ദു:ക്റാനയുടെ 1950 വർഷങ്ങൾ

2022 ജൂലൈ 3 ഭാരതാപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷിക ദിനമാണ്. ഭാരതസഭയുടെ ചരിത്രത്തിലെ ഒരു വലിയ നാഴികക്കല്ലാണ് ഈ ദിനം. മാർത്തോമ്മാശ്ലീഹാ മൈലാപ്പൂരിൽ ചൊരിഞ്ഞ രക്തവും നമ്മുടെ കർത്താവായ യേശുവിനുള്ള അദ്ദേഹത്തിന്റെ സാക്ഷ്യവുമാണ് ഭാരത സഭയുടെ അടിത്തറ. മാർത്തോമ്മാശ്ലീഹാ ഇന്ത്യയിൽ എത്തിച്ച സുവിശേഷ വെളിച്ചം മങ്ങാതെ സൂക്ഷിക്കുവാനും നിരന്തരം പ്രശോഭിതമാക്കുവാനുമുള്ള നമ്മുടെ കടമ ഓർമ്മിച്ചു കൊണ്ട് അതിനായി ആത്മാർത്ഥമായി പ്രതിജ്ഞാബദ്ധരാകാൻ ഈ ദിനം നമ്മെ ക്ഷണിക്കുന്നു. തോമാശ്ലിഹാ ഭാരത മണ്ണിൽ പ്രഘോഷിച്ച സുവിശേഷത്തിന്റെ സാക്ഷികളും തുടർപ്രഘോഷകരുമായി മാറാൻ നമുക്ക് സാധിക്കണം. ഇന്നത്തെ ചെന്നൈയുടെ പ്രാന്തപ്രദേശമായ മൈലാപ്പൂരില്‍ വെച്ചാണ് തോമാശ്ലീഹാ രക്തസാക്ഷിയായത്. ശ്ലീഹായുടെ മൈലാപ്പൂരിലെ കല്ലറ അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തിന്‍റെയും ഇന്ത്യയിലെ പ്രേഷിതദൗത്യത്തിന്‍റെയും ഏറ്റവും വലിയ തെളിവായി ഇന്നും നിലകൊള്ളുന്നു. തോമസിന്റെ ശവകുടീരം ഉണ്ടെന്ന് അവകാശപ്പെടുന്ന മറ്റൊരു സ്ഥലം ലോകത്ത് വേറെവിടെയും ഇല്ല. വടക്കു പടിഞ്ഞാറൻ ഇന്ത്യയില്‍ തോമാശ്ലീഹായുടെ പ്രേഷിത ദൗത്യം വിവരിക്കുന്ന തോമായുടെ നടപടികള്‍ എന്ന ഗ്രന്ഥം പോലും അദ്ദേഹത്തിന്‍റെ മരണം നടന്നത് അവിടെയാണെന്നോ കബറിടം അവിടെ ഉണ്ടെന്ന് സ്ഥാപിക്കുവാനോ മുതിരുന്നില്ല. തോമാശ്ലീഹായുടെ കല്ലറ ഇന്ത്യയിലാണെന്നത് പാശ്ചാത്യ, ഭാരത പാരമ്പര്യങ്ങള്‍ ഒരുപോലെ അംഗീകരിക്കുന്നുണ്ട്: പത്രോസിന്‍റെ റോമിലെ കല്ലറ പോലെ വേറെ അവകാശികളില്ലാത്ത ഒരു ശവകുടീരം. തോമാശ്ലീഹായുടെതായി ചരിത്രത്തിൽ ഇന്നുവരെ അറിയപ്പെട്ട ഏക കല്ലറയാണ് മൈലാപ്പൂരിലേത്.
തോമാശ്ലീഹായുടെ ഭാരത പ്രേഷിത പ്രവര്‍ത്തനം ചരിത്ര വസ്തുതയായി അംഗീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ ഇന്നും ഉണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. ഇരുപതു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവത്തെ തികച്ചും വിശ്വാസ യോഗ്യമായ രീതിയില്‍ പുനഃനിര്‍മ്മിക്കുക അത്ര എളുപ്പമല്ല. അപ്രകാരം ചെയ്യുവാന്‍ ഇന്ന് നമ്മളുടെ പക്കല്‍ അക്കാലത്തിന്‍റേതായ ചില ശേഷിപ്പുകള്‍ മാത്രമേയുള്ളൂ. എന്നാല്‍ അവയിലൂടെ ചരിത്രാന്വേഷകന്‍റെ കൗതുകത്തോടെയും തീക്ഷണതയോടെയും കടന്നു പോയാൽ സംശയം വിസ്മയമായും വിസ്മയം യാഥാര്‍ത്ഥ്യ ബോധമായും മാറും. ഇവയെല്ലാം എന്നും നമ്മുടെ മണ്ണിൽ തന്നെ ഉണ്ടായിരുന്നു. പലരും അവ കണ്ടില്ല, ചിലര്‍ കണ്ടെങ്കിലും കൂടുതല്‍ അന്വേഷിച്ചില്ല, കണ്ടവരില്‍ പലരെയും അംഗീകരിക്കാന്‍ പലരും തയ്യാറായുമില്ല. തോമാശ്ലീഹായുടെ ഭാരത പ്രേഷിത പ്രവര്‍ത്തനത്തിന്‍റെ വേരുകള്‍ തേടി ഇന്ത്യയില്‍ അങ്ങോളമിങ്ങോളം യാത്ര ചെയ്ത ബെല്‍ജിയംകാരനായ ഹോസ്റ്റനച്ചന്‍ ഒടുവില്‍ ഇപ്രകാരം കുറിച്ചു വെച്ചു. “അടയാളങ്ങളും കാല്‍പാടുകളും അപ്രത്യക്ഷമായിട്ടുണ്ടാകും. പലതും നിങ്ങള്‍ അറിയാതെ കണ്ടിട്ടുണ്ടാകാം, ചിലപ്പോള്‍ അംഗീകരിക്കാതെ അറിഞ്ഞിട്ടുമുണ്ടാകാം. കാരണം അവിശ്വാസികളായ ഒരു കൂട്ടം ആളുകള്‍ എതിര്‍ക്കുമെന്ന് നിങ്ങള്‍ ഭയപ്പെട്ടു. എവിടെയൊക്കെയാണ് അന്വേഷിക്കേണ്ടത് എന്ന് നിങ്ങള്‍ക്ക് അറിവില്ലായിരുന്നിരിക്കാം. ചിലതൊക്കെ പലരും ചൂണ്ടിക്കാണ്ടിയപ്പോള്‍ അതുള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്ക് മനസ്സു വന്നില്ലായിരിക്കും. … എന്നിട്ടും ഇവയെല്ലാം എപ്പോഴും അവിടെയുണ്ടായിരുന്നു. എല്ലാവരും കണ്ടെത്തേണ്ടതിന്”. നമ്മുടെ മനസ്സുകള്‍ക്ക് പൊതുവെയുള്ള ചരിത്രാന്വേഷണ വിമുഖത മാറ്റിവെച്ചു കൊണ്ട്, നാം കാണുന്ന ചരിത്രത്തിന്റെ കാല്‍പ്പാടുകളും തെളിവുകളായ ശേഷിപ്പുകളും കോര്‍ത്തിണക്കി തോമാശ്ലീഹായുടെ ഭാരത പ്രേഷിത തീര്‍ത്ഥയാത്ര മനസ്സിലാക്കുവാനും ഉള്‍ക്കൊള്ളുവാനും നമുക്ക് സാധിക്കട്ടെ. മാർത്തോമ്മാശ്ലീഹാ നമ്മുടെ മണ്ണിൽ രക്തസാക്ഷിയായിട്ട് 1950 വർഷങ്ങൾ പൂർത്തിയാകുമ്പോൾ ഭാരതമണ്ണിൽ സുവിശേഷത്തിനു സാക്ഷ്യമേകുവാനായി രക്തം ചിന്തിയ എല്ലാവരെയും നമുക്ക് അനുസ്മരിക്കാം. ഈ സുവിശേഷത്തിനു ഇന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രീതിയിൽ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്ന എല്ലാവരെയും മാർത്തോമ്മാശ്ലീഹായുടെ മാദ്ധ്യസ്ഥത്തിനു സമർപ്പിക്കാം, നമ്മുടെ തന്നെ പ്രേഷിത കർത്തവ്യത്തെ കുറിച്ച് കൂടുതൽ അവബോധമുള്ളവരായി മാറുകയും ചെയ്യാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group