ക്രിസ്തുമസിനെ വരവേൽക്കാൻ ഒരുങ്ങി വത്തിക്കാൻ

ദൈവകുമാരന്റെ തിരുപ്പിറവിയുടെ സ്മരണ പുതുക്കുന്ന ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് വത്തിക്കാൻ. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി 100 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീയും, പുല്‍ക്കൂടും സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ അനാച്ഛാദനം ചെയ്തു.

കർദ്ദിനാൾ ഫെർണാണ്ടോ വെർഗസ് അൽസാഗ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കനത്ത മഴയും ഇടിയും മിന്നലും കാരണം വത്തിക്കാന്‍ സിറ്റിയിലെ പോള്‍ ആറാമന്‍ ഹാളില്‍വെച്ചായിരുന്നു ചടങ്ങ്.

ക്രിസ്തുമസ് ട്രീയുടെ ദീപം തെളിയിക്കല്‍ ചടങ്ങിന്റെ തത്സമയ സംപ്രേഷണം നടന്നിരിന്നു. മധ്യ ഇറ്റലിയിലെ പര്‍വ്വതമേഖലയിലെ റോസെല്ലോ ഗ്രാമത്തില്‍ നിന്നും കൊണ്ടു വന്ന 100 അടി നീളമുള്ള ക്രിസ്തുമസ് ട്രീ ഇറ്റലിയിലെ ഒരു മനോരോഗ പുനരധിവാസ കേന്ദ്രത്തിലെ കുട്ടികളും, ഒരു നേഴ്സിംഗ് ഹോമിലെ അന്തേവാസികളും, അബ്രൂസ്സോയിലെ സ്കൂള്‍ കുട്ടികളും നിര്‍മ്മിച്ച അലങ്കാര വസ്തുക്കള്‍ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്.

ഇറ്റലിയുടെ വടക്ക്-കിഴക്കന്‍ മേഖലയായ ഫ്രിയൂലി-വെനേസിയ ഗിയൂളിയയില്‍ നിന്നുള്ള ആല്‍പൈന്‍ ദേവദാരു മരത്തില്‍ കൈകൊണ്ട് കൊത്തിയുണ്ടാക്കിയ മനുഷ്യ വലുപ്പത്തിലുള്ള രൂപങ്ങളാണ് പുല്‍ക്കൂടില്‍ ഉള്ളത്. മരം കൊണ്ട് നിര്‍മ്മിച്ച പുല്‍ക്കൂട്ടില്‍ ഉണ്ണീശോയുടേയും പരിശുദ്ധ കന്യകാമാതാവിന്റേയും യൗസേപ്പിതാവിന്റേയും മാലാഖയുടെയും രൂപങ്ങള്‍ക്ക് പുറമേ കാളയുടെയും, കഴുതയുടെയും പ്രതിമകളുമുണ്ട്. പുല്‍ക്കൂട് നിര്‍മ്മിച്ച മേഖലയിലെ കച്ചവടക്കാരായ സ്ത്രീ-പുരുഷന്‍മാരുടെയും, ആട്ടിടയന്‍മാരുടെയും, കുടുംബങ്ങളുടെയും, കുട്ടികളുടേയും രൂപങ്ങളും പുല്‍ക്കൂടില്‍ ദൃശ്യമാണ്.

ദീപാലങ്കാരങ്ങള്‍ കൊണ്ട് പ്രഭാപൂരിതമായ ക്രിസ്തുമസ് ട്രീ നമ്മുടെ അന്ധകാരം മാറ്റി പ്രകാശം ചൊരിയുവാന്‍ വന്ന യേശുവിനെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നു പുല്‍ക്കൂടുകളും, ക്രിസ്തുമസ് ട്രീയും സംഭാവന ചെയ്ത പ്രദേശങ്ങളില്‍ നിന്നെത്തിയ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ പാപ്പ പറഞ്ഞു. “തന്റെ സ്നേഹം മനുഷ്യരാശിക്കും നമ്മുടെ ജീവിതങ്ങള്‍ക്കുമായി പങ്കുവെക്കത്തക്കവിധം യേശു നമ്മളെ സ്നേഹിച്ചു. അവന്‍ നമ്മളെ ഒരിക്കലും തനിച്ചാക്കിയിട്ടില്ല. നമ്മുടെ കഷ്ടപ്പാടുകളിലും സന്തോഷത്തിലും അവന്‍ നമ്മുടെ കൂടെയുണ്ട്. കാരണം അവന്‍ അയക്കപ്പെട്ടവനാണ്” പാപ്പ കൂട്ടിച്ചേര്‍ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group