സുപ്പീരിയർ ജനറൽമാരുടെ ഇരുപത്തി രണ്ടാമത് പ്ലീനറി സമ്മേളനം മെയ് രണ്ടു മുതല്‍ ആറ് വരെ

ആഗോള കത്തോലിക്ക സഭയിലെ സന്യാസിനി സമൂഹങ്ങളുടെ സുപ്പീരിയർ ജനറൽമാരുടെ ഇരുപത്തി രണ്ടാമത് പ്ലീനറി സമ്മേളനം മെയ് രണ്ടു മുതല്‍ ആറ് വരെ റോമില്‍ നടക്കും.

“ദൗർബല്യങ്ങളിൽ നിന്ന് സിനഡൽ മാർഗ്ഗത്തിലേക്കുള്ള ഞങ്ങളുടെ യാത്ര” എന്ന പ്രമേയം കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ സംഗമം റോമിലുള്ള എർജിഫ് ഹോട്ടലിൽ നടക്കുക. 700 സുപ്പീരിയർ ജനറൽമാരായിരിക്കും സമ്മേളനത്തില്‍ പങ്കെടുക്കുക. ഇവരിൽ 520 പേർ റോമില്‍ നേരിട്ടെത്തും. ബാക്കിയുള്ളവര്‍ ഓണ്‍ലൈന്‍ മുഖാന്തിരം ആയിരിയ്ക്കും ചര്‍ച്ചകളില്‍ പങ്കെടുക്കുക.

സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ, നാളെ ഏപ്രിൽ 29-ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്സ് ഓഫിസില്‍ അവതരിപ്പിക്കപ്പെടും. 71 രാജ്യങ്ങളിൽ നിന്നുള്ള ആളുകളാണ് പ്രധാനപ്പെട്ട ഈ സമ്മേളനത്തിൽ സംബന്ധിക്കുന്നത്. ഇതിൽ ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഏഷ്യയിൽ ഇന്ത്യയിൽ നിന്നും, തെക്കേ അമേരിക്കയിൽ മെക്സിക്കോ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുമാണ് കൂടുതൽ സന്യസ്തർ എത്തുക. ആഫ്രിക്കയിൽ കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിൽ നിന്നാണ് കൂടുതൽ പ്രതിനിധികള്‍ എത്തുക.

1965 മുതൽ സന്ന്യാസിനീ സമൂഹങ്ങളിലെ സുപ്പീരിയർ ജനറൽമാരുടെ സമ്മേളനങ്ങൾ നടക്കാറുണ്ട്. സമർപ്പിത ജീവിതവുമായി ബന്ധപ്പെട്ട്, പുതിയ നയങ്ങളും രീതികളും രൂപീകരിക്കുന്നതിനു വേണ്ടി പരസ്പര വിനിമയം സാധ്യമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group