ക്രിസ്തു വിശ്വാസത്തെ പ്രതി പീഡനം ഏൽക്കേണ്ടി വരുന്നവർ..

റാമായിൽ ഉയർന്ന കൂട്ടക്കരച്ചിലിൻ്റെയും അവിടെ ജീവൻ നഷ്ടപ്പെട്ട നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെയും (Holy Innocents Martyrs) വേദനിക്കുന്ന ഓർമ്മകളിലേക്കാണ് ഡിസംബർ 28ന് ക്രൈസ്തവലോകം നിശ്ശബ്ദമായി പ്രവേശിക്കുന്നത്. ദിവ്യരക്ഷകൻ്റെ തിരുപ്പിറവിയിൽ വിറളിപൂണ്ട ഹെറോദാ രാജാവ് “ബേത്‌ലെഹെമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചുകളയാൻ” കൽപന പുറപ്പെടുവിച്ചു (മത്തായി 2: 16-18). ഇതിൻ്റെ ഫലമായി റോമൻ പടയാളികൾ “രണ്ടും അതില്‍ താഴെയും വയസ്സുള്ള എല്ലാ ആണ്‍കുട്ടികളെയും” തെരഞ്ഞുപിടിച്ച് കൊന്നുകളഞ്ഞു. ദുഃഖസാന്ദ്രമായ ഈ സംഭവത്തെ ആഗോളസഭ ഓർമിക്കുന്നത് ഡിസംബർ 28-നാണ്.

കിഴക്കൻ സഭകൾ ഡിസംബർ 29-നാണ് രക്തസാക്ഷി കുഞ്ഞുങ്ങളെ അനുസ്മരിക്കുന്നത്.സഭയിലെ ആദ്യത്തെ രക്തസാക്ഷി വിശുദ്ധ സ്തെഫാനോസ് ആണെന്നാണ് കണക്കാക്കപ്പെടുന്നതെങ്കിലും സ്റ്റീഫനു മുന്നേ ഈ കുഞ്ഞുങ്ങളാണ് ക്രിസ്തുവിൻ്റെ പേരിൽ ആദ്യം രക്തസാക്ഷി മകുടം ചൂടിയത്.

തൻ്റെ കൈയിൽ നിന്നും ബലമായി പിടിച്ചു വാങ്ങി തൻ്റെ മുന്നിൽ വച്ച് കൊലചെയ്യപ്പെട്ട സന്താനങ്ങളെക്കുറിച്ചാണ് റാഹേൽ (മത്തായി 2:18) പ്രലപിക്കുന്നത്. ക്രിസ്തുവിശ്വാസത്തിൻ്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന നിരപരാധികളുടെയും ആലംബഹീനരുടെയും പേരിൽ സഭ ഇന്ന് റാഹേലിനെപ്പോലെ വിലപിക്കുകയാണ്.

വർഷം തോറും ആയിരക്കണക്കിന് ക്രൈസ്തവരാണ് യേശുക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസത്തിൻ്റെ പേരിൽ മാത്രം കൊല്ലപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്യുന്നത്.

ക്രിസ്തു വിശ്വാസത്തിൻ്റെ പേരിൽ തടവിലായിരിക്കുന്ന നിരപരാധികളെ ഈ ദിനം സ്മരിക്കാം, അവർക്കായി പ്രാർത്ഥിക്കാം. “തടവുകാരോടു നിങ്ങളും അവരോടൊപ്പം തടവിലായിരുന്നാൽ എന്നപോലെ പെരുമാറുവിന്‍.

നിങ്ങള്‍ക്കും ഒരു ശരീരമുള്ളതുകൊണ്ടു പീഡിപ്പിക്കപ്പെടുന്നവരോടു പരിഗണന കാണിക്കുവിന്‍” (ഹെബ്രായര്‍ 13:3)വിശ്വാസത്തിൻ്റെ പേരിൽ നിശ്ശബ്ദരായി സഹിക്കുന്നവരോട് ഐക്യദാർഡ്യം!

കടപ്പാട് :മാത്യൂ ചെമ്പുകണ്ടത്തിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group