മോഷണ ശ്രമത്തിനിടെ മിഖായേല്‍ മാലാഖയുടെ വാൾകൊണ്ട് മോഷ്ടാവിന് പരിക്ക്

മെക്സിക്കോയില്‍ കത്തോലിക്ക ദേവാലയത്തില്‍ സ്ഥാപിച്ചിരുന്ന മുഖ്യദൂതനായ വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുസ്വരൂപം മോഷ്ടിക്കുവാനുള്ള ശ്രമത്തിനിടെ മോഷ്ടാവിന് പരിക്ക്. മെക്സിക്കോയുടെ വടക്ക് – കിഴക്കന്‍ സംസ്ഥാനമായ നുയെവോ ലിയോണിന്റെ തലസ്ഥാനമായ മോണ്ടേറിയിലെ ക്രൈസ്റ്റ് ദി കിംഗ് ദേവാലയത്തിലെ വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുസ്വരൂപം മോഷ്ടിക്കുവാനുള്ള ശ്രമത്തിലാണ് മോഷ്ടാവിന് രൂപത്തിന്റെ കൈയിലിരുന്ന വാള്‍ വീണ് പരിക്കേറ്റത്. മുപ്പത്തിരണ്ടുകാരനായ കാര്‍ലോസ് അലോണ്‍സോക്കിനാണ് പരിക്കേറ്റത്. സാധാരണ നടന്ന സംഭവത്തിന് അപ്പുറം വിശുദ്ധ മിഖായേല്‍ മാലാഖയുടെ സംരക്ഷണത്തിന്റെ തെളിവായാണ് പലരും ഈ സംഭവത്തെ നോക്കിക്കാണുന്നത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ മതില്‍ ചാടിക്കടന്ന്‍ ദേവാലയത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ഗ്ലാസ്സ് വാതില്‍ തകര്‍ത്ത് ദേവാലയത്തില്‍ പ്രവേശിച്ച അലോണ്‍സോ വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുസ്വരൂപവുമായി രക്ഷപ്പെടുവാനുള്ള ശ്രമത്തില്‍ കാല്‍ വഴുതുകയും രൂപത്തിന്റെ കയ്യിലിരുന്ന വാള്‍ കഴുത്തില്‍ വീണ് പരിക്കേല്‍ക്കുകയുമായിരുന്നു. കഴുത്തിലെ മുറിവുമായി ചോരയൊലിപ്പിച്ചു ദേവാലയ വാതില്‍ക്കല്‍ കുടുങ്ങി നിന്ന അലോണ്‍സോയെ അതുവഴി കടന്നു പോയ വഴിയാത്രക്കാര്‍ കാണുകയും പോലീസില്‍ അറിയിക്കുകയുമായിരിന്നു.

സംഭവസ്ഥലത്തെത്തിയ മോണ്ടേറി സിവില്‍ പോലീസാണ് ദേവാലയ കവാടത്തിന്റെ പൂട്ട്‌ പൊളിച്ച് അലോണ്‍സോയെ രക്ഷപ്പെടുത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അലോണ്‍സോയില്‍ നിന്നും ദേവാലയത്തില്‍ വരുത്തിയ നാശനഷ്ടങ്ങളേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുവാനുള്ള ശ്രമത്തിലാണ്. മുറിവ് ഭേദമാകുന്ന മുറയ്ക്കു മോഷ്ടാവിനെ പബ്ലിക്ക് പ്രോസിക്യൂട്ടേഴ്സിന്റെ ഓഫീസില്‍ ഹാജരാക്കുവാനും തീരുമാനിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group