ജോസ് വിതയത്തില്‍ അതുല്യനായ അല്‍മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി

സഭയെ ആഴത്തില്‍ സ്നേഹിച്ച വ്യക്തിത്വവും അതുല്യനായ അല്‍മായ മാതൃകയുമായിരുന്നു അന്തരിച്ച അഡ്വ. ജോസ് വിതയത്തിലെന്നു സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു.
സിറോ മലബാര്‍ സഭ അല്‍മായ ഫോറം സെക്രട്ടറിയായിരുന്ന അഡ്വ. വിതയത്തിലിന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലകളിലും നല്ല വ്യക്തിബന്ധം രൂപപ്പെടുത്താനും വളര്‍ത്താനും അദ്ദേഹത്തിനായി. ആദര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുമ്പോഴും ആരെയും വിഷമിപ്പിക്കാതെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അല്‍മായ നേതൃരംഗത്തു സഭയിലെ പിതാക്കന്മാരുടെ മനസറിഞ്ഞ് അദ്ദേഹം നിലപാടുകളെടുത്തു. സഭയില്‍ അല്‍മായര്‍ക്കുള്ള സ്ഥാനവും ദൗത്യവും അദ്ദേഹം വ്യക്തമായി തിരിച്ചറിഞ്ഞാണു പ്രവര്‍ത്തിച്ചത്. ഔദ്യോഗിക സംവിധാനങ്ങളെ അദ്ദേഹം ആദരവോടെ കണ്ടു. മതസൗഹാര്‍ദത്തിനും ക്രൈസ്തവ സഭകളുടെ കൂട്ടായ്മയ്ക്കും ജോസ് വിതയത്തില്‍ നടത്തിയിട്ടുള്ള പരിശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും മാര്‍ ആലഞ്ചേരി സൂചിപ്പിച്ചു. സിറോ മലബാര്‍ സഭ ലെയ്റ്റി, ഫാമിലി, ലൈഫ് കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.
ഇന്ത്യയിലും വിദേശത്തുമുള്ള സിറോ മലബാര്‍ സഭ രൂപതകളിലെ വൈദിക സന്യസ്തപ്രതിനിധികള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, കത്തോലിക്കാ സഭയിലെ വിവിധ അല്മായ സംഘടനാ നേതാക്കള്‍, വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു…

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group