വിന്റർ കാർണിവലിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഒരുക്കിയ ഐസ് ചാപ്പൽ ശ്രദ്ധേയമാകുന്നു

അതിശൈത്യത്തിലും ക്രൈസ്തവ വിശ്വാസം ഉയർത്തിപ്പിടിക്കുകയാണ് മിഷിഗൺ ടെക് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം വിദ്യാർഥികൾ.

1922മുതൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന വിന്റർ കാർണിവലിൽ തുടർച്ചയായി ഏഴാം തവണയാണ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ഐസുകൊണ്ട്
ചാപ്പൽ നിർമിക്കുന്നത്. പതിവുപോലെ സെന്റ് ആൽബർട് ദ ഗ്രേറ്റ് ഇടവകയുടെ നേതൃത്വത്തിൽ ഐസ് ചാപ്പലിൽ വാർഷിക ദിവ്യബലി അർപ്പണവും നടന്നു. കൂട്ടായ്മയും വിശ്വാസവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുവജനക്കൂട്ടായ്മ ആരംഭിച്ച ഐസ് ചാപ്പൽ നിർമാണം ഓരോ വർഷം പിന്നിടുമ്പോഴും കൂടുതൽ ശ്രദ്ധേയമാകുകയാണ്.

മൈനസ് ഡിഗ്രിയിലും ഉജ്വലിക്കുന്ന ക്രിസ്തുവിശ്വാസത്തിന്റെ നേർസാക്ഷ്യം എന്നാണ് വിദ്യാർത്ഥികളുടെ ഈ ശ്രമം വിശേഷിപ്പിക്കപ്പെടുന്നത്. പ്രദേശവാസികളെയും ഉൾപ്പെടുത്തിയാണ് ‘ഔർ ലേഡി ഓഫ് സ്‌നോസ്’ എന്ന പേരിൽ വിദ്യാർത്ഥികൾ ചാപ്പൽ നിർമിച്ചത്. മരംകൊണ്ട് നിർമിച്ച ദൈവമാതാവിന്റെ തിരുരൂപവും ‘സ്റ്റൈയിൻഡ് ഗ്ലാസ്’ മാതൃകയിൽ പ്രത്യേകം തയാറാക്കിയ ‘സ്റ്റൈയിൻഡ് ഐസ്’ ചിത്രങ്ങളുമായിരുന്നു ഇത്തവണത്തെ മുഖ്യസവിശേഷത. കഴിഞ്ഞ തവണത്തേപോലെ, അതിസുന്ദരമായ പ്രസംഗപീഠം ഇത്തവണയും ചാപ്പലിൽ ഒരുക്കിയിട്ടുണ്ട്.

സെന്റ് ആൽബർട് ദ ഗ്രേറ്റ് ഇടവകയുടെ അങ്കണത്തിൽ ഒരുക്കിയ ഐസ് ചാപ്പലിൽ അർപ്പിച്ച ദിവ്യബലിയിൽ പ്രദേശവാസികളും വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കുകൊണ്ടു. ഇതിനകംതന്നെ നിരവധി ദിവ്യബലികൾക്ക് ഐസ് ചാപ്പൽ വേദിയായിക്കഴിഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group