വിജയം വരിച്ച കുരിശ്

    പുരോഹിതപ്രമുഖന്മാരും ഫരിസേയരുമൊക്കെ ഈശോയെ ബന്ധിക്കാൻ വന്നപ്പോൾ, വാ തുറന്ന് , ശാന്തനായി “അത് ഞാനാണ് ” (I am he) എന്ന് പറയേണ്ട കാര്യമേ ഉണ്ടായുള്ളൂ. ജനക്കൂട്ടം മുഴുവൻ പുറകിലോട്ട് മറിഞ്ഞുവീണു. നമ്മുടെ കർത്താവിന്റെ അന്യൂനമായ ശക്തിയെയാണ് ഇത് കാണിക്കുന്നത്. പക്ഷെ പിടിക്കപ്പെടാൻ അവൻ തന്നെത്തന്നെ അനുവദിച്ചില്ലായിരുന്നെങ്കിൽ ആർക്കും രക്ഷ കൈവരില്ലായിരുന്നു. മരണത്തെയും അതിന്റെ കാരണക്കാരനെയും തൻറെ മരണത്തിലൂടെ നശിപ്പിക്കാൻ വേണ്ടിയാണ് ഈശോ ലോകത്തിലേക്ക് വന്നത്. പണ്ടേക്ക് പണ്ടേ അറുക്കാൻ പറഞ്ഞുവെച്ചിട്ടുള്ള കുഞ്ഞാടിനെപ്പോലെ, ലോകരക്ഷക്കായി തന്നെത്തന്നെ പിതാവിന് അവൻ ബലിയായി അർപ്പിച്ചു.

    അതെ , യേശുവിലുള്ള ദൈവം ലോകത്തെ തന്നോടുതന്നെ രമ്യതപ്പെടുത്തുകയായിരുന്നു. തൻറെ തന്നെ സൃഷ്ടിയെ സൃഷ്ടാവിന്റെ സാദൃശ്യത്തിലേക്ക് തിരിച്ചെത്തിക്കാനായി ദൈവം ആ സൃഷ്ടിയുടെ രൂപമെടുത്തു. നമ്മുടെ ബലഹീനതയിലും വേദനയോടുള്ള പേടിയിലും പങ്കുചേരാൻ അവനും അതിലൂടെയെല്ലാം കടന്നുപോയി. ഗദ്സെമെൻ തോട്ടത്തിൽ ഈശോ പേടി കൊണ്ട് വിറച്ചു. വിഷമത്തിന്റെ ആധിക്യം കൊണ്ട് രക്‌തം വിയർത്ത അവൻ അത് മറയ്‌ക്കാനൊന്നും ശ്രമിച്ചില്ല.

    പക്ഷെ ഒരു മനുഷ്യനെന്ന നിലയിൽ ഭയത്തിന്റെ ആഴങ്ങളിലേക്ക് പതിച്ചതുകൊണ്ട്, അവന്റെ ദൈവികത്വത്തിന്റെ പൂർണ്ണതയിൽ നമ്മുടെ ബലഹീനതയെ ശക്തിപ്പെടുത്തുവാൻ അവന് കഴിഞ്ഞു. അവന് നൽകാൻ നമുക്കുള്ളതിന് പകരം അവന്റെ നന്മകൾ കൈമാറ്റം ചെയ്യുന്ന കച്ചവടത്തിന് വന്ന സ്വർഗ്ഗത്തിലെ ഒരു ധനിക വ്യാപാരിയെപോലെ അവനീ ലോകത്തിലേക്ക് വന്നു : അപമാനത്തിന് പകരം ബഹുമാനം, ശിക്ഷക്ക് പകരം രക്ഷ , മരണത്തിന് പകരം ജീവൻ. ആയിരക്കണക്കിന് മാലാഖമാർ അവന്റെ സഹായത്തിന് വന്ന് അവന്റെ ശത്രുക്കളെ തുടച്ചുനീക്കുമായിരുന്നു, പക്ഷെ അവന്റെ മഹത്വപൂർണ്ണമായ ശക്തി കാണിക്കുന്നതിനേക്കാൾ നമ്മുടെ ബലഹീനതകൾ അനുഭവിച്ചറിയാനാണ് അവൻ ഇഷ്ടപ്പെട്ടത്.

    അതുകൊണ്ട് , പ്രതിരോധത്തിന് നിൽക്കാതെ യേശു ക്ഷമയെ മുറുകെപ്പിടിച്ചു. അവനെ വിടുവിക്കുമായിരുന്ന മാലാഖമാരുടെ സൈന്യത്തെ തടഞ്ഞുകൊണ്ട് വേദനയുടെയും മരണത്തിന്റെയും കാസ മട്ടോളം അവൻ കുടിച്ചു തീർത്തു. അവന്റെ സഹനത്താൽ കുരിശുമരണത്തെ അവൻ വിജയം വരിച്ചു. അസത്യത്തെ അട്ടിമറിച്ചു, അന്ധകാരത്തിന്റെ ശക്തികളെ കീഴടക്കി, ലോകത്തിനെ പുതിയതായ ഒരു പ്രകാശത്തിന്റെ ഉറവിടത്തിലേക്ക് നയിച്ചു. ആദത്തിന്റെ സന്തതിയായി മനുഷ്യകുലത്തിൽ ജനിച്ചുപോയി എന്നുള്ളതുകൊണ്ട് ആർക്കും ഇനി നിത്യനാശം വിധിക്കപ്പെടില്ല.നമുക്ക് ദൈവകരുണ ലഭിച്ചു; നമ്മുടെ രക്ഷകനാൽ മഹത്വത്തിൽ പ്രവേശിക്കാനുള്ള അവകാശവും.

    വിശ്വാസത്തിന്റെ കണ്ണുകളാൽ ക്രിസ്തുവിന്റെ കുരിശിലേക്ക് നോക്കുമ്പോൾ അത് നേടിത്തന്നതെല്ലാം നമ്മൾ തിരിച്ചറിയുന്നു. ഈശോയുടെ കടന്നുപോകൽ എന്തുകൊണ്ട് സഭ ഇത്ര ആഘോഷമാക്കുന്നെന്ന് മനസ്സിലാവുന്നു. കുരിശിനാൽ യേശു അതിരുകൾ തകർത്തു , മനുഷ്യമനസ്സിലെ വിഭാഗീയതകൾ സുഖപ്പെടുത്തി, ലോകത്തെ ദൈവത്തോട് രമ്യപ്പെടുത്തി.

    പക്ഷെ, നമ്മുടെ തന്നെ ശരീരങ്ങളാണ് ആ കുരിശിൽ തൂങ്ങിക്കിടക്കുന്നതെന്നും ഈശോയിൽ ആദ്യഫലങ്ങളായി മനുഷ്യകുലം മുഴുവൻ ജീവനിലേക്കുയിർത്തെന്നും വിശ്വസിച്ചില്ലെങ്കിൽ, നമ്മൾ ഈസ്റ്റർ ആഘോഷിക്കുന്നത് വെറുതെയാണ്. നമ്മുടെ ശരീരങ്ങളാണ് ജീവനില്ലാതെ കല്ലറയിൽ കിടന്നതും അതിനുശേഷം മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റതും പിതാവിന്റെ വലതുഭാഗത്തേക്ക് സ്വർഗ്ഗാരോഹണം ചെയ്തതും. ഈശോ ചെയ്തതിനും അനുഭവിച്ചതിനുമൊക്കെ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. നമ്മുടെ രക്ഷ .

    ആരൊക്കെ, ഭൂമിയിലവതരിച്ച വചനമാകുന്ന ദൈവത്തെ കർത്താവും രക്ഷകനുമായി സ്വീകരിച്ച്, യേശു മറിയത്തിന്റെ ഉദരത്തിൽ രൂപമെടുക്കാൻ കാരണമായ അതേ ആത്മാവിനാൽ വീണ്ടും ജനിക്കുന്നുവോ, അവർക്കെല്ലാം അവന്റെ ദൈവികസ്വഭാവത്തിൽ ഒരു പങ്ക് ലഭിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും , വിശപ്പും ക്ഷീണവും സഹിക്കുന്ന, പ്രശ്നങ്ങളിലും വിഷമങ്ങളിലും അകപ്പെടുന്ന, കരച്ചിൽ വരുന്ന , ഈ ദൈവമനുഷ്യനെ നോക്കുമ്പോൾ നമ്മുടെ മനുഷ്യത്വം സുഖപ്പെടാനും പാപമോചനത്തിനും വേണ്ടി നിലവിളിക്കുന്നതായി നമ്മൾ തിരിച്ചറിയുന്നു.

    ഈസ്റ്റർ നമുക്ക് ഉപരിപ്ലവമായ ഒരു സന്തോഷമല്ല കൊണ്ടുവരേണ്ടത്, എല്ലാ മേഖലയിലുമുള്ള നമ്മുടെ പ്രതികരണത്തിനുള്ള ആഹ്വാനമാണ് അത് നൽകുന്നത് കാരണം പെസഹാരഹസ്യത്തിൽ പങ്കുചേരുക എന്ന് പറഞ്ഞാൽ കർത്താവിന്റെ പീഡാസഹനങ്ങളിൽ പങ്കുചേരുന്നവരിൽ എണ്ണപ്പെടുക എന്നാണ് അർത്ഥം. നമ്മളും അവനോടൊത്ത് പീഡകൾ സഹിച്ച് , മരിച്ച് ഉയിർക്കുന്നില്ലെങ്കിൽ പീഡകൾ സഹിച്ച്, മരിച്ച് ജീവനിലേക്കുയർത്ത കർത്താവിനെ നമ്മൾ മാനിക്കുന്നില്ല. ഈശോയുടെ ജീവിതം എന്ന് പറയുന്നത് ഇപ്പോൾ നമ്മുടെ ജീവിതമാണ് , അതിൽ നമ്മുടെ കുരിശെടുത്ത് അവനെ പിഞ്ചെല്ലുന്നതും ഉൾപ്പെടുന്നു. ആ കുരിശാണ് നമ്മുടെ മഹത്വം. അത് വഴി നാം ലോകത്തിനും ലോകം നമുക്കും മരിച്ചവരായിരിക്കുന്നു. അവിടെ തൻറെ കുരിശിൽ ഈശോ തനിക്കൊപ്പം നമ്മളെയും ഉയർത്തി , മനുഷ്യകുലം രക്ഷിക്കപ്പെട്ടിടത്ത് നമ്മളും കാണപ്പെടേണ്ടതാണ്. കർത്താവിന്റെ പീഡാസഹനം കഴിഞ്ഞുപോയ ഒരു കാര്യമല്ല, അത് അവസാനിച്ചിട്ടുമില്ല. അത് ലോകാവസാനം വരേയ്ക്കും തുടരും. ദരിദ്രർക്ക് ഭക്ഷണം കൊടുക്കുമ്പോഴും അവരെ വസ്ത്രം ധരിപ്പിക്കുബോഴും നമ്മൾ ചെയ്തുകൊടുക്കുന്നത് യേശുവിനാണെന്ന പോലെ , വിശുദ്ധരിൽ ആദരിക്കപ്പെടുന്നത് യേശുവാണെന്ന പോലെ, നല്ലതു ചെയ്യുന്നതിന് പീഡകൾ സഹിക്കേണ്ടി വരുന്നവരിലെല്ലാം യേശുവാണ് അത് സഹിക്കുന്നത്.

    മഹാനായ വിശുദ്ധ ലിയോ പാപ്പ ( st Leo The Great)

    വിവർത്തനം : ജിൽസ ജോയ്

    എല്ലാവർക്കും ഉയിർപ്പുതിരുന്നാളിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു 🥰


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group