വിഴിഞ്ഞം പദ്ധതി ലത്തീൻ സഭ നിലപാടിൽ മാറ്റം വരുത്തിയോ ? 2015 -ലെ ഇടയ ലേഖനം ചർച്ചയാകുന്നു

ആര്‍ച്ച് ബിഷപ്പ് സൂസപാക്യം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിഴിഞ്ഞം പദ്ധതിയെ അനുകൂലിച്ചുവെന്ന കുപ്രചരണത്തിനിടെ സത്യാവസ്ഥ വ്യക്തമാക്കുന്ന സര്‍ക്കുലര്‍ ചര്‍ച്ചയാകുന്നു. 2015 ജൂലൈ 31നു അതിരൂപത കാര്യാലയത്തില്‍ നിന്ന്‍ പുറപ്പെടുവിച്ച ഇടയലേഖനത്തില്‍ നയം വ്യക്തമായി ആര്‍ച്ച് ബിഷപ്പ് അവതരിപ്പിച്ചിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിയിലൂടെ ഉണ്ടാകുന്ന വികസന സാധ്യതകളെ അനുകൂലിക്കുമ്പോഴും ഇത് മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ആശങ്ക സര്‍ക്കുലറില്‍ വ്യക്തമായി പങ്കുവെയ്ക്കുന്നുണ്ടെന്നതു ഏറെ ശ്രദ്ധേയമായ കാര്യമാണ്.

സര്‍ക്കുലറിന്റെ ആദ്യ ഖണ്ഡികയുടെ ആദ്യഭാഗത്ത് പറയുന്നതു ഇങ്ങനെ -”വിഴിഞ്ഞത്ത് ഒരു വൻകിട വാണിജ്യ തുറമുഖം നിർമിച്ച് പ്രവർത്തിപ്പിക്കാൻ വേണ്ടി കേരള സർക്കാർ നടപടികളുമായി മുന്നോട്ടുപോവുകയാണല്ലോ. ഒരു സ്വപ്ന പദ്ധതിയായി വിശേ ഷിപ്പിച്ചുകൊണ്ട് അനന്തമായ വികസന സാദ്ധ്യതയാണ് ഈ പദ്ധതിമൂലം തെക്കൻ കേരള ത്തിൽ ഉണ്ടാക്കാൻ പോകുന്നതെന്ന് കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുകയും ചെയ്യുന്ന ഒരു പശ്ചാത്തലമാണ് ഇന്നുള്ളത്. പദ്ധതിക്ക് അനുകൂലമായ ഒരു നിലപാടാണ് അതിരൂപത ആദ്യം മുതലേ പുലർത്തിയത്”.

ആദ്യ ഖണ്ഡികയില്‍ തന്നെ രണ്ടാം ഭാഗത്ത് പറയുന്നതു ഇങ്ങനെ- ” എന്നാല്‍ പദ്ധതി മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കരുതെന്നും തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ആശങ്കകൾ പരിഹരിച്ചുവേണം മുന്നോട്ടുപോകുവാനെന്നും ശക്തമായ നിലപാടുമായിട്ടാണ് നാം സർക്കാരിനെയും തുറമുഖ അധികൃതരേയും സമീപിച്ചത്. തയ്യാറാക്കപ്പെട്ട പ്ലാൻപ്രകാരം ഈ തുറമുഖം നിർമ്മിച്ചാൽ തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ വസിക്കുന്നവർക്ക് ഉണ്ടാകാൻ ഇടയുള്ള പ്രശ്നങ്ങൾ നിരവധിയാളുകളും സംഘടനകളും ഏറെക്കാലമായി ബന്ധപ്പെട്ട അധികൃതരുടെ മുമ്പിൽ ഉന്നയിച്ചിട്ടുണ്ടെങ്കിലും അതെല്ലാം അവഗണിച്ച് ഏകപക്ഷീയമായി സർക്കാർ നീങ്ങുകയാണ്”- 2015-ലെ സര്‍ക്കുലറില്‍ പറയുന്നു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത വിഴിഞ്ഞം പദ്ധതി വിഷയത്തില്‍, അന്നു സ്വീകരിച്ച അതേ നിലപാട് തന്നെയാണ് ഇന്നുമെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നതാണ് സര്‍ക്കുലര്‍.

സര്‍ക്കുലറിന്റെ മുന്നോട്ടുള്ള ഭാഗങ്ങളിലും വിഷയം വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. ”ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന രൂപത്തിൽ ഈ പദ്ധതി നടപ്പിലാക്കിയാൽ നമ്മുടെ തീരപ്രദേശത്തെ ജനജീവിതത്തിനും കടലോര പരിസ്ഥിതിക്കും ഗുരുതരമായ ദോഷഫലങ്ങൾ ഉണ്ടാകും. ആഘാതപഠന റിപ്പോർട്ട് പല സുപ്രധാന കാര്യങ്ങളും ശാസ്ത്രീയമായ രീതിയിൽ പഠിച്ചിട്ടില്ല, റിപ്പോർട്ടിലെ പല നിഗമനങ്ങളും വസ്തുതകളെ മറച്ചുവച്ച് പദ്ധതിയെ മനഃപൂർവം ന്യായീകരിക്കാൻ മാത്രമാണ് പരിശ്രമിക്കുന്നത്, പദ്ധതി ആഘാത മേഖലയിൽ തിങ്ങിപ്പാർക്കുന്ന മത്സ്യത്തൊഴിലാളിസമൂഹത്തെ ബാധിക്കുന്ന കാര്യങ്ങൾ ശരിയായി പഠിച്ചിട്ടില്ല, നിലവിലുള്ള തീരപരിപാലന നിയമവും പരിസ്ഥിതി സംരക്ഷണ നിയമവും ലംഘിച്ചുകൊണ്ട് മാത്രമേ തയ്യാറാക്കിയിരിക്കുന്ന പദ്ധതി നടപ്പിലാക്കാൻ സാധിക്കൂ”. തുടങ്ങീ നിരവധി വസ്തുതകള്‍ ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group