കേരള കത്തോലിക്കാ രൂപതകൾ സംസ്ഥാന വ്യാപകമായി ജാഗ്രതാ സമിതികൾ രൂപീകരിക്കുന്നു

ജാഗ്രതാ സമിതി പ്രതിനിധി സമ്മേളനം ജൂലൈ 29-30 തീയ്യതികളിൽ പി ഒ സിയിൽ

കൊച്ചി: വർധിച്ചു വരുന്ന വിവിധ സാമൂഹിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ, കെസിബിസി ഐക്യ – ജാഗ്രതാ കമ്മീഷന്റെ നേതൃത്വത്തിൽ എല്ലാ രൂപതകളിലും ജാഗ്രതാ സമിതികൾ രൂപീകരിക്കാനും പ്രവർത്തനങ്ങൾ വിപുലീകരിക്കുവാനും ഇടപെടലുകൾ ഉറപ്പാക്കാനും എറണാകുളത്ത് നടന്ന കെസിബിസി സമ്മേളനം തീരുമാനിക്കുകയുണ്ടായിരുന്നു. അഞ്ച് പേർ അടങ്ങുന്ന ഒരു ജാഗ്രതാ കമ്മിറ്റിയായിരിക്കും രൂപതാതലത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. കേരളത്തിലെ 32 രൂപതകളിൽ നിന്നുമുള്ള ജാഗ്രതാ സമിതി പ്രതിനിധികളുടെ ആദ്യ യോഗം ജൂലൈ 29-30 തീയ്യതികളിൽ കെസിബിസി ആസ്ഥാനമായ പി ഒ സിയിൽ ചേരുമെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ അറിയിച്ചു. സാമൂഹിക ഐക്യം സംബന്ധിച്ചുള്ള കത്തോലിക്കാ സഭയുടെ നിലപാടുകളും നയങ്ങളും ശരിയായി അവതരിപ്പിക്കാനും നടപ്പിലാക്കാനും, സഭ നേരിടുന്ന വിവിധ പ്രതിസന്ധികളെ കുറിച്ച് നിരീക്ഷണങ്ങളും പഠനങ്ങളും നടത്താനും, സഭയ്ക്കെതിരായുള്ള ആസൂത്രിതമായ അപവാദ പ്രചാരണങ്ങളെയും അധിനിവേശ ശ്രമങ്ങളെയും പ്രതിരോധിക്കാനും ആവശ്യമായ പ്രവർത്തനങ്ങൾക്കാണ് ജാഗ്രതാ സമിതികൾ നേതൃത്വം നൽകുക. രൂപതാതലത്തിലുള്ള ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ഇടവക – ഫൊറോന തലങ്ങളിൽ ജാഗ്രത കൂട്ടായ്മകൾ രൂപീകരിക്കുന്നത് വഴിയായി, സമീപകാലത്ത് ഗൗരവമായ ചർച്ചകൾക്ക് ഇടയാക്കിയ പ്രണയക്കെണികൾ, വർദ്ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗം, വർഗീയ ധ്രുവീകരണം മുതലായ വിഷയങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ ഉറപ്പുവരുത്തുകയാണ് കേരള കത്തോലിക്കാ സഭാനേതൃത്വം ലക്ഷ്യമാക്കുന്നതെന്നും ജാഗ്രതാ കമ്മീഷൻ സെക്രട്ടറി അറിയിച്ചു. ഇത്തരം വിഷയങ്ങളിൽ സമയബന്ധിതവും വ്യക്തവുമായ പ്രതികരണങ്ങൾ ഈ നാളുകളിൽ കെസിബിസി ജാഗ്രത കമ്മീഷൻ നടത്തി വന്നിട്ടുണ്ട്. അതിന്റെ തുടർച്ചയായി കൂടുതൽ ഫലപ്രദമായ ഇടപെടലുകൾ സമൂഹത്തിൽ നടത്താൻ ജാഗ്രതാ സമിതികളിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിചേർത്തു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group