പ്രാര്‍ത്ഥിച്ചവര്‍ക്കും ഒപ്പം നിന്നവര്‍ക്കും നന്ദി: കെസിബിസി

പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയൂസിന്റെയും വികാരി ജനറാള്‍ ഉള്‍പ്പെടെ അഞ്ചു വൈദികരുടെയും മോചനത്തിനായി നിയമപരമായി പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവരോടും നന്ദി പറഞ്ഞ് കെസിബിസി.

കഴിഞ്ഞ നാല്പതിലേറെ വര്‍ഷമായി മലങ്കര കത്തോലിക്കാസഭയുടെതായിരുന്ന തമിഴ്‌നാട്ടിലെ അംബാസമുദ്രത്തിലെ താമരഭരണിപുഴയുടെ തീരത്തെ കൃഷിഭൂമി പത്തനംത്തിട്ട രൂപത രൂപംകൊണ്ട നാള്‍മുതല്‍ രൂപതയുടെ ഉടമസ്ഥതയിലായിരുന്നു. മൂന്നൂറ് ഏക്കറോളം വരുന്നഭാഗം കൃഷി ചെയ്യുന്നതിനായി കോട്ടയം സ്വദേശിയായ മാനുവല്‍ ജോര്‍ജ് എന്നയാള്‍ക്ക് പാട്ടത്തിനു നല്‍കിയിരുന്നു. പാട്ടഭൂമിയില്‍ കരാറുകാരന്‍ പാട്ടകരാറുകള്‍ ലംഘിച്ച് അനധികൃത മണല്‍വാരല്‍ നടത്തിയതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ കേസെടുക്കുകയും കരാറുകാരനെ അറസ്റ്റു ചെയ്യുകയുമായിരുന്നു. പാട്ടകരാറില്‍ ഏര്‍പ്പെട്ട പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയൂസിനെയും വികാരി ജനറാള്‍ ഉള്‍പ്പെടെ അഞ്ചു വൈദികരെയും ഇതില്‍ പ്രതി ചേര്‍ത്ത് തമിഴ്‌നാട് സിബി – സിഐഡി അറസ്റ്റു ചെയ്തിരുന്നു. സഭാംഗങ്ങൾക്കും തിരുമേനിയെ അറിയാവുന്ന മറ്റുള്ളവർക്കും ഇത് അതീവ ദുഃഖത്തിന് കാരണമായി. അന്നുമുതൽ അദ്ദേഹത്തിനും വൈദികർക്കും വേണ്ടി പ്രാർത്ഥിക്കുകയും അവരുടെ മോചനത്തിനായി നിയമപരമായി പ്രവർത്തിക്കുകയും ചെയ്ത എല്ലാവരോടും കെസിബിസി ഹൃദയപൂർവം നന്ദി പ്രകാശിപ്പിക്കുകയാണെന്ന് മെത്രാന്‍ സമിതി പ്രസ്താവനയില്‍ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group