പള്ളിപ്പറമ്പിൽ തൂമ്പയുമായി ഇറങ്ങി ഏദൻതോട്ടം തീർത്ത യുവ വൈദികൻ യുവജനങ്ങൾക്ക് പ്രചോദനമാകുന്നു…

ഇടുക്കി : മണ്ണിൽ പൊന്നുവിളയിച്ച് കൊണ്ട് പള്ളിപ്പറമ്പിൽ ഏദൻതോട്ടം തീർത്ത യുവവൈദികനായ ഫാ. ജോസഫ് കൊച്ചോഴത്തിൽ യുവജനങ്ങൾക്ക് മാതൃകയാകുന്നു.കോവിഡ് പ്രതിസന്ധി കൊടുംപിരികൊണ്ട് നിൽക്കുന്ന 2020 ജൂൺ മാസത്തിലാണ് നെടുങ്കണ്ടം പഞ്ചായത്തിലെ ഒന്നാം വാർഡായ പൊന്നാമലയിലേക്കുള്ള അച്ചന്റെ വരവ്. പുതിയ സ്ഥലത്തെത്തിയപ്പോൾ അച്ചന്റെ കണ്ണിലുടക്കിയത് കരുമുളകുകൃഷി മാത്രമുള്ള രണ്ടരയേക്കർ പള്ളിപ്പറമ്പ്.കൈയിലുള്ളത് ആവശ്യത്തിന് സമയവും. ഉദയഗിരിയിലെ കർഷകക്കുടുംബത്തിൽ ജനച്ചുവളർന്ന അച്ചൻ മറ്റൊന്നും ചിന്തിക്കാതെ തൂമ്പയുമെടുത്ത് കൃഷിയിടത്തിലേക്കിറങ്ങി. ഇന്ന് പൊന്നാമലയിലെ യുവജനങ്ങൾക്കെല്ലാം ഒരു മാതൃകയാണ് ഈ വൈദികൻ. അച്ചന്റെ അധ്വാനത്തിൽ വിവിധയിനം വാഴകളും ഫലവൃക്ഷങ്ങളും വളരുന്ന ഒരു ഏദൻതോട്ടമാണ് പള്ളിയുടെ മണ്ണ്.യുവവൈദികന്റെ കൃഷിയോടുള്ള അഭിനിവേശം അവിടെ തീർന്നില്ല. പള്ളിമേടയോടുചേർന്നുള്ള കാർ ഷെഡിന്റെ ഒരുഭാഗം മുയലുകളെ വളർത്താനുള്ള സ്ഥലമായി അച്ചൻ മാറ്റി. ഇവിടെ കമ്പിവലകൊണ്ട് അച്ചൻതന്നെ നിർമിച്ച കൂടുകളിൽ വൈറ്റ് ജയന്റ്, േരഗ ജയന്റ് ഇനങ്ങളിൽപ്പെട്ട 12 മുയലുകളും അവയുടെ കുഞ്ഞുങ്ങളും വളരുന്നു. സെമിത്തേരിയോടുചേർന്നുകിടന്ന സ്ഥലത്ത് ആടുകളെയും വാത്തയെയും സംരക്ഷിക്കാനും അച്ചൻ കൂടൊരുക്കി.

പഴയ പലകക്കഷണങ്ങളും ഉപയോഗശൂന്യമായ ബെഞ്ചുകളും ഉപയോഗിച്ചാണ് ആടുകൾക്ക് കൂടൊരുക്കിയിരിക്കുന്നത്. മൃഗപരിപാലനത്തിലുള്ള അച്ചന്റെ താത്പര്യംകണ്ട് ഒരു ഇടവകാംഗം നൽകിയ ഇരുമ്പുവലയുടെ കൂട്ടിൽ രണ്ട് കരിങ്കോഴികളെയും ഫാ. ജോസഫ് കൊച്ചോഴത്തിൽ പരിപാലിക്കുന്നുണ്ട്.പള്ളിമുറ്റത്ത് വോളിബോൾ കളിക്കാനെത്തുന്ന യുവാക്കളുടെകൂടി സഹായത്തോടെ മീനുകളെ വളർത്താൻ ഒരു പടുതാക്കുളവും അച്ചൻ നിർമിച്ചു. ആറടി ആഴമുള്ള കുളത്തിൽ ആറുമാസം മുമ്പ് 250 മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. മീൻകൃഷിയുടെ വിളവെടുപ്പ് നടത്താനുള്ള ഒരുക്കത്തിലാണിപ്പോൾ.

വളർത്തുമൃഗങ്ങളുടെ പരിപാലനവും അവയ്ക്ക് തീറ്റവെട്ടുന്നതുമെല്ലാം അച്ചൻ തനിച്ചാണ്. ഇടയ്ക്ക് ചില സഹായങ്ങൾക്കായി പള്ളിയിലെ കൈക്കാരൻമാരും എത്തും. ‘ഏകാന്തത നിറഞ്ഞ ആത്മീയ ജീവിതത്തിനിടെ ഈ മിണ്ടാപ്രാണികളുടെ പരിപാലനമാണ് മനസ്സിന് ഏറെ സന്തോഷം നൽകുന്നത്,’-ഫാ.ജോസഫ് കൊച്ചോഴത്ത് പറഞ്ഞു. പള്ളിപ്പറമ്പിൽ ഏലവും ജാതിയും കൃഷിചെയ്യാനുള്ള പഠനത്തിലാണ് ഇപ്പോൾ അച്ചൻ. കൂടാതെ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കിയിട്ടുള്ള ഈ വൈദികൻ, കോവിഡ് പ്രതിസന്ധി ഒഴിയുന്നതോടെ ഇടവകയിലെ കുട്ടികൾക്ക് പരിശീലനം നൽകുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group