സി ബി ഐ ക്കെതിരെ രൂക്ഷ വിമർശനവുമായി വോയ്സ് ഓഫ് നണ്‍സ്…

കൊച്ചി : സിബിഐ അഭയകേസിൽ നടത്തിയ നിയമവിരുദ്ധമായ ഇടപെടലുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വോയിസ് ഓഫ് നണ്‍സ്.

മനഃസാക്ഷിക്ക് നിരക്കാത്ത കള്ളക്കഥകള്‍ എഴുതിയുണ്ടാക്കി നിയമവിരുദ്ധമായ വഴികളിലൂടെ അത് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന സി ബി ഐ യെപോലെ ഒരു അന്വേഷണ ഏജന്‍സി ലോകത്തിലൊരിടത്തുമുണ്ടാകില്ലെന്ന് വോയിസ് ഓഫ് നണ്‍സ് ചൂണ്ടിക്കാട്ടുന്നു. വ്യാജ വാദഗതികളിലൂടെ അനേക ജീവിതങ്ങളെ തകര്‍ത്തെറിഞ്ഞ ‘കുപ്രസിദ്ധ കുറ്റാന്വേഷകരുടെ’ മുഖമൂടി പറിച്ചെറിയേണ്ടതും ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന കറുത്ത കരങ്ങളെ തിരിച്ചറിയേണ്ടതും നീതി നടപ്പാകണമെന്ന് ആഗ്രഹിക്കുന്ന സകലരുടെയും ആവശ്യമാണെന്ന് വോയ്സ് ഓഫ് നണ്‍സ് പിആര്‍ഒ അഡ്വ സിസ്റ്റര്‍ . ജോസിയ വ്യക്തമാക്കുന്നു.

സിബിഐയുടെ നിയമവിരുദ്ധ പ്രവര്‍ത്തികള്‍ക്ക് ആര് പരിഹാരം ചെയ്യും? എന്ന പേരില്‍ എഴുതിയ ലേഖനത്തിലൂടെയാണ് സിസ്റ്റര്‍ ജോസിയ അഭയ കേസില്‍ അന്വേഷണ ഏജന്‍സിയയായ സി ബി ഐ സ്വീകരിച്ച നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചിരിക്കുന്നത്. 2020 ഡിസംബറിന് ശേഷം, 2023 ഫെബ്രുവരിയില്‍ അഭയാകേസ് സംബന്ധിച്ച മറ്റൊരു വിധി പ്രസ്താവം കൂടി ചര്‍ച്ചയാകുമ്പോള്‍ അവിടെ തകര്‍ന്നടിയുന്നത് സിബിഐയുടെ വാദഗതികളും കണ്ടെത്തലുകളും മുഴുവനോടെയാണെന്ന് ലേഖനം ചൂണ്ടികാട്ടുന്നു.

സിബിഐ ഭാവനയില്‍ മെനഞ്ഞ കുറ്റപത്രത്തിന്റെ അടിത്തറ പ്രതികള്‍ തമ്മിലുള്ള അവിഹിത ബന്ധം ആയിരുന്നു. അത് സ്ഥാപിക്കാന്‍ സിബിഐക്ക് മുന്നിലുണ്ടായിരുന്ന ഏക വഴി കുറ്റാരോപിതയായ സന്യാസിനി കന്യകയല്ല എന്ന് സ്ഥാപിക്കുകയായിരുന്നു. അതിനാണ് അവര്‍ നിയമവിരുദ്ധമായ കന്യകാത്വ പരിശോധന നടത്താന്‍ തീരുമാനിച്ചത്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളതിനാല്‍ സന്യാസിനി അതിന് വഴങ്ങുകയും പരിശോധനയ്ക്ക് വിധേയയാവുകയും ചെയ്തു. അതേസമയം പരിശോധനയില്‍ സന്യാസിനി കന്യകയാണ് എന്ന് തെളിഞ്ഞത് സിബിഐക്ക് തിരിച്ചടിയായി. എന്നാല്‍, അവിടെയും തോല്‍വി സമ്മതിക്കാതെ അടുത്ത ട്വിസ്റ്റ് തങ്ങളുടെ തിരക്കഥയില്‍ അവര്‍ എഴുതിച്ചേര്‍ത്തു. അതായിരുന്നു, ഹൈമനോപ്ലാസ്റ്റി. തങ്ങളുടെ വായനക്കാരുടെയും കാഴ്ചക്കാരുടെയും എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ഉപാധിയായി അഭയ കേസിനെ കണ്ട വിവിധ മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്തുവച്ച് കൂടുതല്‍ കഥകള്‍ മെനയുകയാണ് ഉണ്ടായത്. ഒപ്പം, ഒരു കത്തോലിക്കാ സന്യാസിനി എന്ന ഒറ്റ കാരണത്താല്‍ മാത്രം കത്തോലിക്കാ സന്യാസത്തിനും സന്യാസ സമൂഹങ്ങള്‍ക്കും എതിരെയുള്ള നീക്കം എന്ന നിലയിലും ഈ വിഷയത്തെ വിവിധ മാധ്യമങ്ങള്‍ കൈകാര്യം ചെയ്തു. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ്, പ്രതികളായി ചിത്രീകരിക്കപ്പെട്ട് അത്യന്തം ഹീനമായ രീതിയില്‍ തേജോവധം ചെയ്യപ്പെട്ടുകൊണ്ടിരുന്നവരില്‍ ഒരാള്‍ക്ക് അനുകൂലമായ ഒരു കോടതിവിധി വരുന്നത് ചില മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ ഇന്നും സ്ഥാപിത താല്‍പ്പര്യങ്ങള്‍ വച്ചുപുലര്‍ത്തുന്നു എന്ന് കരുതുന്നതില്‍ തെറ്റില്ല. കുറ്റാരോപിതരെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കിയ പ്രവൃത്തിയും കോടതിയില്‍നിന്ന് വിമര്‍ശനം നേരിട്ടിരുന്നു. അവിടെയും നാര്‍ക്കോ അനാലിസിസ് ചെയ്യുക മാത്രമല്ല, അതിന്റെ ദൃശ്യങ്ങള്‍ നിയമവിരുദ്ധമായി പുറത്തുവിടുകയുമുണ്ടായിരുന്നു. മരണത്തിന് മുമ്പെങ്കിലും, തങ്ങള്‍ നിരപരാധികളാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള ഒരവസരം മാത്രമേ ഇനി കുറ്റാരോപിതര്‍ക്ക് ആഗ്രഹിക്കാനുള്ളൂവെന്നും ലേഖനത്തിൽ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group