ഗര്‍ഭസ്ഥ ശിശുവിനെ രക്ഷിക്കുവാന്‍ വേണ്ടി ജീവത്യാഗം ചെയ്ത അമ്മ ഉൾപ്പെടെ മൂന്നു പേർ വിശുദ്ധ പദവിയിലേക്ക്

വത്തിക്കാന്‍ സിറ്റി : ഉദരത്തിൽ വളരുന്ന ശിശുവിനെ രക്ഷിക്കുവാന്‍ വേണ്ടി ജീവത്യാഗം ചെയ്ത ഇറ്റലിയില്‍ നിന്നുള്ള ക്രിസ്റ്റീന സെല്ല മോസെലിൻ ഉള്‍പ്പെടെ മൂന്നു പേർ വിശുദ്ധ പദവിയിലേക്ക്. ക്രിസ്റ്റീനയെ കൂടാതെ 2001ൽ ദൈവദാസരായി ഉയർത്തിയ ദമ്പതിമാരുടെ പുത്രി എൻറിക്കാ ബെൽത്രാമെ, പ്ലാചിദോ ഗെസ്റ്റപ്പോയിൽ പീഡന വിധേയനായി മരണപ്പെട്ട ഒരു ഫ്രാൻസിസ്ക്കൻ സന്യാസി പ്ലാചിദോ കൊർതേസെ എന്നിവരുടെ വീരോചിത പുണ്യങ്ങളെ കൂടിയാണ് ഫ്രാന്‍സിസ് പാപ്പ അംഗീകരിച്ചിരിക്കുന്നത്.

ഇതില്‍ ഏറ്റവും ശ്രദ്ധ നേടുന്നത് ഉദരത്തിലുള്ള കുഞ്ഞിന് വേണ്ടി സ്വജീവന്‍ അര്‍പ്പിച്ച ക്രിസ്റ്റീന സെല്ല മോസെലിന്റെ ജീവിതമാണ്.

1969 ആഗസ്റ്റ് 18 ന് ഇറ്റലിയിൽ മിലാനിലെ ചിനി സെല്ലോ ബാൽസമോയിലാണ് ക്രിസ്റ്റീന ജനിച്ചത്. തന്റെ സ്ക്കൂൾ നാളുകളിൽ തന്നെ ആത്മീയ കാര്യങ്ങളില്‍ ഏറെ ശ്രദ്ധ നല്‍കുവാന്‍ അവള്‍ക്കു കഴിഞ്ഞു. പിന്നീട് ക്രിസ്താനികളുടെ സഹായമായ മറിയത്തിന്റെ പുത്രിമാർ എന്ന ഡോൺ ബോസ്ക്കോ സന്യാസ സമൂഹത്തിൽ ദൈവവിളിയെ തിരിച്ചറിയാനുള്ള പരിശീലനത്തിൽ മുന്നോട്ടു പോയെങ്കിലും ദൈവവിളി മറ്റൊന്നാണെന്ന് തിരിച്ചറിഞ്ഞു. കാർളോ എന്ന യുവാവിനെ കണ്ടുമുട്ടിയത് അവളുടെ തീരുമാനത്തെ മാറ്റിമറിച്ചു. ഇതിനിടെ ഇടതുകാലിൽ അപൂര്‍വ്വമായ ഒരു തരം ട്യൂമർ ബാധിച്ചതിനെ തുടര്‍ന്നു രണ്ടു വർഷം ചികിൽസയും തെറാപ്പികളും തുടര്‍ന്നു.

1991-ല്‍ തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ അവള്‍ കാർളോയെ വിവാഹം ചെയ്തു. അധികം വൈകാതെ രണ്ടു കുഞ്ഞുങ്ങളെ അവര്‍ക്ക് ലഭിച്ചു. സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും നാളുകള്‍. ഇതിനിടെ മൂന്നാമതും മരിയ ഗര്‍ഭിണിയായി. പക്ഷേ മുന്‍പത്തെ സാഹചര്യം പോലെ ആയിരിന്നില്ല ഇത്. കാന്‍സര്‍ അവളെ വരിഞ്ഞു മുറുക്കിയിരിന്നു. ചികിത്സകള്‍ക്കു സാഹചര്യമുണ്ടായിരിന്നെങ്കിലും കീമോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ തന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിന്റെ ജീവന് അപകടമാണെന്ന് മനസിലാക്കിയ അവള്‍ വേദനയുടെ പാരമ്യത്തിലും ചികിത്സ വേണ്ടെന്ന് വെയ്ക്കുകയായിരിന്നു. കാന്‍സറിന്റെ സകല വേദനകളും ഏറ്റെടുത്ത് ഒടുവില്‍ അവള്‍ കുഞ്ഞിനെ പ്രസവിച്ചു. റിക്കാർഡോ എന്ന പേര് കുഞ്ഞിന് നല്‍കി.

1995-ല്‍ തന്റെ ഇരുപത്തിയാറാമത്തെ വയസില്‍ അവള്‍ നിത്യതയിലേക്ക് യാത്രയായി.

ഉദരത്തിലുള്ള കുഞ്ഞിന് വേണ്ടി ജീവത്യാഗം ചെയ്തു വിശുദ്ധ പദവിയിലെത്തിയ വിശുദ്ധ ജിയന്ന ബരോറ്റ മോളയുടെ ജീവിതവുമായി ഏറെ സാദൃശ്യമുള്ള ക്രിസ്റ്റീനയുടെ സാക്ഷ്യം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറുകയാണ്. നാമകരണ നടപടികൾക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കർദ്ദിനാൾ മർചെല്ലോ സെമറാറോയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഫ്രാൻസിസ് പാപ്പ നാമകരണ നടപടികൾ മുന്നോട്ട് കൊണ്ടു പോകാൻ അനുമതി നൽകിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group