വിശ്വാസികൾക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നത് ഉത്തരവാദിത്വമുള്ള ഇടയന്റെ കടമയാണ് കാഞ്ഞിരപ്പള്ളി രൂപത…

കോട്ടയം:: ദൈവം ഭരമേല്പിച്ചവരെ അപകടസാധ്യതകളിൽ നിന്നും രക്ഷിക്കേണ്ടതും, മുന്നറിയിപ്പ് നൽകേണ്ടതും ഉത്തരവാദിത്വ ബോധമുള്ള അജപാലകന്റെ കടമയാണെന്ന് കാഞ്ഞിരപ്പള്ളി രൂപത. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെ സന്ദര്‍ശിച്ച കാഞ്ഞിരപ്പള്ളി രൂപതാ വൈദിക പ്രതിനിധി സംഘത്തിന്റേതാണ് പ്രതികരണം. അനാവശ്യമായ മാധ്യമ വിചാരണയിലൂടെയും സംഘടിത നീക്കങ്ങളിലൂടെയും ജോസഫ് കല്ലറങ്ങാട്ട് പിതാവിനെയും സഭയെയും അവഹേളിക്കുവാനുള്ള നീക്കങ്ങളില്‍ നിന്നും തത്പര കക്ഷികള്‍ പിന്തിരിയണമെന്നും വൈദികർ ആവശ്യപ്പെട്ടു.

വികാരി ജനറാൾമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കാഞ്ഞിരപ്പള്ളി രൂപതയില്‍ നിന്നുള്ള വൈദിക പ്രതിനിധി സംഘം കല്ലറങ്ങാട്ട് പിതാവിനെ സന്ദർശിക്കാൻ എത്തിയത്. കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, രൂപതാ മുന്‍ മേലദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ എന്നിവരുടെ കഴിഞ്ഞ ദിവസങ്ങളിലെ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള വൈദിക പ്രതിനിധി സംഘത്തിൻ്റെ സന്ദര്‍ശനം.

ആശങ്കകള്‍ പരിഹരിക്കുന്നതിനു പകരം ഭീഷണിയിലൂടെ വായ് മൂടിക്കെട്ടാന്‍ ശ്രമിക്കുന്നത് ജനാധിപത്യ മര്യാദകള്‍ക്ക് ചേരുന്നതല്ല. ഒരു സമുദായത്തെയും മതവിഭാഗത്തെയും അപകീര്‍ത്തിപ്പെടുത്താതെ സംഘടിത സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂചന നല്‍കി എന്നതിന്റെ പേരില്‍ മതസ്പര്‍ദ്ധയ്ക്ക് കാരണക്കാരനാക്കി കല്ലറങ്ങാട്ട് പിതാവിനെ ചിത്രീകരിക്കുന്നത് ഗൂഢതാല്പര്യങ്ങളുടെ സൃഷ്ടിയാണ്. പിതാവ് ഉന്നയിച്ച വിഷയങ്ങളുടെ ഗൗരവം തമസ്‌കരിച്ച് വിവാദം സൃഷ്ടിക്കുന്നവര്‍ കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തെയും സാമുദായിക ഐക്യത്തെയും തകര്‍ക്കുന്ന അപകടത്തിലേയ്ക്കാണ് നാടിനെ എത്തിക്കുന്നത്. ആശങ്കകളെ ദൂരീകരിക്കുകയും യാഥാര്‍ത്ഥ്യ ബോധത്തോടെ വിഷയങ്ങളെ സമീപിക്കുകയും ചെയ്യുന്ന ചര്‍ച്ചകള്‍ക്ക് പകരം സത്യത്തിനു പുറം തിരിഞ്ഞു നിന്നുകൊണ്ട് വിവാദമുണ്ടാക്കി അത് ആളിക്കത്തിക്കുന്നതിനുള്ള ശ്രമങ്ങളില്‍ നിന്നും നിക്ഷിപ്ത താല്‍പര്യക്കാര്‍ പിന്തിരിയണമെന്നും വൈദിക പ്രതിനിധി സംഘം ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group