യൂണിഫോമിന്റെ രാഷ്ട്രീയം

കേരളത്തിലെ 2022 വർഷാരംഭം സ്‌കൂൾ യൂണിഫോമിന്റെ പേരിൽ പുതിയൊരു വിവാദപരമ്പരയ്ക്ക് തിരികൊളുത്തിക്കൊണ്ടായിരുന്നു. കർണ്ണാടകയിലെ സ്‌കൂൾ യൂണിഫോം – ഹിജാബ് വിവാദം കേരളത്തിലേയ്ക്ക് പടർത്താനുള്ള ശ്രമങ്ങൾക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളും വർഗ്ഗീയ താൽപ്പര്യങ്ങളും ഉണ്ടെന്നുള്ളതിൽ സംശയമില്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി കത്തോലിക്കാ സന്ന്യസ്തർ നടത്തിവരുന്ന സ്‌കൂളുകളിൽ ഇത്തരം വിവാദങ്ങൾ ഉയർന്നുവരികയും വലിയ കോലാഹലങ്ങൾക്ക് അത് കാരണമാവുകയും ചെയ്തതെങ്ങനെ എന്ന് പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും. നിസ്സാരമായ വിഷയങ്ങളെയാണ് ചിലർ വലിയ വിവാദങ്ങളാക്കി മാറ്റിയത്. അതിന്റെ കാരണങ്ങൾ മനഃപൂർവ്വം സൃഷ്ടിച്ചെടുത്തവയാണോ എന്നും സംശയിക്കേണ്ടതുണ്ട്.

ചില തൽപരകക്ഷികൾ ക്രൈസ്തവ വിദ്യാഭ്യാസ സഥാപനങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പദ്ധതിയിടുന്നു എന്നുള്ളത് വിവിധ സംഭവങ്ങളിൽനിന്ന് വ്യക്തമാണ്. അത് ക്രൈസ്തവ സമൂഹത്തോടുള്ള വിരോധം കൊണ്ടോ, തങ്ങളുടെ ചില ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന്റെ ഭാഗമായോ ആവാം. ഹിജാബ് മുതൽ നിഖാബ് വരെയുള്ള വേഷവിധാനങ്ങളെക്കുറിച്ചുള്ള നിർബ്ബന്ധബുദ്ധി അടിച്ചേൽപ്പിക്കപ്പെടുന്ന കാഴ്ചകൾ സമീപകാലഘട്ടത്തിൽ മാത്രം കണ്ടുതുടങ്ങിയതാണ്. മതപരം എന്നതിനേക്കാൾ രാഷ്ട്രീയപരമായ ഒരു മാനം ഈ മാറ്റത്തിനുണ്ട്. അക്കാര്യം സാധൂകരിക്കുന്ന നിരവധി സംഭവങ്ങൾ പലപ്പോഴായി അരങ്ങേറുകയുണ്ടായിട്ടുണ്ട്. കർണ്ണാടകയിൽ ഹൈക്കോടതിയുടെ ഇടപെടലുകളോളമെത്തിയ സംഭവപരമ്പരകൾ ഉദാഹരണമാണ്. സ്‌കൂൾ യൂണിഫോം സംബന്ധിച്ച് മുമ്പും കോടതി ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ ഒരു വിഭാഗം ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്ന് ഒരു കോടതിയും അഭിപ്രായപ്പെട്ടിട്ടില്ല.

എന്തിനാണ് യൂണിഫോം?

വിദ്യാഭ്യാസരംഗത്ത് യൂണിഫോം സമ്പ്രദായം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് കാന്റർബറി ആർച്ച്ബിഷപ്പിന്റെ കൽപ്പന പ്രകാരം 1222 – ൽ ഇംഗ്ലണ്ടിലാണെന്ന് പൊതുവേ കരുതപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ വ്യാപകമായി യൂണിഫോം ഉപയോഗിക്കപ്പെട്ടു തുടങ്ങി. യൂണിഫോം സമ്പ്രദായത്തിന്റെ വ്യാപനത്തിന് കുട്ടികളുടെ സുരക്ഷയും, അച്ചടക്കവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യവും കാരണമായിട്ടുണ്ട്. ചരിത്രപരമായ കാരണങ്ങൾ പലതാണെങ്കിലും, കേരളത്തിന്റെ സാഹചര്യത്തിൽ അത് സാമൂഹിക നീതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഉച്ചനീചത്വങ്ങളും ജാതി വ്യവസ്ഥിതിയും അരങ്ങുവാണിരുന്ന, പാവപ്പെട്ടവനും അധഃസ്ഥിതനും വിദ്യാഭ്യാസത്തിനും സ്വൈര്യസഞ്ചാരത്തിനും അവകാശം നിഷേധിക്കപ്പെട്ടിരുന്ന പഴയ കേരളത്തിൽ അവർക്കുവേണ്ടി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നത് ക്രിസ്ത്യൻ മിഷനറിമാരും ക്രൈസ്തവ സഭകളുമാണ്. താഴ്ന്ന ജാതിക്കാർ വേദഭാഷയായ സംസ്കൃതം കേട്ടാൽ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കണമെന്ന് ശാസനയുണ്ടായിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യ ദശകത്തിൽ അവർക്കു വേണ്ടി സംസ്കൃത സ്‌കൂൾ ആരംഭിച്ച് വിപ്ലവം സൃഷ്ടിച്ച വി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ ഒരു ഉദാഹരണം മാത്രം.

ജാതിവ്യവസ്ഥിതിയും സമ്പദ് വ്യവസ്ഥിതിയും രൂപത്തിലും ഭാവത്തിലും മാത്രമല്ല, സ്വഭാവത്തിലും കുട്ടികൾക്കിടയിൽ വേർതിരിവുകൾ സൃഷ്ടിക്കുന്നതായി കണ്ടറിഞ്ഞ മിഷനറിമാരും, പത്തൊമ്പതാം നൂറ്റാണ്ടിൽത്തന്നെ “പള്ളിക്കൊപ്പം പള്ളിക്കൂടം” എന്ന ആഹ്വാനം നടത്തി വിദ്യാഭ്യാസ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച കത്തോലിക്കാ സഭയും അതിനുള്ള പരിഹാരങ്ങൾ തേടുകയും കണ്ടെത്തുകയും ചെയ്തിരുന്നു. വിദ്യ അർത്ഥിക്കുന്നവരായി ഗുരുമുഖത്തെത്തുന്ന കുട്ടികളിൽ ജാതിവ്യവസ്ഥിതിയും ദാരിദ്ര്യചിന്തയും മതിൽകെട്ടുകളായി ഭവിക്കാതിരിക്കാനായി വേഷത്തിലും മനഃസ്ഥിതിയിലും ഐക്യരൂപം വേണമെന്നുള്ള ആശയത്തിന്റെ ഭാഗമായി ഒരേ വേഷം അനുശാസിക്കപ്പെട്ടിരുന്നു. ഗുരുസമക്ഷത്തിലായിരിക്കുന്ന വിദ്യാർത്ഥികൾ ജാതിചിന്തകൾക്കും വിഭാഗീയത സൃഷ്ടിക്കുന്ന അടയാളങ്ങൾക്കും അതീതരായിരിക്കണമെന്ന് അവർ കരുതി.

വാസ്തവത്തിൽ യൂണിഫോം എന്ന ആശയത്തിന്റെ ഭാരതീയ സാഹചര്യാടിസ്ഥാനങ്ങളിൽ പ്രധാനം മേല്പറഞ്ഞ സമത്വവും സാഹോദര്യവും തന്നെയാണ്. നിലനിന്നിരുന്ന മേലാള-കീഴാള വ്യവസ്ഥിതിയുടെ മനോഭാവങ്ങളും, സാമ്പത്തികാസമത്വത്തിന്റെ ആഴമേറിയ അതിർവരമ്പുകളും വിദ്യാർത്ഥികൾക്കിടയിൽ വിവേചനം ചെലുത്താതിരിക്കാൻ വേഷവിധാനത്തിലെ ഐക്യരൂപം സഹായകരമാകും എന്ന ദർശനത്തിലാണ് യൂണിഫോമിന്റെ പ്രസക്തി കാലാതീതമാകുന്നത്. ചില വികസിത രാജ്യങ്ങളിൽ സ്കൂൾ യൂണിഫോം സ്ത്രീ-പുരുഷ ലിംഗപരതയെ പരിപോഷിപ്പിക്കുന്നു എന്ന വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇന്ന് ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന കാഴ്ചപ്പാട് കേരളത്തിൽ പോലും വ്യാപകമായികഴിഞ്ഞിരിക്കുന്നു. ഇത്തരം വസ്തുതകൾ മനസിലാക്കാൻ ബഹുഭൂരിപക്ഷത്തിനും ബുദ്ധിമുട്ടില്ലാതിരുന്ന ഒരു കാലഘട്ടത്തിൽനിന്ന് വളരെ പെട്ടെന്ന് നമുക്കിടയിൽ ചിലർ മാറിക്കൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം ആശങ്കാജനകമാണ്. അതിന് പിന്നിൽ പ്രവർത്തിക്കുന്ന ശക്തികളുടെ സ്വാധീനവും പ്രകടനപരതയും നാൾക്കുനാൾ വർദ്ധിച്ചുവരുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ആശങ്കാജനകമാണ്.

യൂണിഫോം വിവാദങ്ങളിലെ കോടതിയലക്ഷ്യം

വിദ്യാലയങ്ങളിൽ മതാചാര പ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കണമെന്ന് വിദ്യാർത്ഥികൾ നിർബ്ബന്ധം പിടിക്കരുതെന്ന് കർണാടക ഹൈക്കോടതി 2022 ഫെബ്രുവരിയിലെ ഒരു ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുകയുണ്ടായിരുന്നു. അതിനർത്ഥം, യൂണിഫോമുകളിൽ മത – രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാവരുത് എന്ന നിലപാടിൽ നീതിപീഠം ഉറച്ചുനിൽക്കുന്നു എന്നുള്ളതാണ്. ഈ വിഷയത്തിൽ വളരെ വ്യക്തമായ നിലപാടറിയിച്ച വിധിപ്രസ്താവം (WP-C 35293/ 2018) 2018ൽ കേരള ഹൈക്കോടതി നടത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗർ സ്‌കൂളിലെ രണ്ട് വിദ്യാർത്ഥിനികൾ മതപരമായ വസ്ത്രം ധരിക്കാൻ അനുമതി തേടി ഹൈക്കോടതിയിൽ എത്തിയതിനെ തുടർന്നുണ്ടായ വിധിയാണ് അത്. മതാചാരപ്രകാരം തല മറയ്ക്കുന്ന ഹിജാബും, ഫുൾ സ്ലീവ് ഷർട്ടും യൂണിഫോമിനൊപ്പം ധരിക്കാനുള്ള അനുമതിയായിരുന്നു അവരുടെ ആവശ്യം. എന്നാൽ ആ ആവശ്യം അംഗീകരിക്കാൻ കോടതി തയ്യാറായില്ല എന്നുമാത്രമല്ല, ഈ വിഷയവുമായി ബന്ധപ്പെട്ട് വ്യക്തമായ ചില നിലപാടുകൾ വിധിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

യൂണിഫോം സംബന്ധിച്ച തീരുമാനം സ്വതന്ത്രമായി സ്വീകരിക്കാനും, പ്രത്യേക ആവശ്യങ്ങൾക്കുള്ള അനുമതിയുടെ കാര്യത്തിൽ നിലപാടെടുക്കാനും പൂർണ്ണ അധികാരം സ്‌കൂൾ മാനേജ്‌മെന്റിനാണ് എന്ന് കോടതി പറയുകയുണ്ടായി. സ്‌കൂൾ മാനേജ്‌മെന്റിന്റെ മൗലിക അവകാശത്തിന് മുകളിലല്ല കുട്ടികളുടെ വ്യക്തിഗത അവകാശങ്ങൾ എന്നും കോടതി നിരീക്ഷിച്ചു. യൂണിഫോമിന്റെ കാര്യത്തിൽ സ്‌കൂളിന്റെ നിയമങ്ങൾ പാലിച്ച് അവിടെ തുടരാൻ കഴിയാത്ത വിദ്യാർത്ഥികൾ വിടുതൽ സർട്ടിഫിക്കേറ്റിന് അപേക്ഷിക്കുന്ന പക്ഷം മറ്റു പരാമർശങ്ങൾ കൂടാതെ അത് നൽകി വിടാവുന്നതാണ്; എന്നാൽ, സ്‌കൂൾ ഡ്രസ്‌കോഡ് പാലിക്കാൻ തീരുമാനിക്കുന്നെങ്കിൽ അവരെ സ്‌കൂളിൽ തുടരാൻ അനുവദിക്കണം എന്നീ നിർദ്ദേശങ്ങളും കോടതി വിധിയിലുണ്ട്.

വിധിപ്രസ്താവം നടത്തിയ ഹൈക്കോർട്ട് ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, വിദ്യാർത്ഥിനികളുടെ ഈ ആവശ്യത്തിൽ സ്‌കൂൾ മാനേജ്‌മെന്റിന് നിർദ്ദേശം പോലും നൽകാൻ കോടതിക്ക് കഴിയില്ല എന്നാണ് വ്യക്തമാക്കിയത്. യൂണിഫോമിന്റെ കാര്യത്തിൽ മാനേജ്‌മെന്റ് സ്വീകരിക്കുന്ന നിലപാടുകളോട് യോജിക്കാൻ കഴിയാത്തപക്ഷം ടിസി വാങ്ങി മറ്റ് സ്‌കൂളുകളിലേക്ക് പോകാവുന്നതാണ് എന്നാണ് ഒറ്റവാക്യത്തിൽ ആ കോടതിവിധിയുടെ സാരാംശം. വ്യക്തമായ നിർദേശങ്ങളോടും അറിയിപ്പുകളോടും കൂടിയ സ്‌കൂൾ ഡയറി അഡ്മിഷൻ വേളയിൽത്തന്നെ കൈപ്പറ്റിയ പശ്ചാത്തലത്തിൽ അതിന് വിപരീതമായ വാദഗതികളൊന്നും നിലനിൽക്കില്ല എന്ന മറ്റൊരു കോടതി പരാമർശവുമുണ്ട്.

2019-ൽ മുസ്ളീം എജ്യുക്കേഷണൽ സൊസൈറ്റി (MES) തങ്ങളുടെ സ്ഥാപനങ്ങളിലെ അധികാരികൾക്ക് നൽകിയ സർക്കുലർ പ്രകാരം, ആധുനികതയുടെ പേരിലോ മതാചാരപ്രകാരമോ ഉള്ള വസ്ത്രധാരണങ്ങൾ അനുവദനീയമല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൊതുവായ ഡ്രസ്കോഡിന് വിരുദ്ധമായി ഒരുവിധത്തിലുമുള്ള വേഷവിധാനങ്ങൾ പാടില്ല എന്ന നിലപാടാണ് 2019 ഏപ്രിൽ പതിനാലാം തിയ്യതിയിലെ സർക്കുലറിലൂടെ അവർ അറിയിച്ചിരിക്കുന്നത്.

ഇതുവരെയുള്ള കോടതിവിധികളുടെയും, സ്‌കൂൾ മാനേജ്‌മെന്റുകളുടെ മൗലികാവകാശങ്ങളുടെയും വെളിച്ചത്തിൽ വിലയിരുത്തിയാൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന വിവാദങ്ങൾ പൂർണ്ണമായും അനാവശ്യമാണെന്നും, ഉയരുന്ന വാദഗതികളിൽ ഏറെയും കോടതിയലക്ഷ്യമാണെന്നും വ്യക്തമാണ്. ന്യായം പൂർണ്ണമായും സ്‌കൂൾ മാനേജ്‌മെന്റുകളുടെ പക്ഷത്തായിരിക്കെ ഇപ്പോഴുള്ള ഇത്തരം വിവാദങ്ങളിൽ വ്യക്തവും കൃത്യവുമായ ഭരണകൂട – നിയമ ഇടപെടലുകൾ ഉണ്ടാകേണ്ടതാണ്.

കത്തോലിക്കാ സഭയുടെ നിലപാടുകൾ

മനുഷ്യ ജീവിതത്തിലും സാമൂഹിക വികസനത്തിലും വിദ്യാഭ്യാസം എന്തു മാത്രം സ്വാധീനം ചെലുത്തുന്നു എന്ന് വ്യക്തമായി ഗ്രഹിച്ചു കൊണ്ടാണ് ആഗോളതലത്തിൽ കത്തോലിക്കാ സഭ വിദ്യാഭ്യാസപരമായ നയങ്ങൾ രൂപീകരിച്ചിരിക്കുന്നത് (GRAVISSIMUM EDUCATIONIS – ആമുഖം). ഭാരതത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം എന്ന മൂല്യത്തെ മുറുകെ പിടിച്ചുകൊണ്ട് നീതിനിഷ്ഠവും നിയമാനുസൃതവുമായാണ് നൂറുകണക്കിന് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നത്. ഒരു മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളെയോ വിശ്വാസത്തെയോ, മറ്റു മതവിശ്വാസികളെത്തന്നെയോ വിലകുറച്ചു കാണുന്ന ഇടുങ്ങിയ മനഃസ്ഥിതിയല്ല സഭയും സഭാനേതൃത്വവും പുലർത്തി വന്നിട്ടുള്ളത്. യൂണിഫോം പോലുള്ള വിഷയങ്ങളിൽ സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനുള്ള പൂർണ്ണമായ അധികാരവും അവകാശവും ഉണ്ടെങ്കിലും തികഞ്ഞ അനുഭാവത്തോടെ തന്നെയാണ് സഭാസ്ഥാപനങ്ങൾ എക്കാലവും നിലപാടുകൾ സ്വീകരിച്ചിട്ടുള്ളത്. തുടർന്നും അങ്ങനെ തന്നെയായിരിക്കും. രാജ്യത്തിന്റെ സമഗ്രപുരോഗതിക്കും മതേതരത്വത്തിനും വേണ്ടി നിലകൊള്ളുകയാണ് സഭയുടെ ലക്‌ഷ്യം. വിഭാഗീയതയും വർഗ്ഗീയതയും വളർത്തുന്ന വ്യക്തികളോടും സമൂഹങ്ങളോടും അവരുടെ നിലപാടുകളോടും സമരസപ്പെടാൻ സഭ ഇന്നോളം തയ്യാറായിട്ടില്ലാത്തതുപോലെ തുടർന്നും അപ്രകാരം തന്നെയായിരിക്കും. അത്തരക്കാരുടെ നീക്കങ്ങളെ എല്ലായ്പ്പോഴും ജാഗ്രതയോടെ വീക്ഷിക്കുകയും ഉറച്ച നിലപാടുകളോടെ മുന്നോട്ടുപോവുകയും ചെയ്യും.

യൂണിഫോം വിവാദം തുടർക്കഥയാകുമ്പോൾ അതിന് പിന്നിലെ കാപട്യത്തിന്റെ രാഷ്ട്രതന്ത്രം മറനീക്കി പുറത്തുവരികയാണ്. കൂടുതൽ ആഴമുള്ള ലക്ഷ്യങ്ങളുമായി ആരോ തയ്യാറാക്കിയിരിക്കുന്ന പദ്ധതികളുടെ ഭാഗമാണ് ഈ വിവാദങ്ങൾ എന്ന് കരുതുന്നതിൽ തെറ്റില്ല. വർഗ്ഗീയ ധ്രുവീകരണം കൂടുതൽ ശക്തിപ്രാപിക്കുന്നതിനെയും ആനുപാതികമായി മറ്റു സാമൂഹിക വെല്ലുവിളികൾ വർദ്ധിക്കുന്നതിനെയും അതീവ ഗൗരവമായിക്കണ്ട് നടപടികൾ സ്വീകരിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ തയ്യാറാകണം.

ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ
സെക്രട്ടറി, കെസിബിസി ജാഗ്രതാ കമ്മീഷൻ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group