ലോക പൈതൃക പട്ടികയില്‍ ഇടംനേടിയ യുക്രൈനിലെ ആദ്യത്തെ കത്തീഡ്രൽ ഭീഷണിയിൽ

പതിനൊന്നാം നൂറ്റാണ്ടു മുതല്‍ കീവിന്റെ ആത്മീയ കേന്ദ്രവും ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ യുക്രൈനിലെ ആദ്യത്തെ കത്തീഡ്രലിന് ആക്രമണ ഭീഷണി.റഷ്യ കത്തീഡ്രൽ ലക്ഷ്യം വെച്ച് വ്യോമാക്രമണം നടത്തുവാൻ പദ്ധതിയിടുന്നുണ്ടെന്ന ആശങ്ക മതനേതാക്കൾ പങ്കുവെച്ചു.

യുക്രൈന്റെ ഏറ്റവും പ്രശസ്തമായ അടയാളങ്ങളിലൊന്നായ ഈ പൈതൃക മന്ദിരം റഷ്യയുടെ വ്യോമാക്രമണത്തിന് ഇരയാകുവാന്‍ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന കാര്യം ‘യുക്രൈന്‍ കൗണ്‍സില്‍ ഫോര്‍ ചര്‍ച്ചസ് ആന്‍ഡ്‌ റിലീജിയസ് ഓര്‍ഗനൈസേഷന്‍സ്’ (യു.സി.സി.ആര്‍.ഒ) ആണ് പുറത്തുവിട്ടത്. തങ്ങള്‍ക്ക് ലഭിച്ച വിവരം സ്ഥിരീകരിക്കുവാന്‍ കഴിയില്ലെങ്കിലും, രണ്ടാം ലോകമഹായുദ്ധ കാലത്ത് സമാനമായ ആക്രമണം നടന്നിട്ടുള്ള കാര്യം യു.സി.സി.ആര്‍.ഒ ചൂണ്ടിക്കാട്ടുന്നുണ്ട്.

സെന്റ്‌ സോഫിയ കത്തീഡ്രല്‍ ആക്രമിക്കുവാന്‍ ക്രെംലിന്‍ പദ്ധതിയിടുന്നുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സംഘത്തില്‍പ്പെട്ടവരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. റഷ്യയുടെ അന്യായവും, പ്രകോപനപരവുമായ ആക്രമണ പദ്ധതിയില്‍ യുക്രൈനിലെ സാംസ്കാരിക ആത്മീയ കേന്ദ്രങ്ങളും ഉള്‍പ്പെടുന്നുണ്ടെന്നും, കീവിലെ ബാബിന്‍യാര്‍, ഖാര്‍കീവ് തുടങ്ങിയ രൂപതകളില്‍ നാശനഷ്ടങ്ങള്‍ വരുത്തിയ റഷ്യന്‍ നടപടിയെ തങ്ങള്‍ അപലപിക്കുന്നുവെന്നും മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അംബാസഡറായ റാഷദ് ഹുസൈന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. 2018-ല്‍ പിരിഞ്ഞ രണ്ട് യുക്രൈന്‍ ഓര്‍ത്തഡോക്സ് സഭാ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ ക്രിസ്ത്യന്‍ സഭകള്‍ക്ക് പുറമേ, യഹൂദ, മുസ്ലീം മതങ്ങളില്‍ നിന്നുമുള്ള വൈദികരും യു.സി.സി.ആര്‍.ഒയില്‍ ഉള്‍പ്പെടുന്നുണ്ട്.

യുക്രൈന്‍ ഓര്‍ത്തഡോക്സ് സഭയെയാണ് യുക്രൈന്റെ ദേശീയ സഭയായി കണക്കാക്കി വരുന്നത്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ നേരിട്ടല്ലാത്ത മേല്‍നോട്ടവും യുക്രൈന്‍ സഭക്ക് മേലുണ്ട്. കീവിലെ ടിവി ടവര്‍ തകര്‍ക്കുവാനുള്ള ശ്രമത്തില്‍ ബാബിന്‍ യാറിലെ ഹോളോകോസ്റ്റ് മെമ്മോറിയല്‍ സെന്ററിനും കേടുപാടുകള്‍ സംഭവിച്ച കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് ആയുധ സിസ്റ്റത്തിലെ സാങ്കേതിക പിഴവുകള്‍ കാരണവും കത്തീഡ്രലില്‍ മിസൈല്‍ പതിക്കുവാനുള്ള സാധ്യതയും യു.സി.സി.ആര്‍.ഒ ഉന്നയിക്കുന്നുണ്ട്. യുക്രൈനെതിരായ റഷ്യന്‍ ആക്രമണത്തെ അപലപിക്കുകയും, റഷ്യന്‍ അധിനിവേശം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഒരിക്കല്‍ കൂടി ആവശ്യപ്പെട്ടുകൊണ്ടാണ് യു.സി.സി.ആര്‍.ഒ യുടെ മുന്നറിയിപ്പ് അവസാനിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group