ആ ‘തീവ്രവാദി’ചാപ്പ വീണ്ടും!

തീവ്രവാദികളാണ് കെ. റെയിലിനെതിരേ ജനങ്ങളെ ഇളക്കിവിടുന്നതെന്ന് മന്ത്രി സജി ചെറിയാൻ!

വല്ലാർപാടം ടെർമിനലിലേക്ക് ചരക്കുതീവണ്ടി എത്താനായി റെയിൽ പാളം പണിയുന്നതിൻ്റെ ഭാഗമായി 14 വർഷം മുമ്പ് – കൃത്യമായി പറഞ്ഞാൽ, 2008 ഫെബ്രുവരി ആറിന് – മൂലമ്പിള്ളിയിൽനിന്നു കുടിയിറക്കപ്പെട്ട പത്തു കുടുംബങ്ങൾ തികച്ചും സമാധാനപരമായി ന്യായമായ സമരം ചെയ്തപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദൻ ചെയ്ത പ്രസ്താവനയിൽ നിന്ന് ഇതിന് അല്പം വ്യത്യാസമേയുള്ളൂ. അന്ന് ‘നക്സലുകൾ’ ആയിരുന്നു പ്രശ്നക്കാർ! വൈപ്പിൻ LNG സമരത്തിലും ഗെയിൽസമരത്തിലും സർക്കാർ ഇതേ ചാപ്പകുത്തൽ തന്ത്രമാണ് പ്രയോഗിച്ചത്. സ്റ്റാൻ സാമിയച്ചനെതിരേ കേന്ദ്ര സർക്കാർ പ്രയോഗിച്ച ‘അർബൻ നക്സൽ’ പ്രയോഗവും നമ്മുടെ മനസ്സിലുണ്ടല്ലോ.

നരനായാട്ട് നടത്താനുള്ള സർക്കാരിൻ്റെ ലൈസൻസെടുക്കലും മുന്നൊരുക്കവുമാണ് ‘തീവ്രവാദി’പ്രയോഗം. നേരും നെറിവുമില്ലാത്ത സർക്കാർനയങ്ങളും ശൈലികളും മൂലം ജീവനും സ്വത്തും സംരക്ഷിക്കാൻ തെരുവിൽ പ്രതിഷേധിക്കാൻ നിർബന്ധിതരായിത്തീരുന്ന സാധാരണക്കാർക്കാണ് ഈ കിരീടം ഫാസിസ്റ്റു മനസ്സുള്ള സർക്കാരുകൾ ചാർത്തിക്കൊടുക്കാറ്. ജനകീയ സമരങ്ങളിൽ തീവ്രവാദികൾ നുഴഞ്ഞു കയറിയിരിക്കുന്നു എന്നതാണ് സർക്കാരിൻ്റെ സ്ഥിരം പല്ലവി. എന്നാൽ, അക്രമ മുദ്രാവാക്യങ്ങൾ മുഴക്കിയും വിദ്വേഷവിഷപ്രസംഗങ്ങൾ നടത്തിയും തെരുവുകളെ ആകമാനം വിറപ്പിച്ച് ശക്തിപ്രകടനങ്ങൾ നടത്തുന്ന ഒറിജിനൽ തീവ്രവാദികളെയും ഭീകരരെയും അങ്ങനെ വിളിക്കാനോ നേരിടാനോ സർക്കാരിനു കഴിയാറില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

തീർച്ചയായും ഒരു കാര്യം സത്യമാണ്: കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടും സ്ഥലവും നഷ്ടപ്പെടുന്ന ഏതു മനുഷ്യനും ഒരു തീവ്രവാദിയായി മാറിയേക്കാം. പക്ഷേ അവർ സർക്കാർ സൂചിപ്പിക്കും വിധമുള്ള തീവ്രവാദികളല്ല, ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി തീവ്രവും ന്യായവും ധീരവുമായ നിലപാടെടുത്ത്‌ ഭരണകൂട ഭീകരതയോട് ജനാധിപത്യ മാർഗങ്ങളിലൂടെ പൊരുതാനിറങ്ങുന്നവരാണ്.

മൂലമ്പിള്ളിക്കാരും ഫാസിസ്റ്റുകളും

2008-ൽ മൂലമ്പിള്ളിയിലെ പത്തു കുടുംബങ്ങളെയും കടമക്കുടി, മുളവുകാട്, ഇടപ്പള്ളി നോർത്ത്, ഇടപ്പള്ളി സൗത്ത്, ചേരാനല്ലൂർ, കടുങ്ങല്ലൂർ, ഏലൂർ എന്നീ പ്രദേശങ്ങളിൽ നിന്നുള്ള കുടുംബങ്ങളെയും അവരുടെ ഭവനങ്ങളിൽനിന്ന് തെരുവിലേക്കിറക്കി വിട്ട തികച്ചും കിരാതമായ കേരള സർക്കാറിൻ്റെ നടപടി ഓർത്ത് എന്നും കേരളത്തിനു ലജ്ജിക്കേണ്ടിവരും. അന്ന് ജില്ലാ കളക്ടറുടെ ഔദ്യോഗിക ഓഫീസ് സമുച്ചയത്തിലേക്ക് കുടിൽകെട്ടി താമസിക്കാനായി പ്രകടനമായി പോയ കുടിയൊഴിപ്പിക്കപ്പെട്ടവരെ പോലീസ് തടഞ്ഞതോടെ അവർ എറണാകുളം മേനക ജങ്ക്ഷനിൽ രാപകൽ സമരം ആരംഭിച്ചു. 45 ദിവസങ്ങൾ നീണ്ട ആ സമരത്തെയാണ് അന്നത്തെ മുഖ്യമന്ത്രി നക്സലുകളുടെ സമരം എന്നു വിശേഷിപ്പിച്ചത്.

ഒടുവിൽ, 2008 മാർച്ച് 19ന് സർക്കാരിന് ഒരു പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കേണ്ടി വന്നു. ഏറ്റെടുത്ത ഭൂമിക്ക് സെൻ്റിന് രണ്ടു ലക്ഷം രൂപ വീതം നല്കാമെന്നും സർക്കാർ വാസയോഗ്യമാക്കി നല്കുന്ന 4-6 സെൻ്റു ഭൂമിയിൽ താമസമുറപ്പിക്കും വരെ മാസം 5000 രൂപ വീതം ഓരോ കുടുംബത്തിനും കൊടുക്കാമെന്നും കുടിവെള്ളം, വിദ്യുച്ഛക്തി, റോഡുകൾ എന്നീ സൗകര്യങ്ങളോടുകൂടിയ ഭൂമി വിതരണം ചെയ്യാമെന്നും ഒരു കുടുംബത്തിൽനിന്ന് ഒരാൾക്ക് കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ തൊഴിൽ ലഭ്യമാക്കാമെന്നുമൊക്കെയായിരുന്നു പാക്കേജിലുള്ള മോഹനവാഗ്ദാനങ്ങൾ. അവയാൽ ആകൃഷ്ടരായി, ചെറുത്തു നിന്നിരുന്ന മറ്റു കുടുംബങ്ങൾകൂടി തങ്ങളുടെ ആധാരങ്ങൾ ലാൻഡ് അക്വിസിഷൻ ഓഫീസിൽ അടിയറവു വച്ചു.

2008 നവംബറിൽ പുനരധിവാസ ഭൂമിക്കായുള്ള സർക്കാർ നീക്കങ്ങൾ ആരംഭിച്ചു. 2012-ഓടെ ഏഴിടങ്ങളിലായി പുനരധിവാസ മേഖലകൾ തയ്യാറാക്കി. പക്ഷേ 316 കുടുംബങ്ങളിൽ 52 കുടുംബങ്ങൾ മാത്രമേ എല്ലാം വിറ്റുപെറുക്കിയും ലോണെടുത്തും ആ സ്ഥലങ്ങളിൽ വീട് വച്ചിട്ടുള്ളൂ. ഓരോ പുനരധിവാസ ഭൂമിയിലും ഉണ്ടാകേണ്ടിയിരുന്ന വീടുകളുടെയും ഇതുവരെ പണിയപ്പെട്ടിട്ടുള്ള വീടുകളുടെയും എണ്ണം താഴെ ചേർക്കുന്നു: മൂലമ്പിള്ളി (5/13), കോതാട് (5/18), മുളവുകാട് (0/15), ചേരാനല്ലൂർ (4/6), തുതിയൂർ കരുണാകരപിള്ള റോഡ്, കാക്കനാട് (2/54), തുതിയൂർ ഇന്ദിര നഗർ, കാക്കനാട് (2/104), വടുതല (34/106).

വാഗ്ദാനങ്ങൾ, സന്ദർശനങ്ങൾ, മിനിറ്റ്സുകൾ, മാപ്പപേക്ഷകൾ

ഇതിനിടെ ഇടത്തു-വലത്തു മുന്നണിക്കാർ പലപ്പോഴായി മൂലമ്പിള്ളി വിഷയത്തിൽ അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് വാചകക്കസർത്തുകളും സന്ദർശനങ്ങളും മാപ്പപേക്ഷകളും നടത്തി. 2010-ൽ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടി മൂലമ്പിള്ളി സന്ദർശിച്ച് തങ്ങൾ ഭരണത്തിലെത്തിയാൽ പ്രഥമപരിഗണനാവിഷയങ്ങളിൽ മൂലമ്പിള്ളി ഉണ്ടാകും എന്ന് ഉറപ്പു നല്കി. 2011-ൽ മുഖ്യമന്ത്രിയായ അദ്ദേഹം മൂലമ്പിള്ളി കോർഡിനേഷൻ സമിതിയുമായി ചർച്ച നടത്തി. നൂറു ദിന കർമ പരിപാടിയിലെ ആദ്യ പദ്ധതിയായി മൂലമ്പിള്ളി പാക്കേജ് അംഗീകരിച്ച് മിനിറ്റ്സിൽ എഴുതിവച്ചു. റവന്യൂ മന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രൻ സമരക്കാരുടെ പക്കലെത്തി രണ്ടു പ്രാവശ്യം (2008; 2014) മാപ്പു പറഞ്ഞു.

ടെർമിനലിൻ്റെയും ജനത്തിൻ്റെയും ദുരവസ്ഥ

എന്നാൽ, ഇപ്പോഴും ‘തലതിരിഞ്ഞ വികസന’ പദ്ധതിയും അതിൻ്റെ ഇരകളും പെരുവഴിയിലാണ്. ടെർമിനലിൻ്റെ അവസ്ഥ വളരെ ശോചനീയമാണ്. ലക്ഷ്യം കണ്ടിരുന്നതൊന്നും പൂർത്തിയാക്കാതെ നാളുകൾ നീളുകയാണ്. വീടുകൾ പൊളിച്ച് ജനത്തെ ഓടിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു പണിതൊരുക്കിയ റെയിൽപാളം ഇപ്പോൾ തുരുമ്പെടുത്തു നശിച്ചു കൊണ്ടിരിക്കുകയാണ്. ഇറക്കിവിടപ്പെട്ടവരുടെ ജീവിതം അനിശ്ചിതത്വത്തിലും നിരാശയിലും പുകയുകയുമാണ്. പുനരധിവാസ ഭൂമി ലഭിച്ച 316 കുടുംബങ്ങളും തങ്ങൾ ചതിക്കപ്പെട്ടു എന്ന തിരിച്ചറിവിൽ ഇപ്പോൾ വെന്തുരുകുകയാണ്. 264 വീട്ടുകാർ ഇപ്പോഴും വാടക വീടുകളിലും ചാർത്തുകളിലുമായി ജീവിതം തള്ളിനീക്കുന്നു. പാക്കേജിൻ്റെ ഭാഗമായി സർക്കാർ നല്കിയ ഏഴു പുനരധിവാസമേഖലകളിൽ ചേരാനല്ലൂരൊഴികെ ആറു സ്ഥലങ്ങളും ചതുപ്പുനിലം നികത്തിയെടുത്തവയാണ്. അവിടെ പണിയപ്പെട്ട 52 ഭവനങ്ങളിൽ ഒട്ടുമിക്കവയ്ക്കും വിള്ളലുകൾ സംഭവിച്ചുകഴിഞ്ഞു. പല ഭവനങ്ങൾക്കും ഒരു വശത്തേക്ക് ചരിവ് ഉണ്ട്. സർക്കാർ നല്കിയ ഇടം പാർപ്പിടം പണിയാൻ യോജിച്ചതല്ലെന്ന PWDയുടെ പഠന റിപ്പോർട്ടും സർക്കാരിൻ്റെ പക്കലെത്തിയിട്ടുണ്ട്. സർക്കാരിൻ്റെ നീതിരഹിതമായ വികസന നയവും ശൈലിയും കൊണ്ട് അനേകം കുടുംബങ്ങൾ ശിഥിലമായി. വ്യക്തികൾ മാനസിക പിരിമുറുക്കത്തിന് അടിമപ്പെട്ടു, ഏറെപ്പേർ രോഗികളായി. 32 പേർ ഇതിനകം മരിച്ചു. ഇതിൽ രണ്ടു പേർ ആത്മഹത്യ ചെയ്യുകയായിരുന്നു! കോതാടുനിന്ന് സർക്കാർ കുടിയിറക്കി വിട്ട കുന്നത്ത് ഫ്രാൻസിസ് (68), തുതിയൂർ ഇന്ദിരാനഗറിലെ പുനരധിവാസ മണ്ണിൽ വീടുവയ്ക്കാനാവാതെ, അയ്യപ്പൻകാവിലെ തൻ്റെ വാടകവീട്ടിൽ വച്ച് കഴുത്തിൽ കുരുക്കിട്ട് ഈ ഭൂമിയിൽനിന്നുതന്നെ കുടിയിറങ്ങിപ്പോയത് ഇക്കഴിഞ്ഞ നവംബർ 29-ാം തീയതി ആയിരുന്നു!

മൂലമ്പിള്ളിക്കാരും കോടതിയും

പാക്കേജ് പൂർണമായും പിഴവില്ലാതെയും നടപ്പിലാക്കാൻ സർക്കാരിനു നിർദേശം നല്കണമെന്ന് അഭ്യർത്ഥിച്ച് 46 പേർ ചേർന്ന് കേരള ഹൈക്കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തിരുന്നു. 2012-ൽ പാക്കേജ് നടപ്പിലാക്കിയെന്നും ചതുപ്പുനിലം വാസയോഗ്യമാക്കിയാണ് നല്കിയതെന്നും ഗവൺമെൻ്റ് പ്ലീഡർ വാദിച്ചു. 2021 ആഗസ്റ്റ് 26-ന് ഈ കേസിൽ കോടതി വിധി പറഞ്ഞു.
സർക്കാരിൻ്റെ രേഖകളിൽത്തന്നെ വീടുകളുടെ വിള്ളലുകളെക്കുറിച്ചു പരാമർശമുള്ളതിനാൽ സംസ്ഥാന ചീഫ് സെക്രട്ടറിയോ റവന്യൂ സെക്രട്ടറിയോ പരാതിക്കാരുടെ പ്രതിനിധികളുമായി നടത്തുന്ന ചർച്ചയുടെ വെളിച്ചത്തിൽ കളക്ടറുമായി സംസാരിച്ച് നാലാഴ്ചയ്ക്കകം ഉചിതമായ നടപടിക്രമങ്ങൾ കൈക്കൊള്ളണമെന്നും കോടതി നിർദേശിച്ചു. നാലു മാസത്തിനുള്ളിൽ ഒരു അന്തിമ തീരുമാനമുണ്ടാകണമെന്ന് കോടതി ഉത്തരവിട്ട വിഷയത്തിൽ ഈ സർക്കാർ ഇതുവരെയും ഒരു ചെറുവിരൽപോലും അനക്കിയിട്ടില്ല.

വർഷത്തിൽ ഒരു വഴിപാട്

സമരം നിറുത്തിയ മൂലമ്പിള്ളിക്കാർക്കു കിട്ടിയ ഏക സമ്മാനം അന്ധതബാധിച്ച സർക്കാർ സംവിധാനങ്ങൾക്കും ഓഫീസുകൾക്കും മുന്നിൽ എല്ലാ വർഷവും ഒരു ആചാരംപോലെ നടത്തേണ്ടിവരുന്ന ഒരു മൂലമ്പിള്ളി ദിനാചരണമാണ്! ഈ വർഷം മാർച്ച് 19-ാം തീയതി സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിനെക്കുറിച്ച് സർക്കാരിനെയും റവന്യൂ വകുപ്പിനെയും ഓർമിപ്പിക്കാൻ കത്തുകളയച്ചു പ്രതിഷേധിക്കുകയാണ് ഈ പാവപ്പെട്ട മനുഷ്യർ ചെയ്തത്.

ജീവിതം കയ്ച്ചവെച്ചവരുടെ തീവ്രവാദം…

മൂലമ്പിള്ളി സമരകാലത്ത് നിലവിലുണ്ടായിരുന്ന അതേ മുന്നണി നയിക്കുന്ന സർക്കാർ ഇപ്പോൾ കെ-റെയിൽ എന്ന മഹാവെള്ളാനയുമായി വന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, ഏലൂരിലെ മഞ്ഞുമ്മൽനിന്നും കുടിയിറക്കപ്പെട്ട എൺപത്തിരണ്ടുകാരിയായ ശ്രീദേവി പറയുന്നത് കേൾക്കുക: “തുതിയൂരിൽ പുനരധിവാസയിടം ലഭിച്ച ഒട്ടുമിക്ക കുടുംബങ്ങളും വീടു പണിതിട്ടില്ല. കാരണം, പണിതവയ്ക്കെല്ലാം വിള്ളലുണ്ട്. ചതുപ്പുനിലമായതുകൊണ്ട് ഈ പ്രശ്നമുണ്ടെന്ന് അധികാരികൾക്കെല്ലാം അറിയാം. പ്രശ്നം ഉണ്ടെന്ന് സമ്മതിക്കുന്നതല്ലാതെ അതിന് പരിഹാരം കാണാൻ ആരും ശ്രമിക്കുന്നില്ല. ഞങ്ങളുടെ ഗതി ആർക്കും വരാതിരിക്കേണ്ടതിന് ഇനി ഒറ്റ മാർഗമേയുള്ളൂ – വികസനം എന്നും പറഞ്ഞു വരുന്നവർക്ക് ആരും സ്വന്തം ഭൂമി വിട്ടുകൊടുക്കാതിരിക്കുക”.

വന്ദ്യവയോധികയായ ഈ അമ്മ പറയുന്നതിനോട് എനിക്കു പൂർണമായ യോജിപ്പില്ല. പക്ഷേ, ആ അമ്മ പറയുന്നതിൽ കാര്യമുണ്ട്. വാക്കിനും നിലപാടുകൾക്കും നേരും നെറിവുമില്ലാത്ത ഭരണകർത്താക്കളുള്ളിടത്ത് പൗരന്മാർ സ്വീകരിക്കേണ്ട നിലപാട് അതു തന്നെയാണ്. മൂലമ്പിള്ളിയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് മനുഷ്യോചിതവും ന്യായപൂർണവുമായ ജീവിത സാഹചര്യം ഒരുക്കാൻ തയ്യാറാകാത്ത ഭരണകൂടത്തിന് കേരളത്തിൽ ഒരിടത്തും വികസനത്തിൻ്റെ പേരിൽ മനുഷ്യരെ ഇനിയും കുടിയിറക്കാൻ അവകാശമില്ല. ആദ്യം മൂലമ്പിള്ളിക്കാർക്ക് നീതി നടത്തിക്കൊടുക്കുക. ശേഷം, അടുത്ത വികസനകാര്യം ചർച്ച ചെയ്യാം. അതല്ലേ സാമൂഹ്യനീതിയും സാമാന്യമര്യാദയും?

– ഫാ. ജോഷി മയ്യാറ്റിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group