ഇന്ന് ഇന്ത്യയിലെ എല്ലാ കുടുംബങ്ങളെയും ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിക്കും

ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് കൃതജ്ഞതാർപ്പണമായി ഭാരതത്തിലെ എല്ലാ കുടുംബങ്ങളെയും തിരുഹൃദയത്തിന് സമർപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി (സി.സി.ബി.ഐ). ഈശോയുടെ തിരുഹൃദയ തിരുനാളായ ഇന്ന് (ജൂൺ 24ന്) വിശുദ്ധ ദേവസഹായം പിള്ളയുടെ കബറിടം സ്ഥിതി ചെയ്യുന്ന കോട്ടാർ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രലിൽ രാത്രി 8.30 മുതൽ 9.30 വരെയാണ് സമർപ്പണ തിരുക്കർമ്മങ്ങൾ.

ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി വൈസ് പ്രസിഡന്റും മദ്രാസ് മൈലാപ്പൂർ ആർച്ച് ബിഷപ്പുമായ ജോർജ് അന്തോണി സ്വാമി പ്രാർത്ഥനകൾക്ക് ആരംഭം കുറിക്കും. സെക്രട്ടറി ജനറലും ഡൽഹി ആർച്ച് ബിഷപ്പുമായ അനിൽ കൂട്ടോ, കോട്ടാർ ബിഷപ്പ് നാസറെൻ സൂസൈ, നാമകരണച്ചടങ്ങുകളുടെ വൈസ് പോസ്റ്റുലേറ്റർ റവ. ഡോ. ജോൺ കുലാണ്ടയി, സിസ്റ്റർ ആനി കുറ്റിക്കാട് എന്നിവർ പ്രാർത്ഥനകൾ നയിക്കും. ബോംബെ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വചന സന്ദേശം നൽകും.

പ്രാർത്ഥനാ ശുശ്രൂഷകളുടെ ഭാഗമായി ഗോവ- ദാമൻ ആർച്ച് ബിഷപ്പും നിയുക്ത കർദിനാളുമായ ഫിലിപ്പ് നേരി ഫെറാവോയാണ് ഭാരതത്തിലെ എല്ലാ കുടുംബങ്ങളെയും ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിക്കുക. മധുരൈ ആർച്ച് ബിഷപ്പ് ആന്റണി പപ്പുസാമി സമാപന പ്രാർത്ഥനയ്ക്ക് നേതൃത്വം വഹിക്കും. ഇന്ത്യയിലെ അപ്പസ്തോലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് ലെയോപോൾദോ ജിറെല്ലി ദിവ്യകാരുണ്യ ആശീർവാദം നൽകും. കുടുംബങ്ങളെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കുന്ന തിരുക്കർമ്മങ്ങളിൽ പങ്കുചേർന്ന്, നമ്മുടെ രാജ്യത്തിനു വേണ്ടി ദേവസഹായത്തിന്റെ മാധ്യസ്ഥം തേടാൻ രാജ്യത്തും പുറത്തുമുള്ള വിശ്വാസീ സമൂഹത്തിന് സഭ ആഹ്വാനം നൽകിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group