സുവിശേഷത്തിന്റെ ദൂതുമായി തെരുവില്‍ അലയുകയാണ് ഈ കന്യാസ്ത്രികള്‍

    കര്‍മലസഭയുടെ ചൈതന്യം ജനങ്ങളിലെത്തിക്കാന്‍ സി.എം.സി സഭ എന്നും നൂതനമായ ശുശ്രൂഷാ രീതികള്‍ സ്വീകരിക്കാറുണ്ട്. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയോടൊപ്പം ട്രാന്‍സ്ജന്റേഴ്‌സിന്റെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍, എച്ച്.ഐ.വി/എയ്ഡ്‌സ് ബാധിതരായ ആളുകള്‍ക്ക് വേണ്ടിയുള്ള ശുശ്രൂഷ, മദ്യവിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയവയിലൂടെയും സി.എം.സി സഭ സാധാരണക്കാരായ ജനങ്ങളില്‍ വചനമെത്തിക്കുന്നു. ഇപ്പോള്‍ പുതുതായി സി.എം.സി ആരംഭിച്ച ചുവടുവെയ്പാണ് സിറ്റി ബേസ്ഡ് ഇവാഞ്ചലൈസേഷന്‍. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഇടയില്‍ ശുശ്രൂഷ ചെയ്യുക എന്നതാണ് ലക്ഷ്യം.

    സുവിശേഷ സന്ദേശ പദയാത്ര

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനമായ ‘സുവിശേഷാനന്ദവുമായി പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരിലേക്ക്’ എന്ന വിഷയത്തെക്കുറിച്ചുള്ള 2016-ലെ ജനറല്‍ സിനാക്‌സിസില്‍ സി.എം.സി എടുത്ത തീരുമാനമായിരുന്നു സുവിശേഷ സന്ദേശ പദയാത്രായജ്ഞം. സുവിശേഷത്തിലെ ക്രിസ്തുവിനെ അനുകരിച്ച് കാല്‍നടയായി ഗ്രാമങ്ങളും നഗരങ്ങളും ചുറ്റിസഞ്ചരിച്ച് ദൈവരാജ്യത്തിന്റെ സദ്വാര്‍ത്ത വഴിയിലും വീടുകളിലും കണ്ടുമുട്ടുന്നവര്‍ക്കെല്ലാം പകര്‍ന്നു കൊടുക്കുക. വഴിയില്‍ കണ്ടുമുട്ടുന്നവരെ ‘ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ’ എന്നു പറഞ്ഞ് അഭിവാദനം ചെയ്യുകയും പരിശുദ്ധാത്മാവിന്റെ പ്രചോദനമനുസരിച്ച് വചനം പങ്കുവയ്ക്കുകയും ചെയ്യുക. ഇങ്ങനെയാണ് ഇവര്‍ ശുശ്രൂഷക്ക് തുടക്കമിടുന്നത്.

    കടത്തിണ്ണകളില്‍ ഇരുന്ന് സമയം കളയുന്നവര്‍, ഓട്ടോഡ്രൈവര്‍മാര്‍, തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ബസ് കാത്തുനില്‍ക്കുന്നവര്‍ ഇങ്ങനെ ഒറ്റയ്ക്കും കൂട്ടമായും കാണപ്പെടുന്നവരോട് സംസാരിച്ച് അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും സമാശ്വാസം നല്‍കുകയുമാണ് ലക്ഷ്യം. നാനാജാതി മതസ്ഥരായ സഹോദരങ്ങളെ ഈ യാത്രയില്‍ കണ്ടുമുട്ടാറുണ്ട്. എത്രയെത്ര പ്രശ്‌നങ്ങളാണ് ഓരോരുത്തരും ചുമക്കുന്നത്. തിരക്കിന്റെ ഈ ലോകത്ത് ആരോടും പറയാനാവാതെ അവര്‍ വിഷമിക്കുന്നു. അപ്പോഴാണ് സാന്ത്വനവുമായി കടന്നു ചെല്ലുന്ന സിസ്റ്റേഴ്‌സ് അവര്‍ക്ക് അനുഗ്രഹമായി മാറുന്നത്. ശരീരം തളര്‍ന്ന് കിടക്കയില്‍ ഒതുങ്ങിപ്പോയവരെയും സിസ്റ്റേഴ്‌സ് സന്ദര്‍ശിക്കാറുണ്ട്. സ്‌നേഹത്തോടെ അവരെ പരിചരിക്കുക, നഖം വെട്ടിക്കൊടുക്കുക, അടുക്കളയില്‍ കയറി ഭക്ഷണം പാകം ചെയ്യുക, അവര്‍ക്ക് ഭക്ഷണം വാരിക്കൊടുക്കുക എന്നിവയിലൂടെ അനേകം ഹൃദയങ്ങളില്‍ നന്മ നിറയ്ക്കുവാന്‍ ഈ സഹോദരിമാര്‍ക്ക് കഴിഞ്ഞു.

    ജീവിതശൈലി

    വിശുദ്ധ ബൈബിള്‍, ബനഡിക്ടന്‍ കുരിശ്, പരിശുദ്ധ അമ്മയുടെ ചെറിയ രൂപം, നോട്ടുബുക്ക്, പേന, അത്യാവശ്യമുള്ള ടോയ്‌ലറ്റ് സാധനങ്ങള്‍, ഒരു സെറ്റ് സഭാവസ്ത്രം, ജനങ്ങള്‍ക്ക് കൊടുക്കുവാനുള്ള വചനങ്ങള്‍, പ്രാര്‍ത്ഥനകള്‍, കൊന്ത എന്നിവ അല്ലാതെ തുണിസഞ്ചിയില്‍ പണമോ വെള്ളമോ ഭക്ഷണ സാധനങ്ങളോ സിസ്റ്റേഴ്‌സ് കരുതുന്നില്ല. ദൈവപരിപാലനയ്ക്ക് പൂര്‍ണ്ണമായും സമര്‍പ്പിച്ച് ദൈവം ഒരുക്കിത്തരുന്ന ഭക്ഷണവും കിടപ്പാടവും അവര്‍ സ്വീകരിക്കുന്നു. ജപമാല, വിശ്വാസപ്രമാണം, സങ്കീര്‍ത്തനങ്ങള്‍, കുരിശിന്റെ വഴി തുടങ്ങിയ പ്രാര്‍ത്ഥന നിരന്തരം ജപിച്ചു കൊണ്ടാണ് അവര്‍ നീങ്ങുന്നത്. ഓരോ പ്രാര്‍ത്ഥനയും ഓരോ ചുവടുവയ്പും ലോകം മുഴുവന്റെയും നിത്യരക്ഷയ്ക്കായി കാഴ്ചവയ്ക്കുന്നു.

    ”2013 ഓഗസ്റ്റില്‍ ഉത്തരാഖണ്ഡ് കേദാറില്‍ വലിയൊരു ജലപ്രളയം ഉണ്ടായി. സിറ്റി ഇവാഞ്ചലൈസേഷന്‍ മിനിസ്ട്രിയില്‍ ഉണ്ടായിരുന്ന ഞങ്ങള്‍ കമില്ലേഴ്‌സ് ഫാദേഴ്‌സിന്റെ ടാസ്‌ക് ഫോഴ്‌സ് എന്ന ടീമിനോടൊപ്പം ഉത്തരാഖണ്ഡിന് പോകുവാനും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുവാനും ഇടയായി. അവിടെ ഗ്രാമങ്ങള്‍തോറും ചുറ്റി നടന്ന് മെഡിക്കല്‍ ക്യാമ്പ് നടത്തുകയും അവര്‍ക്കാവശ്യമായ വസ്തുക്കള്‍ എത്തിച്ചു കൊടുക്കുകയും ചെയ്തപ്പോള്‍ അവര്‍ ചോദിച്ച ചോദ്യം ഉള്ളില്‍ തട്ടി. ‘നിങ്ങള്‍ ആരാണ്? നിങ്ങളുടെ ഭര്‍ത്താവ് എവിടെയാണ്?’ ഈശോയെപ്പറ്റിയും അവിടുത്തെ രക്ഷാകര അനുഭവത്തെപ്പറ്റിയും അവരോട് പറഞ്ഞപ്പോള്‍ ഈശോ എന്ന നാമം പോലും കേട്ടിട്ടില്ല എന്നാണ് അവര്‍ പറഞ്ഞത്. ഇന്ത്യയില്‍ ഇനിയും ഈശോയെ കേള്‍ക്കാത്തവരുണ്ടെന്ന യാഥാര്‍ത്ഥ്യം മനസില്‍ വേദനയായി തറഞ്ഞു.

    കേരളത്തില്‍ വിശുദ്ധ തോമാശ്ലീഹായും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറും വന്നതു പോലെ ഈശോയെ അറിഞ്ഞിട്ടില്ലാത്ത ദേശങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും എത്രയും വേഗം കടന്നുചെല്ലേണ്ടത് ഏറ്റം പ്രഥമമായ ദൗത്യവും കടമയുമാണെന്നുള്ള ചിന്ത രാപകല്‍ അലട്ടിക്കൊണ്ടിരുന്നു.

    2016-ലെ സിനാക്‌സിസില്‍ സുവിശേഷ സന്ദേശ പദയാത്ര എന്ന ശുശ്രൂഷ അംഗീകരിക്കപ്പെടുകയും എത്രയും വേഗം ആരംഭിക്കുവാന്‍ നിര്‍ദേശം ലഭിക്കുകയും ചെയ്തു. പിന്നീട് ദൈവപരിപാലനായാണ് കാണാന്‍ കഴിഞ്ഞത്…” പദയാത്രക്ക് നേതൃത്വം നല്‍കുന്ന സിസ്റ്റര്‍ ലിറ്റില്‍ തെരേസ പറയുന്നു. വിശുദ്ധ ചാവറ പിതാവിന്റെ തിരുനാള്‍ ദിനത്തില്‍ കേരളസഭയില്‍ സുവിശേഷ സന്ദേശ പദയാത്രായജ്ഞം ആരംഭിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും മറ്റു ബിഷപ്പുമാരുടെയും ആശീര്‍വാദവും അനുവാദവും വാങ്ങി സിസ്റ്റര്‍ ലിറ്റില്‍ തെരേസയും സിസ്റ്റര്‍ ട്രീസ മാര്‍ഗരറ്റും എറണാകുളം-അങ്കമാലി അതിരൂപതയുടെ അതിര്‍ത്തിയിലുള്ള തുരുത്തിപ്പുറം എന്ന സ്ഥലത്തുനിന്നും യാത്ര ആരംഭിച്ചു. എറണാകുളം തെരുവീഥികളിലൂടെ നടന്നു നീങ്ങിയപ്പോള്‍ മീന്‍ കച്ചവടക്കാര്‍, യാചകര്‍, ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ്, ചുമട്ട് തൊഴിലാളികള്‍, തൊഴിലുറപ്പുകാര്‍, ലോട്ടറി വില്‍പനക്കാര്‍, തെരുവോര കച്ചവടക്കാര്‍ തുടങ്ങിയ ഒട്ടേറെ പേര്‍ക്ക് ക്രിസ്തു സ്‌നേഹ സാന്നിധ്യമാകുവാനും അവരുടെ വേദനകളില്‍ ആശ്വാസമാകുവാനും ഒരുമിച്ച് പ്രാര്‍ത്ഥിക്കുവാനും സാധിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയിലെ 220 ഇടവകകളിലൂടെ കാല്‍നടയായി യാത്ര ചെയ്ത് വചനം വിതച്ചു. പതിനായിരം പേരെ വഴിയില്‍ കണ്ട് സംസാരിച്ച് പ്രാര്‍ത്ഥിക്കുവാനും വചനം പങ്കുവയ്ക്കുവാനും 4500-ല്‍ കൂടുതല്‍ നാനാജാതി മതസ്ഥരായ സഹോദരങ്ങളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുവാനും സാധിച്ചു.

    ഇടുക്കി രൂപതാധ്യക്ഷന്‍ ബിഷപ് ജോണ്‍ നെല്ലിക്കുന്നേലിന്റെ അനുവാദത്തോടെ ഇടുക്കി രൂപതയിലേക്ക് പോവുകയും അതേ പ്രൊവിന്‍സിലെ സിസ്റ്റര്‍ ജിന്‍സാ സി.എം.സി ഞങ്ങളോടൊപ്പം ചേരുകയും അങ്ങനെ രണ്ടുപേര്‍ വീതം രണ്ട് ടീമായി ഇടുക്കി രൂപതയിലെ 120 ഇടവകകളിലൂടെ നടന്ന് 4500 പേര്‍ക്ക് വഴിയിലും 1400 ഭവനങ്ങള്‍ സന്ദര്‍ശിച്ച് ക്രിസ്തു സ്‌നേഹവും വചനവും പങ്കുവയ്ക്കുവാനും സാധിച്ചു.

    ”തലശേരി അതിരൂപതയില്‍ ഞരളക്കാട്ട് പിതാവിന്റെ അനുവാദത്തോടെ മഞ്ചേശ്വരം മുതല്‍ നടന്നു നീങ്ങിയപ്പോള്‍ ഈ പ്രൊവിന്‍സിലെ സിസ്റ്റര്‍ ലിജി സി.എം.സിയും സിസ്റ്റര്‍ പ്രിന്‍സിയും ഞങ്ങളോടൊപ്പം ചേര്‍ന്നു. അക്രൈസ്തവരായ സഹോദരങ്ങള്‍ സ്‌നേഹത്തോടെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോയി പ്രാര്‍ത്ഥിപ്പിക്കുകയും ഭക്ഷണം തരികയും ചെയ്തത് ഓര്‍ക്കുന്നു. നല്ല വേനല്‍ ചൂടിലൂടെ നടന്നു നീങ്ങിയപ്പോള്‍ കര്‍ത്താവിന്റെ തൊട്ടറിഞ്ഞ സാന്നിധ്യം ഞങ്ങള്‍ക്ക് ശക്തി പകര്‍ന്നു. തലശ്ശേരി അതിരൂപതയിലെ 220 ഇടവകകളിലൂടെ നടന്നു നീങ്ങുകയും 11500 സഹോദരങ്ങള്‍ക്ക് വഴിക്കവലകളിലും 2100 ഭവനങ്ങളിലും ക്രിസ്തുസാന്നിധ്യമാകാനും സാധിച്ചു,” സിസ്റ്റര്‍ ലിറ്റില്‍ തെരേസ ചൂണ്ടിക്കാട്ടുന്നു.

    സുവിശേഷ യാത്രയില്‍ ഈശോയും മാതാവും ഒപ്പമുണ്ടായിരുന്ന അനുഭവമാണ് തങ്ങള്‍ക്കുള്ളതെന്ന് സിസ്റ്റേഴ്‌സ് പറയുന്നു. ”ചില ദുര്‍ഘട വഴികളില്‍ അവിടുന്ന് ഞങ്ങളെ തോളിലേറ്റി. ഈശോയുടെ കൈകളിലേക്ക് സമ്പൂര്‍ണ്ണമായി വിട്ടുകൊടുത്ത് അവിടുത്തെ മാത്രം ആശ്രയിച്ചാല്‍ എത്ര മനോഹരമായും അത്ഭുതകരമായും അവിടുന്ന് വഴിനടത്തുമെന്ന് ഞങ്ങള്‍ അടുത്തറിയുകയായിരുന്നു. നമ്മുടെ ചെറുതും വലുതുമായ കാര്യങ്ങളില്‍ എത്ര മാത്രം ദൈവം ശ്രദ്ധാലുവായിരിക്കുമെന്ന് അനുഭവിച്ചറിഞ്ഞ്, വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുവാന്‍ ഈ യാത്ര വ്യക്തിപരമായി ഞങ്ങള്‍ക്ക് സഹായകമായി.” സിസ്റ്റേഴ്‌സിന്റെ വാക്കുകളില്‍ ആനന്ദം മാത്രം.
    കടപ്പാട് :
    ബോബി തോമസ്


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group