പ്രണയം കെണികളായി മാറുമ്പോൾ

പ്രണയം ഇന്ന് സർവസാധാരണമായ ഒന്നായി മാറിയിരിക്കുന്നു. പലപ്പോഴും പക്വതയില്ലാത്ത പെരുമാറ്റത്തിലൂടെ പെൺകുട്ടി ഗർഭിണിയാകുന്ന അവസരങ്ങളും ഉണ്ടാവുന്നുണ്ട്. ചില കേസുകളിലെങ്കിലും ഗർഭിണിയായ പെൺകുട്ടിയെ വിവാഹം കഴിക്കുവാൻ അതിനുത്തരവാദിയായ വ്യക്തി വിസമ്മതിക്കാറുണ്ട്. ചിലപ്പോഴെങ്കിലും അത് ഭ്രൂണഹത്യ എന്ന തിന്മയിലേക്ക് നയിക്കുന്നു. ചില കേസുകളിൽ സിവിൽപരം ആയിട്ടുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയോ പെൺകുട്ടിയുടെ ഭീഷണിയെ ഭയന്നോ (ഉദാ: പീഡനക്കേസ് കൊടുക്കും, ആത്മഹത്യ ചെയ്യും തുടങ്ങിയവ ) അവളെ ഗർഭിണിയാക്കിയ വ്യക്തി വിവാഹം കഴിക്കാൻ നിർബന്ധിതനായി തീരാറുണ്ട്. ഇപ്രകാരം ഗർഭിണിയാക്കിയ പെൺകുട്ടിയെ മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങിയോ സിവിൽ ശിക്ഷാന നടപടികൾ ഭയന്നോ വിവാഹം കഴിച്ചാൽ ആ വിവാഹം സാധുവാണോ?

രണ്ട് തലത്തിൽ നിന്നുകൊണ്ട് ഇതിന് മറുപടി പറയാം

1. സിവിൽ നിയമ – ധാർമിക കാഴ്ചപ്പാടുകൾ

സിവിൽ നിയമത്തിന്റെയും ധാർമികതയുടെയും വെളിച്ചത്തിൽ ഗർഭിണിയായ പെൺകുട്ടിയെയും കുഞ്ഞിനേയും സംരക്ഷിക്കുവാനുള്ള ധാർമികവും സിവിൽപരവുമായ കടമ അതിനുത്തരവാദിയായ വ്യക്തിക്ക് ഉണ്ട്. ഓരോ രാജ്യത്തിന്റെയും സിവിൽ നിയമങ്ങൾ അനുശാസിക്കുന്ന രീതിയിൽ പെൺകുട്ടിയുടെയും കുഞ്ഞിന്റെയും ജീവൻ സംരക്ഷിക്കുവാൻ ആ വ്യക്തി കടപ്പെട്ടിരിക്കുന്നു. ചില കേസുകളിൽ അപ്രതീക്ഷിതമായി ഗർഭിണി ആകുമ്പോൾ (Accidental pregnancy) ആൺകുട്ടിക്ക് പെൺകുട്ടിയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടാവുകയില്ല. പക്ഷേ സിവിൽപരമായ ശിക്ഷ നടപടികൾ ഒഴിവാക്കുന്നതിന് വേണ്ടിയോ മറ്റുള്ളവരുടെ ഭീഷണിക്ക് വഴങ്ങിയോ പെൺകുട്ടിയെ വിവാഹം കഴിക്കുന്നവരുമുണ്ട്. സിവിൽ പരമായും ധാർമികമായും ഇത്തരം വിവാഹങ്ങൾ സമൂഹത്തിൽ സാധുവായി അംഗീകരിക്കപ്പെടുന്നവയാണ്. കാരണം ഇവിടെ പ്രാധാന്യം നൽകുന്നത് പെൺകുട്ടിയുടെയും കുഞ്ഞിന്റെയും സംരക്ഷണത്തിനാണ്. അതിനാൽ തന്നെ അത്തരം വിവാഹങ്ങൾക്ക് സിവിൽ നിയമത്തിന്റെ സംരക്ഷണം ലഭിക്കുന്നു.

2. കനോനിക കാഴ്ചപ്പാട്:

ക്രിസ്തിയ വിശ്വാസികളുടെ അവകാശങ്ങളെ കുറിച്ച് പറയുമ്പോൾ ” ജീവിതാന്തസ്സ് തിരഞ്ഞെടുക്കുന്നതിൽ ഏതു വിധ സമ്മർദ്ദത്തിൽ നിന്നും സ്വാതന്ത്രരായിരിക്കുവാൻ എല്ലാ ക്രിസ്തിയ വിശ്വസികൾക്കും അവകാശമുണ്ടെന്ന് കാനോൻ നിയമം (CIC 219/ CCEO 22) ഓർമപ്പെടുത്തുന്നുണ്ട്.
കാനോൻ നിയമം വിവാഹത്തെ ഒരു കൂദാശയും നയാമിക പ്രവർത്തിയുമായിട്ടാണ് ( Juridical Act) കാണുന്നത്. അതിനാൽ തന്നെ ഒരു നയാമിക പ്രവർത്തി സാധുവാകുന്നതിന് ചില ഘടകങ്ങൾ ആവശ്യമാണെന്ന് കാനോൻ നിയമം (CIC 124/ CCEO 931) വ്യക്തമാക്കുന്നുണ്ട്.
1. ഒരു നയാമിക പ്രവർത്തി ചെയ്യാൻ പ്രാപ്തിയുള്ള വ്യക്തി ആയിരിക്കണം
2. നയാമിക പ്രവർത്തിയുടെ അടിസ്ഥാന ഘടകങ്ങൾ ( Essential Elements ) ഉണ്ടായിരിക്കണം
3. നയാമിക പ്രവർത്തിയുടെ സാധ്യതയ്ക്കായി നിയമം ആവശ്യപ്പെടുന്ന നടപടിക്രമങ്ങളും അവശ്യവ്യവസ്ഥകളും ഉൾക്കൊള്ളുന്നതായിരിക്കണം.
ഇപ്രകാരം ബാഹ്യമായ ഘടകങ്ങളെല്ലാം ശരിയായ വിധത്തിൽ ചെയ്യപ്പെട്ടതാണെങ്കിൽ, ആ പ്രവർത്തി സാധുവാണെന്നു അനുമാനിക്കപ്പെടുന്നുവെന്നും കാനോൻ നിയമം വ്യക്തമാക്കുന്നു. എന്നാൽ അതോടൊപ്പം തന്നെ ” പുറമെ നീന്ന് ചെലുത്തപ്പെട്ടതും വ്യക്തിക്ക് ഒരു വിധത്തിലും ചെറുത്തു നിൽക്കാൻ കഴിയാതിരുന്നതുമായ ബലപ്രയോഗത്തിന്റെ ഫലമായി ചെയ്ത ഒരു പ്രവർത്തി നൈയ്യാമികമായി ചെയ്തതായി കണക്കാക്കപ്പെടുന്നില്ല ” എന്നും കാനോൻ നിയമം ( CIC 125/ CCEO 932) വ്യക്തമാക്കുന്നുണ്ട്. ഒരു വിവാഹത്തെ അസാധുവാക്കുന്ന ഘടകങ്ങളെ കുറിച്ച് പറയുമ്പോൾ CIC 1103/ CCEO 825 കാനോൻ നിയമം ഇപ്രകാരം പറയുന്നു ” ബലപ്രയോഗത്താലോ പുറമെ നിന്ന് ചുമത്തപ്പെട്ട ഭയത്താലോ ഭിഷണിയാലോ വിവാഹം തിരഞ്ഞെടുക്കാൻ നിർബന്ധിതമായി നടത്തിയ വിവാഹം അസാധുവാണ്.
ചുരുക്കത്തിൽ മേൽ പറഞ്ഞ കാനോനുകളുടെ വെളിച്ചത്തിൽ നമുക്ക് ഇപ്രകാരം ഉപസംഹരിക്കാം
1. ഗർഭിണിയായ പെൺകുട്ടിയെ അവളുടെയോ മറ്റുള്ളവരുടെയോ ഭിഷണിക്ക് വഴങ്ങിയാണ് വിവാഹം കഴിച്ചതെങ്കിൽ ആ വിവാഹം അസാധുവായിരിക്കും.
2. പെൺകുട്ടിയുടെ ഭാഗത്തു നിന്നും ആ പയ്യനെ വിവാഹം കഴിക്കാൻ താല്പര്യമില്ല പക്ഷെ ഗർഭിണിയായത് കൊണ്ട് വേറെ വഴിയില്ലാത്തതിനാലാണ് വിവാഹത്തിന് സമ്മതിക്കുന്നതെങ്കിൽ അവൾ അസാധുവായിട്ടാണ് വിവാഹം കഴിക്കുന്നത്.

എന്തുകൊണ്ട്??🤔🤔

ഇവിടെ ഇവരുടെ വിവാഹത്തെ അസാധുവാക്കുന്നത് പരിപൂർണമായ സ്വാതന്ത്ര്യം വിവാഹത്തിൽ ഏർപ്പെടുന്നവർക്ക് ഇല്ലാത്തത് കൊണ്ടാണ്. അതായത് ഈ വിവാഹത്തിൽ ഭയവും ഭിഷണിയുമാണ് വിവാഹത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ. വിവാഹം അല്ലാതെ വേറെ ഒരു വഴിയില്ലാത്ത അവസ്ഥ. കത്തോലിക്കാ സഭയിൽ ഒരു വിവാഹത്തിന്റെ സാധുതയ്ക്ക് ഏറ്റവും അത്യാവശ്യ ഘടകമാണ് പൂർണമായ സ്വാതന്ത്ര്യത്തോടെ നൽകുന്ന “വിവാഹ സമ്മതം “. നിയമപരമായി പ്രകടിപ്പിക്കുന്ന ഈ സമ്മതത്തിലൂടെയാണ് വിവാഹം നിലവിൽ വരുന്നത്. അതുകൊണ്ട് തന്നെ മാനുഷികമായ ഒരു ശക്തിക്കും പുറമെ നിന്ന് ഈ സമ്മതം നൽകാൻ കഴിയില്ല എന്ന് കാനോൻ നിയമം CIC 1057/ CCEO 817 വ്യക്തമാക്കുന്നു. പരിപൂർണ്ണ സ്വാതന്ത്ര്യത്തോടെ തന്റെ സിവിൽപരവും ധാർമികവുമായ ഉത്തരവാദിത്വം മനസ്സിലാക്കി ഗർഭിണിയായ പെൺകുട്ടിയെ വിവാഹം ചെയ്യുമ്പോൾ മാത്രമാണ് കാനോനികമായി ആ വിവാഹം സാധുവായി തീരുന്നത്.
നമ്മുടെ സമൂഹത്തിൽ ഇത്തരത്തിലുള്ള ധാരാളം ഉണ്ടാവുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് സഭ വിവാഹത്തിനു മുൻപുള്ള ലൈംഗികബന്ധത്തെ നിഷിദ്ധമായി എതിർക്കുന്നതും അത് പാപമാണെന്ന് പറയുന്നതും. പ്രണയവും ലൈംഗികതയും പരിപ്പൂർണതയിൽ എത്തുന്നത് വിവാഹത്തിലായിരിക്കണം അത് അങ്ങനെ തന്നെയാണ് താനും.

Ashly OSJ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group