ആഗോള കത്തോലിക്ക സഭയ്ക്ക് പുതിയതായി 14 വിശുദ്ധര്‍ കൂടി

ആഗോള കത്തോലിക്കാ സഭയിൽ പുതിയതായി 14 പേരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നു.

സിറിയയില്‍ ക്രിസ്തു വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച ഡമാസ്കസിലെ രക്തസാക്ഷികൾ ഉൾപ്പെടെ 14 പേരെയാണ് ഈ നാളെ വിശുദ്ധരായി പ്രഖ്യാപിക്കുന്നത്.

വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളുടെ മധ്യേ ഫ്രാന്‍സിസ് പാപ്പയാണ് വിശുദ്ധ പദവിയിലേക്ക് ഇവരെ ഉയര്‍ത്തുക. പ്രാദേശിക സമയം രാവിലെ 10.30ന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നവരില്‍ 11 പേരും ഡമാസ്കസിൽ യേശുവിനെ ത്യജിച്ച് ഇസ്ലാം സ്വീകരിക്കാനുള്ള ഭീഷണി നിരസിച്ചതിന് രക്തം ചിന്തിയവരാണ്.

1860 ജൂലൈ 9 അര്‍ദ്ധരാത്രിയിൽ ഡമാസ്കസിൽ ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടര്‍ന്നു ഡ്രൂസ് കമാൻഡോയുടെ ക്രൂര കൃത്യത്തിന് ഇരയായി മരണം വരിക്കുകയായിരുന്നു. ചിലരെ കോടാലി ഉപയോഗിച്ച് ശിരഛേദം ചെയ്തായിരുന്നു കൊലപ്പെടുത്തിയത്. മാനുവൽ റൂയിസ്, കാർമെലോ ബോൾട്ട, നിക്കാനോർ അസ്കാനിയോ, നിക്കോളാസ് എം. ആൽബെർക വൈ ടോറസ്, പെഡ്രോ സോളർ, എംഗൽബെർട്ട് കൊല്ലാൻഡ്, ഫ്രാൻസിസ്കോ പിനാസോ പെനാൽവർ, ജുവാൻ എസ്. ഫെർണാണ്ടസ്, സഹോദരങ്ങളായ ഫ്രാൻസിസ്, അബ്ദുൽ മൊഹ്തി, റാഫേൽ മസാബ്കി എന്നിവരാണ് കൊല്ലപ്പെട്ടത്. 1926-ല്‍ പീയൂസ് പതിനൊന്നാമന്‍ പാപ്പയാണ് ഇവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. എല്ലാ വർഷവും ജൂലൈ 10ന്, സിറിയൻ തലസ്ഥാനത്ത്, ലാറ്റിൻ, മാരോണൈറ്റ് സമൂഹങ്ങൾ ഈ രക്തസാക്ഷികളെ അനുസ്മരിക്കുന്നുണ്ട്.

ഇവരെ കൂടാതെ പരിശുദ്ധാത്മാവിന്റെ അപ്പസ്തോല എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ സുഹൃത്തും വിശുദ്ധ ജമ്മ ഗൽഗാനിയുടെ അധ്യാപികയുമായിരുന്ന എലേന ഗുവേര, ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ സ്ഥാപകയായ കനേഡിയൻ സന്യാസിനി വാഴ്ത്തപ്പെട്ട മേരി-ലിയോണി, ഇറ്റാലിയൻ സ്വദേശിയും കൺസോളറ്റ മിഷ്ണറി സന്യാസ സമൂഹങ്ങളുടെ സ്ഥാപകനുമായ വാഴ്ത്തപ്പെട്ട ഗ്യൂസെപ്പെ അല്ലമാനോ എന്നിവരെയും നാളെ വിശുദ്ധ പദവിയിലേക്ക് മാർപാപ്പ ഉയർത്തും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m