സ്നേഹത്തിൽ ചാലിക്കുന്ന വിഷം

സ്നേഹത്തിൽ ചാലിച്ച വിഷം കഷായത്തിൽ കലർത്തി ജീവനോളം സ്നേഹിച്ച, യുവാവിനെ ഇഞ്ചിഞ്ചായി കൊലപ്പെടുത്താൻ 22 വയസ്സുള്ള ഗ്രീഷ്മ നായർ എന്ന പെൺകുട്ടിക്ക് എങ്ങനെ കഴിഞ്ഞു…!! കൊലപാതകം അത് ആര് ചെയ്താലും ക്രൂരതയാണ്. കൊല നടത്തിയ വ്യക്തിയുടെ സ്റ്റാറ്റസ് നോക്കുകയോ, ആൺ-പെൺ എന്ന വ്യത്യാസമോ കാണിക്കാൻ പാടില്ല…

കഴിഞ്ഞ ആഴ്ച കണ്ണൂരിൽ ശ്യാംജിത്ത് എന്ന യുവാവ് പ്രണയപകയുടെ പേരിൽ വിഷ്ണുപ്രിയ എന്ന യുവതിയെ കഴുത്തറുത്ത് കൊന്നപ്പോൾ കേരളത്തിലെ മീഡിയകൾ എല്ലാം കൊലപാതകിയായ യുവാവിന്റെ പേരും കുടുംബ ചരിത്രവും വിശദമായി ചർച്ച ചെയ്തു. എന്നാൽ ഈ ദിവസങ്ങളിൽ ഷാരോണിനെ കൊന്ന പെൺകുട്ടിയുടെ പേര് “ഗ്രീഷ്മ നായർ” എന്ന് വ്യക്തമാക്കാതെ “പെൺ സുഹൃത്ത്” എന്ന് മാത്രം വിശേഷണം നൽകാൻ കേരളത്തിലെ ഭൂരിഭാഗം മീഡിയകളും കിണഞ്ഞു പരിശ്രമിച്ചു. ഈ കരുതലിനെ എന്ത് പേര് ചെല്ലി വിളിക്കും..?

പെൺസുഹൃത്തിന്റെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കഴിച്ചതിനുശേഷം ആണ് ഷാരോൺ അവശനായതെന്നും, പച്ചയും നീലയും നിറത്തിൽ ഷാരോൺ ശർദ്ദിച്ചു എന്നും, ആന്തരിക അവയവങ്ങളും വായും പൊള്ളി എന്നും കേൾക്കുമ്പോൾ തന്നെ തലയിൽ അല്പം എങ്കിലും വെളിച്ചമുള്ള സാധാരണക്കാർക്ക് പോലും മനസ്സിലാകും കഴിച്ച കഷായത്തിലോ, ജ്യൂസിലോ മാരകമായ വിഷം കലർന്നിട്ടുണ്ട് എന്ന്. എന്നിട്ടും പാറശ്ശാല പോലീസ് കാണിച്ച അനാസ്ഥ ഭീകരമാണ്… നിഷ്കളങ്കതയുടെ മൂടുപടം ചൂടിയ ശാലിന സുന്ദരികളുടെ കണ്ണീരിൽ ചാലിച്ച വാക്കുകൾ വിശ്വസിക്കാൻ മാത്രം ദുർബലരാണോ കേരള പോലീസ്..? അതോ ഏതുതരത്തിലും ഗ്രീഷ്മ നായരെയും കുടുംബത്തേയും രക്ഷിക്കണമെന്ന് അവർ ആഗ്രഹിച്ചിരുന്നോ..? വിഷം കലർത്തിയ ജ്യൂസ് മാസങ്ങളോളം ഷാരോണിന് സ്നേഹത്തിൽ ചാലിച്ച് പകുത്തു നൽകിയ ഗ്രീഷ്മ നായരുടെ ക്രൂരത ശ്യാംജിത്തിന്റെ ക്രൂരതയേക്കാൾ ഭയാനകമാണ്…

നൂറ്റാണ്ടുകളോളം പവിത്രമായി കണ്ടിരുന്ന പ്രണയത്തെ, എന്തേ ഈ പുതുതലമുറ ഇത്രയും കളങ്കിതമാക്കുന്നത്..? പ്രണയ നൈരാശ്യം മൂലമോ, പ്രണയത്തിൽ നിന്ന് ഒരാളെ ഒഴിവാക്കാനേ വേണ്ടി ആരും ഒരിയ്ക്കലും ആരുടെയും ജീവനോ, ജീവിതമോ തല്ലി കെടുത്തരുത്. കാരണം പ്രണയം പവിത്രമാണ്, ആ പവിത്രത ഇനിയെങ്കിലും കളങ്കിതമാക്കരുതേ,

കടപ്പാട് :സി. സോണിയ തെരേസ് ഡി. എസ്. ജെ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group