ഇന്ന് 2005 ഏപ്രിൽ രണ്ടിന് ഇഹലോകവാസം വെടിഞ്ഞ ജോൺ പോൾ രണ്ടാമന്റെ ഓർമ്മ ദിനo തിരുസഭ ആചരിക്കുകയാണ്.
2014-ൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച ജോൺ പോൾ രണ്ടാമൻ പാപ്പായുടെ പത്തൊൻപതാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ജീവിതവഴികളിലൂടെ ഒരു യാത്ര.
1920 മെയ് 18-ന് പോളണ്ടിലെ വാഡോവീസിൽ മൂന്നു മക്കളിൽ ഇളയവനായി കരോൾ ജുസെഫ് വോയ്റ്റില ജനിച്ചു. കരോൾ എന്നായിരുന്നു പിതാവിന്റെ പേര്. അദ്ദേഹം പോളിഷ് ആർമി ലെഫ്റ്റനന്റായിരുന്നു. അമ്മ എമിലിയ ഒരു സ്കൂൾ അധ്യാപികയായിരുന്നു. സ്നേഹനിധിയായ ഒരു കുടുംബത്തിലാണ് കരോൾ ജനിച്ചതെങ്കിലും അവന്റെ ബാല്യകാലജീവിതം കഷ്ടപ്പാടുകളും നഷ്ടങ്ങളും നിറഞ്ഞതായിരുന്നു. മൂത്ത സഹോദരി ഓൾഗ ശൈശവത്തിൽത്തന്നെ മരിച്ചു. കരോളിന് പന്ത്രണ്ടു വയസ്സായപ്പോൾ, അമ്മ എമെലിയ വൃക്ക തകരാറിനെത്തുടർന്ന് മരിച്ചു. മൂത്ത സഹോദരൻ എഡ്മണ്ട് സ്കാർലറ്റ് പനി ബാധിച്ചു മരിച്ചു.
സുഹൃത്തുക്കൾക്കിടയിൽ ലോക്ക് എന്നാണ് കരോൾ അറിയപ്പെട്ടിരുന്നത്. 1929 മെയ് മാസം 25-ന് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു. ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ കരോൾ, ക്രാക്കോവിലെ ജാഗിയോലോണിയൻ സർവകലാശാലയിലും 1938-ൽ നാടകം പഠിപ്പിക്കുന്ന ഒരു സ്കൂളിലും ചേർന്നു. പോളണ്ടിലെ നാസി അധിനിവേശ സേന 1939-ൽ സർവകലാശാല അടച്ചതിനാൽ കരോളിന് നാലുവർഷം ക്വാറിയിൽ ജോലി ചെയ്യേണ്ടിവന്നു. അദ്ദേഹത്തിൻ്റെ പിതാവ് 1941-ൽ അന്തരിച്ചു.
പൗരോഹിത്യത്തിലേക്കുള്ള തന്റെ വിളി അറിഞ്ഞ കരോൾ 1942-ൽ ക്രാക്കോവിലെ രഹസ്യ സെമിനാരിയിൽ പഠനം ആരംഭിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, ക്രാക്കോവിലെ പ്രധാന സെമിനാരി വീണ്ടും തുറന്നപ്പോൾ അവിടെ പഠനം തുടർന്നു. 1946 നവംബർ 1-ന് പുരോഹിതനായി അഭിഷിക്തനായി 1964 ജനുവരി 13-ന് പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ ക്രാക്കോവിലെ ആർച്ച് ബിഷപ്പായും പിന്നീട് 1967 ജൂൺ 26-ന് കർദിനാളായും ഉയർത്തി. 1978-ൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട കരോൾ വോയ്റ്റില, ഇറ്റലിക്കു പുറത്തുനിന്ന് 455 വർഷത്തിനുശേഷം നിയമിതനായ ആദ്യ മാർപാപ്പയായി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m