സ്‌കൂൾ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാകുന്ന ഇക്കാലത്ത് മാതാപിതാക്കൾ അറിയാൻ…

സ്‌കൂൾ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാകുന്ന ഇക്കാലത്ത് ചില കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

1 കേരളത്തിലെ എക്‌സൈസിനെയും പോലീസിനെയും എന്നും പറ്റിക്കാനാവില്ല. വല്ലപ്പോഴും പറ്റിക്കാം. പക്ഷെ പിടിച്ചാൽ മുൻകാലങ്ങളിൽ പറ്റിച്ചതിന്റെ എല്ലാം ക്ഷീണവും അവർ തീർക്കും. ഒരിക്കലും പുറത്തിറങ്ങാനാവാത്ത വിധം പൂട്ടും.

2 കുട്ടികൾക്ക് മിക്കവാറും വിതരണം ചെയ്യുന്നത് ലോട്ടറി ടിക്കറ്റിൽ പൊതിഞ്ഞ 5 ഗ്രാം പാക്കറ്റുകളാക്കിയാണ്. പണ്ടത്തെ പ്യാരി മിഠായി പോലെയാകും പൊതി. അതുകൊണ്ട് ലോട്ടറി ടിക്കറ്റ് കൊണ്ടുള്ള പൊതികൾ കുട്ടികളുടെ ബാഗിൽ കണ്ടാൽ സംശയിക്കണം.

3 പൊടി ഐറ്റംസ് ഉപയോഗിക്കുന്നവർ പഴയ എ ടി എം കാർഡ് പോലെയുള്ളവ എപ്പോഴും കൊണ്ടെ നടക്കും.

4 ചില കുട്ടികൾ ബാഗിൽ അടി കരിഞ്ഞ സ്പൂണ്, ലൈറ്റർ എന്നിവ സൂക്ഷിക്കുന്നുണ്ട് എങ്കിൽ ഉറപ്പിക്കാം അവൻ കൂടിയ സാധനം ഉപയോഗിക്കുന്ന ആളാണെന്ന്.

5 ഇൻസുലിൻ ഇൻജക്ഷൻ സിറിഞ്ച്, മരുന്ന് കുപ്പികളൊക്കെ കുട്ടികളുടെ ബാഗിൽ കണ്ടെത്തിയാൽ അവന്റെ റേഞ്ച് വേറെയായിരിക്കും. നമുക്കൊന്നും എത്തിപ്പെടാൻ പറ്റാത്തതാണ് അവന്റെ റേഞ്ച്.

6 ബീഡി വലി കഞ്ചാവിൽ ചെന്നെ അവസാനിക്കൂ. അവിടുന്ന് കൂടിയ സിന്തറ്റിക് ഡ്രഗ്ഗുകളിലേക്കും കാര്യങ്ങൾ എത്തും.

7 കുട്ടികളുടെ മൊബൈൽ ഫോണിന്റെ ചില്ലിലോ വശങ്ങളിലോ എന്തെങ്കിലും തരത്തിലുള്ള പൊടി പറ്റിയിരിക്കുന്നുണ്ടങ്കിൽ ആ കുട്ടിയെ പ്രത്യേകം ശ്രദ്ധിക്കണം.

8 കുട്ടിയുടെ ബാഗിൽ മൊബൈൽ ഫോണിന്റെ ചില്ലിൽ ഒട്ടിക്കുന്ന ഗ്ലാസ് കണ്ടെത്തിയാൽ അതും സംശയാസ്പദമാണ്.

9 ചുരുട്ടിയ നോട്ടുകൾ, പഴയ ലോട്ടറികൾ എന്നിവ ബാഗിൽ കണ്ടാൽ അതും സൂക്ഷിക്കുക.

10 ഉപയോഗിച്ച ടിഷ്യു പേപ്പർ, കുറെയേറെ തൂവാലകൾ എന്നിവ ബാഗിൽ കൂട്ടിയിട്ടിരിക്കുന്നത് കണ്ടാലും ശ്രദ്ധിക്കുക.

11 ഫെവികോൾ, സൈക്കിൾ ടുബിന്റെ പഞ്ചറൊട്ടിക്കുന്ന പശ, തിന്നർ, പെയിന്റ്, മാർക്കർ എന്നിവ പോലെയുള്ള പ്രത്യേക മണമുള്ള വസ്തുക്കൾ കുട്ടികളുടെ കയ്യിൽ കണ്ടാൽ ശ്രദ്ധിക്കുക.

12 അലക്ഷ്യമായ വസ്ത്രധാരണ ശൈലി. പെട്ടെന്നുണ്ടാകുന്ന വസ്ത്രധാരണത്തിലെ മാറ്റം എന്നിവയും ശ്രദ്ധിക്കണം.

13 കുട്ടി ഉപയോഗിക്കുന്ന മുറിയിൽ അസാധാരണമായ മണങ്ങൾ ശ്രദ്ധിക്കുക.

14 കൂടുതൽ നേരം വാതിലടച്ചിരിക്കൽ ഉറക്കത്തിന്റെയും മറ്റു ജീവിതചര്യകളിലും വരുന്ന മാറ്റങ്ങൾ എന്നിവയും ശ്രദ്ധിക്കണം.

15 അപരിചിതമായ പുതിയ കൂട്ടുകാർ ഉണ്ടാകുമ്പോൾ ആ കാര്യത്തിലും ശ്രദ്ധ വേണം.

16 ഒരു കാരണവുമില്ലാതെ പഠനകാര്യത്തിൽ പിന്നാക്കം പോകൽ ലഹരി ഉപയോഗത്തിന്റെ ലക്ഷണമായിട്ട് വിദഗ്ദ്ധർ കണക്കാക്കുന്നു.

17 രഹസ്യങ്ങൾ ഒളിപ്പിക്കുന്ന സ്വഭാവം കൂടി വരുന്നു.

18 കൂടുതല്‍ പൈസ ആവശ്യപ്പെടുക. വീടുകളില്‍ നിന്ന് പൈസ കളവു പോവുക, വിലപിടിപ്പുള്ള സാധാനങ്ങള്‍ കാണാതെ പോകുക എന്നിവ സംഭവിച്ചാൽ ശ്രദ്ധ വേണം.

19 കൈകളിലോ ദേഹത്തോ കുത്തിവയ്പിന്റെ പാടുകളോ, അസാധാരണമായ നിറവ്യത്യാസമോ കണ്ടാൽ അതും ശ്രദ്ധിക്കുക.

20 മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ എല്ലാ സമയത്തും സ്വെറ്റർ ധരിക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക.ചുരുക്കത്തിൽ ഒരു കുട്ടിയുടെ പഠനത്തിന് ആവശ്യമുള്ള സാധനങ്ങൾ ഒഴിച്ച് മറ്റെന്തങ്കിലും സാധനങ്ങൾ അവന്റെ ബാഗിലോ മുറിയിലോ കണ്ടാൽ അത് നിരീക്ഷിക്കുകയും ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും ചെയ്യുക.

സിന്തറ്റിക് ലഹരികളുടെ ഉപയോഗം പലപ്പോഴും മരണത്തിലോ ആത്മഹത്യയിലോ എത്തുകയുള്ളൂ എന്ന കാര്യം പ്രത്യേകം ഓർമ്മവേണം.ഇനി കുട്ടി മയക്കുമരുന്നുകളിലേക്ക് കടക്കുന്നു എന്ന് സംശയം തോന്നിയാൽ സ്‌കൂളിലെ അധ്യാപകരുമായി കുട്ടി അറിയാതെ ആശയവിനിമയം നടത്തി വേണ്ട കൗണ്സിലിംഗും മറ്റും നൽകുക.

ഓർക്കുക കുട്ടിയെ കേൾക്കാൻ അധ്യാപകർക്കോ മാതാപിതാക്കൾക്കോ സമയമില്ലതെ വരുന്നതാണ് ഇത്തരം കേസുകളിൽ അകപ്പെടുന്ന 90%കുട്ടികളുടെയും ചരിത്രം.

കുട്ടി നശിച്ചാൽ അതിന് താനും കൂടി ഉത്തരവാദി ആണ് എന്നു ചിന്തിക്കുന്ന അധ്യാപകരുടെ എണ്ണം കൂടി വരുന്ന ഇക്കാലത്ത് മയക്കുമരുന്ന് വ്യാപാരമോ കൈമാറ്റമോ ശ്രദ്ധയിൽ പെട്ടാൽ ഒരു പ്രശ്നവുമുണ്ടാകാതെ ആ വിവരം എക്സൈസിനെയോ പൊലീസിനെയോ അറിയിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഒരുകാരണവശാലും വിളിക്കുന്നയാളിന്റെ ഐ ഡി ഒരിടത്തും വെളിപ്പെടില്ല.അതിന്റെ നമ്പറുകൾ എക്സൈസും പോലീസും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ചിരി കേരള പോലീസ്9497900200വിമുക്തി എക്സൈസ്14405, 9061178000നേർവഴി എക്സൈസ്9656178000കുട്ടികളുടെ ലഹരി ഉപയോഗം അല്ലങ്കിൽ സ്വഭാവത്തിലെ പെട്ടന്നുള്ള മാറ്റം എന്നിവ ശ്രദ്ധയിൽ പെട്ടാൽ അധ്യാപകർക്ക് ഈ നമ്പറിൽ ബന്ധപ്പെടാം

വാട്സാപ്പിലും സന്ദേശങ്ങൾ അയക്കാം.ദിശ ആരോഗ്യവകുപ്പ്1056, 104, 0471255056ചൈൽഡ് ലൈൻ1098അധ്യാപകരും മാതാപിതാക്കളും ഒന്ന് ഓർക്കുക നമ്മുടെ അശ്രദ്ധ ഒരു സമൂഹത്തെ തന്നെ ഇല്ലായ്മ ചെയ്യും.

ലഹരിവിരുദ്ധ വികാരം സമൂഹത്തിൽ കത്തിപ്പടരട്ടെ…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group