മിഷന്‍ കോണ്‍ഗ്രസിന് കാഹളം മുഴങ്ങി

ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന ജിജിഎം മിഷന്‍ കോണ്‍ഗ്രസിന് കാഹളം മുഴങ്ങി. 2023 ഏപ്രില്‍ 19 മുതല്‍ 23 വരെ തൃശൂര്‍ ജെറുസലേം ധ്യാന കേന്ദ്രത്തില്‍ വച്ച് അഭിവന്ദ്യ പിതാക്കന്മാരുടെ മഹനീയ സാന്നിധ്യത്തില്‍ നടത്തപ്പെടുന്ന ജിജിഎം മിഷന്‍ കോണ്‍ഗ്രസ് എന്ന ഈ അന്തര്‍ദ്ദേശീയ സംഗമം മിഷനെ അറിയാനും സ്‌നേഹിക്കാനും വളര്‍ത്താനും കേരള സഭയ്ക്ക് ലഭിക്കുന്ന അവസരമാണ്. കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച്, മീറ്റ് ദ ബിഷപ്, നൈറ്റ് വിജില്‍, ബൈബിള്‍ എക്‌സ്‌പോ, മിഷന്‍ അവാര്‍ഡ് സെറിമണി എന്നിവ ഇത്തവണത്തെ മിഷന്‍ കലോത്സവത്തിന് മാറ്റ് കൂട്ടും.

അഖിലേന്ത്യാ തലത്തില്‍, മിഷന്‍ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന വിവിധ മിഷന്‍ കേന്ദ്രങ്ങള്‍ തങ്ങളുടെ മിഷനെ പരിചയപ്പെടുത്തുന്ന നിരവധി സ്റ്റാളുകളോടുകൂടിയ അതിവിപുലമായ എക്‌സിബിഷന്‍, മിഷനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹമുള്ളവര്‍ക്കായി മലയാളത്തിലും ഇംഗ്ലീഷിലും സംഘടിപ്പിക്കുന്ന മിഷന്‍ ധ്യാനം, ലോകപ്രശസ്ത ധ്യാനഗുരുവായ ഫാ. ജുസപ്പെ ദെ നാര്‍ദിയും സംഘവും നയിക്കുന്ന വൈദികധ്യാനം, വ്യത്യസ്ത സംസ്‌കാരത്തിലുള്ള മിഷന്‍ കേന്ദ്രങ്ങള്‍ അവതരിപ്പിക്കുന്ന ‘കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച്’ പരിപാടികള്‍, വിവിധ റീത്തുകളിലുള്ള പിതാക്കന്മാരുമായി തുറന്ന് സംസാരിക്കാന്‍ വേദിയൊരുക്കുന്ന ‘മീറ്റ് ദ ബിഷപ്’ തുടങ്ങി നിരവധി പരിപാടികളാണ് നാലാമത് ജിജിഎം മിഷന്‍ കോണ്‍ഗ്രസില്‍ ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും വിവിധ റീത്തുകളിലെ അഭിവന്ദ്യപിതാക്കന്മാര്‍ വിവിധ ഭാഷകളിലുള്ള വിശുദ്ധബലിയോടെ ആരംഭിക്കുന്ന മിഷന്‍ കോണ്‍ഗ്രസില്‍ വൈദികര്‍, സിസ്റ്റേഴ്‌സ്, സെമിനാരിക്കാര്‍, അത്മായ ശുശ്രൂഷകര്‍, കാറ്റികിസം അധ്യാപകര്‍, കാറ്റികിസം വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, ജോലിയില്‍ നിന്നും വിരമിച്ചവര്‍, ഹിന്ദി സംസാരിക്കുന്നവര്‍, വലിയ കുടുംബങ്ങള്‍ തുടങ്ങിയവര്‍ക്കായി വ്യത്യസ്ത കൂട്ടായ്മകളാണ് ഒരുക്കുന്നത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ് മാര്‍ ടോണി നീലങ്കാവില്‍, ആര്‍ച്ച്ബിഷപ് ജോണ്‍ മൂലേച്ചിറ, ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, ബിഷപ് ചാക്കോ തോട്ടുമാരിക്കല്‍, ബിഷപ് തോമസ് മാര്‍ അന്തോണിയോസ്, ബിഷപ് യോഹന്നാന്‍ മാര്‍ തിയോഡോസിയൂസ്, ആര്‍ച്ച്ബിഷപ് എമിരറ്റസ് മാര്‍ ജോര്‍ജ് ഞെരളക്കാട്ട്, ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, ബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച്ബിഷപ് വിക്ടര്‍ ലിംഗ്‌ഡോ, ആര്‍ച്ച്ബിഷപ് തോമസ് മേനാംപറമ്പില്‍, ബിഷപ് ജോണ്‍ തോമസ്, ബിഷപ് പി.കെ. ജോര്‍ജ്, ബിഷപ് തോമസ് പുല്ലാപ്പള്ളില്‍, ബിഷപ് ജെയിംസ് തോപ്പില്‍, ബിഷപ് വില്‍ബര്‍ട്ട് തുടങ്ങി നിരവധി പിതാക്കന്മാര്‍ ദിവ്യബലി അര്‍പ്പിക്കാനും മറ്റു പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും മിഷന്‍ കോണ്‍ഗ്രസിലുണ്ടായിരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group