ദൃഢതയുള്ള വിവാഹ ജീവിതത്തിന് വി. ഫ്രാൻസീസ് ഡി സാലസിന്റെ മൂന്നു ഉപദേശങ്ങൾ…

വിശുദ്ധനും സഭാപാരംഗതനുമായ ഫ്രാൻസീസ് ഡീ സാലസിന്റെ കുടുംബ ജീവിതത്തെക്കുറിച്ചുള്ള അദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഭുവന പ്രസിദ്ധമാണ്. ഫ്രാൻസീസിന്റ അഭിപ്രായത്തിൽ വിവാഹം രണ്ടു ഹൃദയങ്ങൾ ഒന്നിച്ചു തുന്നിച്ചേർക്കലാണ്.

സമ്പന്നനും പാവപ്പെട്ടവനും ഒരു പോലെ സംലഭ്യമായ ആനന്ദവും സന്തോഷം കണ്ടെത്താനുള്ള ദൃഢമായ മാർഗ്ഗങ്ങളിൽ ഒന്നുമാണ്.പതിനേഴാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന പണ്ഡിതനായ ഒരു മെത്രാനായിരുന്നു വി. ഫ്രാൻസീസ് സാലസ് . വിവാഹിതതല്ലായിരുന്നുവെങ്കിലും അജഗണത്തിന്റെ ഹൃദയ സ്പന്ദനങ്ങൾ അറിഞ്ഞിരുന്ന ഇടയനെന്ന നിലയിൽ ദാമ്പത്യ ജീവിതത്തിന്റെ വിളിയും വെല്ലുവിളിയും ഫ്രാൻസീസ് മെത്രാൻ മനസ്സിലാക്കിയിരുന്നു.

ഭക്ത ജീവിതത്തിനുള്ള ആമുഖം എന്ന ഗ്രന്ഥത്തിലെ (Introduction to the Devout Life) ഒരധ്യായം മുഴുവൻ വിവാഹിതർക്കുള്ള ഉപദേശങ്ങളാണ്.

ഭാര്യ എങ്ങനെ ഒരു അമൂല്യ രത്നമാകുന്നു. ദമ്പതികൾ എങ്ങനെ ഒരു ശരീരവും ആത്മാവുമാകുന്നു ഭാര്യ ഭർത്യ ബന്ധം എപ്പോഴും ഒന്നിച്ചുള്ള മത്സരം ആണം ഒന്നുകിൽ ഒരു ടീമായി വിജയംം വരിക്കും അല്ലെങ്കിൽ പരാജയപ്പെടും.

ജീവിത പങ്കാളികൾ തങ്ങളെത്തന്നെ മറന്നു മറ്റുള്ളവർക്കുവേണ്ടി ജീവിക്കുമ്പോൾ രണ്ടു പേരും സന്തോഷമനുഭവിക്കുന്നു.

സ്നേഹത്തോടെയുള്ള ഓരോ വിട്ടുവീഴ്ചകളും സംതൃപ്തിയുടെ ഉറവിടമാകുന്നതും ഫ്രാൻസീസ് ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു.

ദാമ്പത്യ സ്നേഹത്തെക്കുറിച്ചും അതിന്റെ ഫലങ്ങളെക്കുറിച്ചുമുള്ള ഫ്രാൻസീസിൻ്റെ മൂന്ന് ഉപദേശങ്ങൾ ചുവടെ ചേർക്കുന്നു.

1)നിങ്ങളുടെ ഹൃദയങ്ങളെ ഒട്ടിച്ചു ചേർക്കുക.

മരപ്പണിയിൽ ആശാരിമാർ രണ്ടു പലകകൾ ഒന്നിച്ചു ചേർക്കാനായി ശക്തിയേറിയ പശ ഉപയോഗിക്കുന്നു. ഒരിക്കലും വേർതിരിക്കാതിരിക്കുന്നതിനാണ് അവർ ഇപ്രകാരം ചെയ്യുന്നത്. ഒരു ജീവിത പങ്കാളി മറ്റെയാളോടു എപ്രകാരം ഒത്തുചേർന്നു ജീവിക്കണം എന്നു പഠിപ്പിക്കാനാണ് ഫ്രാൻസീസ് ഈ താരദമ്യം നടത്തുന്നത്. അവർ രണ്ടു പേരും ഒരു ശരീരമായിത്തീരുന്നു. ദമ്പതികൾ തമ്മിലുള്ള ബന്ധം മരണത്തെപ്പോലും അതിലംഘിക്കുന്ന പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ ബന്ധമാണ്. വിവാഹ ജീവിതത്തിൽ ജീവിത പങ്കാളിക്കു പ്രഥമസ്ഥാനം നൽകണം. മറ്റൊരു ബന്ധത്തിനും സൗഹൃദത്തിനും ജോലിക്കും കടമകൾക്കും ജീവിത പങ്കാളിയെക്കാൾ പ്രാധാന്യം നൽകരുത്.

2) നിങ്ങളുടെ ഹൃദയങ്ങളിൽ ജീവിത പങ്കാളികളുടെ ചിത്രം പരസ്പരം ആലേഖനം ചെയ്യക.

ഫ്രാൻസീസിന്റെ അഭിപ്രായത്തിൽ വിവാഹമോതിരം ദമ്പതിമാർ പരസ്പരം ഹൃദയത്തിൽ അണിയേണ്ട മുദ്രയെയാണു സൂചിപ്പിക്കുക. പരസ്പരം മറ്റുള്ളവർക്കു പൂർണ്ണമായി നൽകിയിരിക്കുന്നു എന്നതിന്റെ അടയാളം. പണ്ടുകാലങ്ങളിൽ വിവാഹ മോതിരത്തിൽ അക്ഷരങ്ങൾ പതിപ്പിക്കുമ്പോൾ അതിനു മുകളിൽ ചൂടുള്ള മെഴുകു ഒഴിച്ചു അവ ഭദ്രമായി മുദ്ര ചെയ്തിരുന്നു. വിവാഹത്തിലൂടെ ദമ്പതികളുടെ ഹൃദയങ്ങൾക്കു രൂപാന്തരീകരണം സംഭവിക്കുന്നു. ജീവിത പങ്കാളികളുടെ ഹൃദയ പരസ്പരം തുറക്കാനുള്ള താക്കോൽ ഇവരും വിവാഹമോതിരം അണിയുന്നതിലൂടെ കൈമാറുന്നു. വിവാഹ ജീവിതത്തിൽ പുലർത്തേണ്ട വിശ്വസ്തതയും പരസ്പരം ഹൃദയങ്ങൾ കീഴടക്കേണ്ടതിന്റെ ആവശ്യകതയും വിവാഹമോതിരം ഓർമ്മപ്പെടുത്തുന്നു. ദാമ്പത്യ ജീവിതത്തിൽ ദമ്പതികൾ തമ്മിലല്ലാതെ മറ്റാർക്കെങ്കിലും ഹൃദയം കൈമാറിയാൽ കുടുംബ ജീവിതത്തിൽ പാളിച്ചകൾ ഉയർന്നു വരും.

3) നിങ്ങളുടെ ഹൃദയത്തെ വിശാലമാക്കുക.

ഫ്രാൻസീസ് സാലസിന്റെ അഭിപ്രായത്തിൽ കുടുംബത്തിന്റെ സ്നേഹത്തിലേക്കു കുട്ടികൾ കടന്നു വരുമ്പോൾ കുടുംബം വികസിക്കുന്നു. സ്നേഹമാണ് ഹൃദയങ്ങളെ വിശാലമാക്കുന്നത്. ഭാര്യയുടെയും ഭർത്താവിന്റെയും സ്നേഹം വികസിക്കുന്നതാണ് മക്കൾ. കുടുംബ ജീവിതം മുമ്പോട്ടു നീങ്ങുമ്പോൾ ഹൃദയം വിശാലമാക്കിയില്ലങ്കിൽ കുടുംബ ജീവിതത്തിന്റെ മാധുര്യം നഷ്ടപ്പെടും. ജിവിത പങ്കാളികൾക്കും മക്കൾക്കുമായി ഹൃദയം തുറന്നിടുമ്പോഴാണ് കുടുംബ ജീവിതം ദൃഢമാക്കുന്നത്.
ഫ്രാൻസീസിന്റെ അഭിപ്രായത്തിൽ വിവാഹം മാധുര്യമുള്ളതാണ് അതു ശരിയായ രീതിയിൽ പരിരക്ഷിച്ചില്ലങ്കിൽ കയ്പുനിറഞ്ഞതാകും .അതിനാൽ ദമ്പതികൾ ഓരോ നിമിഷവും വിവാഹദിനത്തിലെ വാഗ്ദാനവും അനു ദിവസവും കാത്തു സൂക്ഷിക്കേണ്ട ബലിദാന സ്നേഹവും ഓർമ്മയിൽ നിലനിർത്തണം. ജിവിത പങ്കാളികൾ പരസ്പരം ഇതാണ് എന്റെ പ്രിയതമൻ/പ്രിയതമ, എന്റെ ഹൃദയം സ്വന്തമാക്കിയ ഹൃദയം എന്നു മന്ത്രിക്കണം.

കടപ്പാട് : ഫാ. ജയ്സൺ കുന്നേൽ mcbs


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group