പരിശുദ്ധത്രിത്വവും പരിശുദ്ധ മറിയവും തമ്മിലുള്ള അഗാധമായ ബന്ധത്തെക്കുറിച്ച് അറിയാം…

“നീയും സ്ത്രീയും തമ്മിലും, നിൻറെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉണ്ടാക്കും. അവൻ നിൻറെ തല തകർക്കും”(ഉല്പത്തി 3:15) എന്ന് ദൈവം പറഞ്ഞപ്പോൾ ബൈബിളിലെ ആദ്യ പുസ്തകമായ ഉല്പത്തി മുതലേ മറിയത്തിന് രക്ഷാകരപദ്ധതിയിലുള്ള പങ്ക് വ്യക്തമാകുന്നു. തലതകർക്കേണ്ട സന്തതി ശരീരം സ്വീകരിക്കേണ്ടത് അവളിൽനിന്നുമായിരുന്നു.

പിന്നീട് മംഗളവാർത്ത സമയത്ത് “നന്മ നിറഞ്ഞ മറിയമേ സ്വസ്തി; കർത്താവ് നിന്നോട് കൂടെ” എന്ന മാലാഖയുടെ വാക്കുകൾ ദൈവസന്ദേശമാണല്ലോ? ഈ വാക്കുകൾ പരിശുദ്ധ മറിയത്തിന് പരിശുദ്ധ ത്രിത്വത്തോടുള്ള ബന്ധം വെളിവാക്കുന്നു.

പിന്നീട് “സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ ആകുന്നു”(ലൂക്ക 1:42)എന്നത് എലിസബത്ത് പറയുന്നതാണ് എന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും എലിസബത്തിൻറെ പ്രസ്താവനയ്ക്ക് തൊട്ടു മുൻപുള്ള ബൈബിൾ വാക്യം ഇതാണ്. “മറിയത്തിൻറെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിൻറെ ഉദരത്തിൽ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി.” അതായത് ആ അവസരത്തിൽ പരിശുദ്ധാത്മാവിനാൽ നിയന്ത്രണം ഏറ്റെടുക്കപ്പെട്ട നിലയിലാണ് അവൾ. സ്വാഭാവികമായും ഇനി അവൾ ചെയ്യുകയും പറയുകയും ചെയ്യുന്ന കാര്യങ്ങളുടെ നിയന്ത്രണം പരിശുദ്ധാത്മാവിനായിരിക്കണമല്ലോ? “എലിസബത്ത് പറഞ്ഞു” എന്നാണ് സ്വാഭാവികമായും വരേണ്ടത്. എന്നാൽ ‘ഉദ്ഘോഷിക്കുക’ എന്ന പ്രയോഗത്തോടെ എലിസബത്ത് തനിക്ക് ലഭിച്ചിരിക്കുന്ന ഒരു സന്ദേശം എല്ലാവരും കേൾക്കെ അറിയിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.
അതായത് പരിശുദ്ധാത്മാവ് ലോകത്തോട് വിളിച്ചുപറഞ്ഞ “ഇവൾ കർത്താവിൻറെ അമ്മയാണ്” എന്ന സത്യത്തിന് നാം നൽകുന്ന മറുപടിയാണ് ” തമ്പുരാൻറെ അമ്മേ” എന്ന ‘നന്മനിറഞ്ഞ മറിയമേ’ എന്ന പ്രാർത്ഥനയിലെ മറുപടി.

അതിനാൽ അവൾ ദൈവമാതാവാണ്. “മറിയം യഥാർത്ഥത്തിൽ ദൈവത്തിൻറെ മാതാവാണ്, കാരണം മനുഷ്യനായിത്തീർന്ന ദൈവം തന്നെയായ നിത്യനായ ദൈവപുത്രൻറെ അമ്മയാണ് മറിയം” എന്ന് കത്തോലിക്കാ സഭയുടെ മതബോധനം 509- ൽ സഭ വീണ്ടും എടുത്ത് പറയുന്നു അവൾ ദൈവ മാതാവാണ്.

അവൾ ദൈവമാതാവ് ആയതിനാലാണ് ഇഹലോക ജീവിതത്തിൻറെ അന്ത്യത്തിൽ പ്രകൃതി നിയമങ്ങൾക്ക് അതീതമായി, ശരീരം അഴുകാതെ, അവളുടെ പുത്രനായ കർത്താവിൻറെ കൃപയാൽ അവൾ ആത്മശരീരങ്ങളോടെ സ്വർഗ്ഗാരോപണം ചെയ്യപ്പെട്ടതും.പരിശുദ്ധ ത്രിത്വത്തിലെ ഓരോ വ്യക്തിയുമായും മേരിമാതാവിനുള്ള ബന്ധം എടുത്തുകാണിക്കുവാന്‍ ദൈവശാസ്ത്രം ഏറെ ശ്രദ്ധിച്ചിട്ടുള്ളതായി കാണാം. അതിനുള്ള അടിസ്ഥാന കാരണം മേരിമാതാവിന്‍റെ ദൈവമാതൃത്വം അല്ലാതെ മറ്റൊന്നുമല്ല. ഈശോ തന്നെ പറഞ്ഞിട്ടുണ്ടല്ലോ “എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു.”(യോഹന്നാൻ 14:9)
“ഞാനും പിതാവും ഒന്നാണ്.” (യോഹന്നാൻ 10 :30) ഇങ്ങനെ പരിശുദ്ധ ത്രിത്വവും ആയി ഏറ്റവും അഭേദ്യബന്ധം പുലർത്തുന്ന വ്യക്തി എന്ന നിലയിലും കുരിശിൻ ചുവട്ടിൽ വെച്ച് യേശു മനുഷ്യകുലത്തിനു മുഴുവൻ അമ്മയായി നൽകിയ വ്യക്തി എന്ന നിലയിലും പരിശുദ്ധ ത്രിത്വത്തിന് മുന്നിൽ മനുഷ്യകുലത്തിന്റെ അഭിഭാഷകയാണ് പരിശുദ്ധ മറിയം. അതായത് മനുഷ്യർ ചെയ്യുന്ന ഘോര പാപങ്ങളുടെ പ്രതിഫലമായ ദൈവകോപത്തെ തടഞ്ഞു നിർത്തുവാൻ ശക്തിയുള്ള ഏക വ്യക്തി ആണ് പരിശുദ്ധം മറിയം…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group