മരിയന്‍ പ്രത്യക്ഷീകരണത്തെയും സ്വകാര്യ വെളിപാടുകളെയും തള്ളി വത്തിക്കാന്‍

ബ്രാസിയാനോ തടാകത്തിൻ്റെ തീരത്തുള്ള ട്രെവിഗ്നാനോ റൊമാനോയില്‍ നടന്നതെന്ന് അവകാശപ്പെട്ട പ്രത്യക്ഷീകരണത്തെയും സ്വകാര്യ വെളിപാടുകളെയും തള്ളി വത്തിക്കാന്‍. കന്യകാമറിയത്തിൻ്റെയും യേശുവിൻ്റെയും പിതാവായ ദൈവത്തിൻ്റെയും ദര്‍ശനം ലഭിച്ചതായുള്ള ഗിസെല്ല കാർഡിയ എന്ന സ്ത്രീയുടെയും അവളുടെ ഭർത്താവ് ജിയാനിയുടെയും അവകാശവാദങ്ങളില്‍ പഠനം നടത്തിയാണ് വത്തിക്കാന്‍ തീരുമാനം അറിയിച്ചിരിക്കുന്നത്. ഇവിടെ വിശുദ്ധ കുർബാനയ്ക്കും തീർത്ഥാടനത്തിനും വത്തിക്കാന്‍ വിശ്വാസ കാര്യാലയം നിരോധനം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു.

മെഡ്‌ജുഗോറിയയില്‍ നിന്ന് ഔവർ ലേഡി ഓഫ് പീസ് എന്ന ചിത്രം ദമ്പതികൾ തിരികെ കൊണ്ടുവന്നതിന് ശേഷമാണ് അവകാശ വാദങ്ങളുടെ തുടക്കം. ചിത്രത്തില്‍ നിന്നു രക്തം വന്നെന്നും ഓരോ മാസവും മൂന്നാം ദിവസം കന്യകാമറിയത്തിന്റെ സന്ദേശം ലഭിക്കുന്നുണ്ടെന്നും അതിമാനുഷിക സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും ഇവര്‍ അവകാശപ്പെട്ടു. സംഭാവനകൾ സ്വീകരിക്കുന്ന ഒരു എന്‍‌ജി‌ഓയുടെ സഹായത്തോടെ കാർഡിയ ഒരു ചാപ്പല്‍ നിര്‍മ്മിച്ചിരുന്നു. ഇതിലേക്ക് നിരവധി വിശ്വാസികളെയും വൈദികരെയും ഒരുമിച്ച് കൊണ്ടുവരുവാനും ഇവര്‍ ഇടപെടല്‍ നടത്തിയിരുന്നു.

സഭയുടെ അംഗീകാരമില്ലാതെയായിരിന്നു ഇത്തരം നീക്കങ്ങള്‍. കഴിഞ്ഞ വർഷം, സിവിറ്റ കാസ്റ്റെല്ലാനയിലെ പ്രാദേശിക ബിഷപ്പ് മാർക്കോ സാൽവി, കാർഡിയയോടൊപ്പം പരിപാടികളിൽ പങ്കെടുക്കരുതെന്ന് വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെ ട്രെവിഗ്നാനോ സിറ്റി ഗവൺമെൻ്റ് ചാപ്പൽ അടച്ചുപൂട്ടി. മരിയോളജിസ്റ്റുകൾ, ദൈവശാസ്ത്രജ്ഞർ, കാനോന്‍ പണ്ഡിതര്‍, മനശാസ്ത്രജ്ഞർ, മറ്റ് വിദഗ്ധർ എന്നിവരുടെ കമ്മീഷൻ നടത്തിയ അന്വേഷണത്തിന് പിന്നാലെ മാര്‍ച്ച് മാസത്തില്‍ ബിഷപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.

അവകാശപ്പെടുന്ന ഈ മരിയൻ ദർശനങ്ങളുടെ സന്ദേശങ്ങളിൽ “നിരവധി ദൈവശാസ്ത്രപരമായ തെറ്റുകള്‍” അടങ്ങിയിട്ടുണ്ടെന്ന് ബിഷപ്പ് തൻ്റെ ഉത്തരവിൽ വിശദീകരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m