ഇന്ന് വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ:

ആദിമ സഭയെ ആദ്യം യഹൂദരും പിന്നീട് റൊമാക്കാരും പീഡിപ്പിച്ചുകൊണ്ടിരുന്നു. അതോടൊപ്പം ക്രൈസ്തവരുടെ വിശുദ്ധ സ്ഥലങ്ങളും അവർ നശിപ്പിച്ചു. ഇതിനൊരു അന്ത്യം ഉണ്ടായത് കോണ്‍സ്റ്റന്‍റെയിന്‍ ചക്രവര്‍ത്തിയുടെ 323 ലെ മിലാൻ വിളമ്പരത്തിലൂടെയാണ്.

എ‌ഡി 326ൽ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി യേശുവിനെ കുരിശില്‍ തറച്ച യഥാര്‍ത്ഥ കുരിശു കണ്ടെത്തിയെന്നാണ് ചരിത്ര സാക്ഷ്യം. രാജ്ഞി ജെറുസലേമിൽ ഒരു ദേവാലയം പണി കഴിപ്പിക്കുകയും അതിൽ താൻ കണ്ടെടുത്ത കുരിശ് സ്ഥാപിക്കുകയും ചെയ്തു. പുതിയ ദേവാലയത്തിൽ കുരിശ് സ്ഥാപിച്ച ദിവസം ആണ് സെപ്റ്റംബർ 14.

എന്നാല്‍ പേർഷ്യൻ രാജാവായിരുന്ന കൊസ്റോവാസ് ഇത് കയ്യടക്കി. എ‌ഡി 629-ൽ, ഹെരാലിയസ് ചക്രവർത്തി ഈ വിശുദ്ധ വസ്തു വീണ്ടെടുത്ത് ജെറുസലേമിൽ കൊണ്ടുവന്ന് കാത്ത് സൂക്ഷിച്ചു. പിടിച്ചെടുത്ത കുരിശ് സ്വന്തം തോളിൽ ചുമന്ന് കൊണ്ടാണ്‌ ഹെറാലിയസ് ചക്രവർത്തി കാൽവരിയിലേക്ക് നീങ്ങിയത്. വിലയേറിയ വസ്ത്രങ്ങൾ ധരിച്ച്, വിശേഷ രത്നക്കല്ലുകൾ പതിച്ച ആഭരണങ്ങളുമണിഞ്ഞാണ്‌ ചക്രവർത്തി കുരിശ് ചുമന്നത്. കാൽവരിയുടെ കവാടത്തിൽ എത്തിയപ്പോൾ, ഒരതിശയകരമായ സംഭവം ഉണ്ടായി. എത്ര ശ്രമിച്ചിട്ടും, ചക്രവർത്തിയ്ക്കു മുന്നോട്ട് നടക്കാൻ സാധിക്കുന്നില്ല. അത്ഭുതപ്പെട്ടു നിന്നിരുന്ന ചക്രവർത്തിയോട് ഈ സമയം ജെറുസലേമിന്റെ ബിഷപ്പായിരുന്ന സഖറിയാസ് ഇങ്ങനെ വിളിച്ചു പറഞ്ഞു; “അല്ലയോ, സർവ്വാധികാരിയായ രാജാവേ! യേശുവിന്റെ കുരിശു യാത്രയിലെ വേഷവും, അങ്ങയുടെ വിജയ ശ്രീലാളിത ആട ആഭരണങ്ങളും തമ്മിൽ എന്ത് ചേർച്ചയുണ്ടന്ന് ചിന്തിക്കുക!“. കാര്യം ഗ്രഹിച്ച ചക്രവർത്തി ഉടൻ തന്നെ അനുതാപ സമാനമായ വേഷം ധരിച്ച് കഴിഞ്ഞപ്പോൾ, യാത്ര തുടരുവാൻ സാധിച്ചുയെന്ന്‍ പറയപ്പെടുന്നു.

പഴയ നിയമത്തിൽ മോശ മരത്തൂണിൽ പിച്ചള സർപ്പത്തെ ഉയർത്തിയത്, പുതിയ നിയമത്തിൽ യേശു മരക്കുരിശിൽ ഉയർത്തപ്പെട്ടതിന്റെ ‘മുൻനിഴൽ’ ആണ്‌. ക്രിസ്തുവിനെ അനുഗമിക്കുവാൻ, നാം അവന്റെ കുരിശെടുത്ത് മരണത്തോളം അനുസരണയുള്ളവരായിത്തീരണമെന്ന്‍ ഈ ദിവസം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആ മരണം കുരിശിൽ ആണെങ്കിൽ പോലും. അപ്പോൾ നാം കുരിശിലെ ക്രിസ്തുവിനെപ്പോലെ ആയിത്തീരും.

നമ്മുടെ ദേഹിയും ആത്മാവും, ദൈവത്തിൽ ഉറപ്പിക്കുന്നതിനാണ്‌ നാം പ്രാർത്ഥനക്ക് മുമ്പ് കുരിശ് വരക്കുന്നത്. ദൈവത്തോട് ചേർന്നിരിക്കുന്നതിനാണ്‌ നാം പ്രാർത്ഥനക്ക് ശേഷം കുരിശ് വരക്കുന്നത്. പരീക്ഷകളിലും ഭയത്തിലും തകർച്ചകളിലും നമ്മുടെ ശക്തിയും രക്ഷയും കുരിശിലാണ്. നാം ക്രിസ്തുവിന്റെ സ്വന്തമെന്ന് സൂചിപ്പിക്കുന്നതിനാണ് മാമോദീസയിൽ നാം കുരിശിൽ മുദ്രണം ചെയ്യപ്പെടുന്നത്. കൂടെ കൂടെ നമുക്ക് കുരിശിലേക്ക് നോക്കാം. നമ്മുടെ ദേഹവും ദേഹിയും ആത്മാവും മനശക്തിയും ചിന്തയും എല്ലാം കുരിശിന്റെ ചുവട്ടിലേക്ക് സമര്‍പ്പിക്കാം.

കടപ്പാട്: ഫാ. ജോണി ചിറ്റേമാരിയിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group