പത്ത് ലക്ഷം വിശുദ്ധ ബൈബിളുകളുടെ സൗജന്യ വിതരണo : ക്രൈസ്തവ ദമ്പതികൾ മാതൃകയാകുന്നു..

കത്തോലിക്കാ സഭയുടെ ഏഷ്യ, ആഫ്രിക്ക, സൗത്ത് അമേരിക്ക, കരീബിയൻ മിഷൻ പ്രദേശങ്ങളിൽ പലകാരണങ്ങളാൽ വിശുദ്ധ ബൈബിൾ ഇല്ലാത്തവർക്കായി സൗജന്യ ബൈബിൾ വിതരണ പദ്ധതിയുമായി ക്രൈസ്തവ ദമ്പതികളുടെ പ്രവർത്തനം ശ്രദ്ധേയമാകുന്നു.

ദാരിദ്ര്യത്താലോ മറ്റു കാരണങ്ങളാലോ ഒരു ക്രൈസ്തവ ഭവനത്തിലും വിശുദ്ധ ബൈബിൾ ഇല്ലാതിരിക്കരുത്” എന്ന ലക്ഷ്യവുമായി അറേബ്യൻ വികാരിയത്തിന്റെ ആത്മീയാധികാരത്തിൻ കീഴിൽ മിഷൻ പ്രദേശങ്ങളുടെ ആത്മീയ നവീകരണത്തിനൊപ്പം പുതിയ സ്ഥലങ്ങളിൽ സുവിശേഷ പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ലൂയിസ്-ഹന്ന കത്തോലിക്കാ മിഷണറി ദമ്പതികളാണ് ഈ മഹത്തായ ദൗത്യത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.

മാതൃഭാഷയിൽ വിശുദ്ധ ബൈബിൾ ഇല്ലാത്തവർക്കായി ബൈബിൾ വിതരണത്തിന് പ്രത്യേക പരിഗണനയും ഇവർ നൽകുന്നുണ്ട്.

“ക്രിസ്തുവിനെ അറിയാത്ത സ്ഥലങ്ങളിൽ സുവിശേഷം പ്രസംഗിക്കുന്നതിൽ ഞാൻ അത്യധികം ഉത്സാഹം കാണിച്ചു” (റോമർ 15:20) എന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ ആത്മീയ ദർശനം ആപ്തവാക്യമായി എടുത്തിരിക്കുന്ന ഇവരുടെ അൽമായ മിഷൻ ഇതിനോടകം 27 രാജ്യങ്ങളിൽ സഭയുടെ സുവിശേഷ പ്രഘോഷണ ദൗത്യത്തിന്റെ ഭാഗമാണ്.

പല കാരണങ്ങളാൽ സ്വന്തമായി വിശുദ്ധ ബൈബിൾ ഇല്ലാത്തവർക്കായി ഈ അൽമായ മിഷനറിമാർ ഇതിനോടകം പല ഭാഷകളിലായി ഒരു ലക്ഷത്തിലേറെ വിശുദ്ധ ബൈബിളുകൾ തികച്ചും സൗജന്യമായി വിതരണം ചെയ്തു കഴിഞ്ഞു.

ക്രിസ്തു കേന്ദ്രീകൃത ആത്മീയ ജീവിതത്തിന് അടിസ്ഥാനമിടുക
എന്ന ലക്ഷ്യത്തോടെ യുവജനങ്ങൾക്കും സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കുമുള്ള
വിശുദ്ധ ബൈബിൾ വിതരണവും ഈ പദ്ധതിയുടെ പ്രത്യേകതയാണ്.

സഭാ മിഷനിലൂടെ വിശ്വാസത്തിലേക്ക് പുതുതായി കടന്നുവരുന്നവർക്ക് ഏക രക്ഷകനായ യേശുക്രിസ്തുവിനെ കൂടുതലറിയാനും പഠിക്കാനും വിശ്വാസത്തിൽ കൂടുതൽ വളരാനും അങ്ങനെ ക്രൈസ്തവ സാക്ഷ്യം വഹിക്കാനും ഈ സൗജന്യ വിതരണ പദ്ധതി ലക്ഷ്യമിടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group