത്തിനെതിരെയുണ്ടായ പ്രതിഷേധത്തിന്റെ കാരണം എന്ന സംവിധായകന്റെയും നാടക രചയിതാവിന്റെയും വിലയിരുത്തൽ തികച്ചും അപക്വവും ബാലിശവുമാണ്. ഇതേ നാടകം തന്നെയോ ഇത്തരം അവഹേളനപരമായ പ്രമേയങ്ങളോ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വീണ്ടും അവതരിപ്പിക്കാൻ തുനിയുന്ന പക്ഷം സന്യസ്ത സമൂഹവും ക്രൈസ്തവരും എതിർക്കുകയും പ്രതിരോധിക്കുകയും ചെയ്യും എന്ന് ഓർമ്മിപ്പിക്കട്ടെ. ജാതിമത ഭേദമന്യേ സകലരെയും ചേർത്തുനിർത്തി സ്നേഹിക്കുന്ന യഥാർത്ഥ സന്യസ്തരെ തിരിച്ചറിഞ്ഞ് അത്തരം പ്രമേയങ്ങൾ നാടകമായി അവതരിപ്പിക്കാനും സമൂഹത്തിന് ശരിയായ സന്ദേശവും പ്രചോദനവും നൽകുവാനും അവരെ സ്നേഹപൂർവ്വം ആഹ്വാനം ചെയ്യുന്നു.

“കക്കുകളി” എന്ന നാടകം സന്യസ്ത സമൂഹത്തിനും അതുവഴി ക്രൈസ്തവ സമൂഹത്തിനും ഏൽപിച്ച ആഘാതം തിരിച്ചറിഞ്ഞ് യുക്തമായി പ്രതികരിച്ച കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ളീമിസ് കത്തോലിക്കാ ബാവയ്‌ക്കും മറ്റു മെത്രാന്മാർക്കും, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലക്കാപ്പിള്ളി അച്ചനും, കെസിഎംസ്, കെസിബിസി ജാഗ്രത കമ്മീഷൻ നേതൃത്വങ്ങൾക്കും, കെസിബിസിയുടെ വിവിധ കമ്മീഷൻ സെക്രട്ടറിമാർക്കും, കേരളത്തിലെ സിആർഐ യൂണിറ്റുകൾക്കും, കെസിവൈഎം, കത്തോലിക്കാ കോൺഗ്രസ് തുടങ്ങിയ സംഘടനകൾക്കും പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത സുമനസുകൾക്കും, സന്യസ്തർക്കൊപ്പം നിലകൊണ്ട രാഷ്ട്രീയ സാമൂഹിക നേതൃത്വങ്ങൾക്കും ഹൃദയംഗമമായ നന്ദിയും കടപ്പാടും അറിയിക്കുന്നു.

കടപ്പാട് – വോയ്‌സ് ഓഫ് നൺസ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group