ഡിജിറ്റല്‍ അഡിക്ഷൻ; മോചിതരായ കുട്ടികള്‍ 144
ഡിജിറ്റല്‍ അഡിക്ഷൻ; മോചിതരായ കുട്ടികള്‍ 144
കൊച്ചി: ഡിജിറ്റല്‍ ഡി അഡിക്ഷൻ പദ്ധതിയിലൂടെ ജില്ലയില്‍ 144 കുട്ടികള്‍ക്ക് പൊലീസ് കൈതാങ്ങായി. മൊബൈല്‍ ഫോണ്‍, ഇൻറർനെറ്റ് അടിമത്തത്തില്‍നിന്ന് കുട്ടികളെ മോചിപ്പിക്കാനായി കേരള പൊലീസ് ആരംഭിച്ച ഡി-ഡാഡ് പദ്ധതി വഴിയാണ് കുട്ടികള്‍ മൊബൈല്‍ അടിമത്തത്തില്‍ നിന്ന് മോചിതരായത്.
കുട്ടികളിലെ അമിത മൊബൈല്‍ ഉപയോഗം, ഓണ്‍ലൈൻ ഗെയിം, അശ്ലീല സൈറ്റ് സന്ദർശനം, സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗം അടക്കമുള്ള പ്രശ്നങ്ങളാണ് ഇവർ പരിഹരിക്കുന്നത്.
കൊച്ചിയുള്‍പ്പടെ സംസ്ഥാനത്ത് ആറ് കേന്ദ്രങ്ങളിലാണ് നിലവില്‍ ഡിജിറ്റല്‍ ഡി അഡിക്ഷൻ കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നത്. 2023 മാർച്ചില്‍ ആരംഭിച്ച പദ്ധതി വഴി സംസ്ഥാനത്ത് ഇതുവരെ അറുനൂറോളം കുട്ടികളാണ് മൊബൈല്‍ അടിമത്തത്തോട് വിട പറഞ്ഞത്.
കേസുകള്‍ കുത്തനെ കൂടുന്നു
ചെറിയ കുട്ടികളില്‍ പോലും ഡിജിറ്റല്‍ അഡിക്ഷനും അതിനെ തുടര്‍ന്നുള്ള മാനസിക പ്രശ്നങ്ങളും വർധിച്ചുവരികയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒന്നര വർഷത്തിനിടെ ജില്ലയിലെ സിറ്റി പൊലീസ് പരിധിയിലാണ് 144 കുട്ടികള്‍ ഡി-ഡാഡ് പദ്ധതിയിലൂടെ ഡിജിറ്റല്‍ അഡിക്ഷനില്‍ നിന്ന് മോചിതരായത്.
18 വയസ്സില്‍ താഴെയുള്ള കുട്ടികളെ സൗജന്യ കൗണ്‍സലിങ്ങിലൂടെ ഡിജിറ്റല്‍ അഡിക്ഷനില്‍ നിന്ന് മുക്തമാക്കുകയും സുരക്ഷിത ഇന്‍റര്‍നെറ്റ് ഉപയോഗത്തെ കുറിച്ച് മാതാപിതാക്കള്‍ക്കുള്‍പ്പടെ ബോധവത്ക്കരണം നടത്തുകയുമാണ് ഡി-ഡാഡ് സെന്‍ററിലൂടെ ചെയ്യുന്നത്.
കൊച്ചി സിറ്റിയില്‍ മട്ടാഞ്ചേരി അസി. പൊലീസ് കമീഷണറുടെ ഓഫിസ് കെട്ടിടത്തിന്റെ താഴെ നിലയിലാണ് പ്രധാന സെന്‍റർ പ്രവര്‍ത്തിക്കുന്നത്. നഗര പരിധിയില്‍നിന്ന് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനോട് ചേര്‍ന്ന് ഒരു സബ് സെന്‍ററും ആഴ്ചയില്‍ രണ്ട് ദിവസം പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
ജില്ല ആതിഥേയത്വം വഹിച്ച കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കായികമേളയിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് വിദ്യാർഥികളാണ്. പ്രധാന വേദിയായിരുന്ന മഹാരാജാസ് സ്റ്റേഡിയത്തില്‍ ഡിജിറ്റല്‍ അഡിക്ഷനെതിരെ സന്ദേശമുയർത്തി തയാറാക്കിയ സ്പെഷല്‍ പൊലീസിങ് പവലിയൻ ജനശ്രദ്ധ നേടിയിരുന്നു.
ഇവിടെയെത്തിയ വിവിധ ജില്ലകളിലെ 1250 ഓളം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സുരക്ഷിത ഡിജിറ്റല്‍ ഉപയോഗത്തെ കുറിച്ച് ബോധവത്ക്കരണം നല്‍കി. കൂടാതെ 210 കുട്ടികളില്‍ സമാര്‍ട്ട് ഫോണ്‍ അഡിക്ഷന്‍ ടെസ്റ്റ് നടത്തി. പ്രശ്നങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കിയ 80 ഓളം കുട്ടികള്‍ക്ക് സഹായം ലഭ്യമാക്കുകയും ചെയ്തു. കുട്ടികളിലെ ഡിജിറ്റല്‍ അഡിക്ഷനെതിരെ ഇക്കാലയളവില്‍ 42 ബോധവത്കരണ പരിപാടികളും നടത്തിയിട്ടുണ്ട്.
കൊച്ചി സിറ്റി പൊലീസിന് കീഴിലെ രണ്ട് സെന്‍ററുകളിലും സൈക്കോളജിസ്റ്റിന്റെ സേവനം പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ ലഭ്യമാണ്. സിറ്റി പൊലീസിന്റെ ഈ സേവനം ഉപയോഗപ്പെടുത്താൻ ഡി-ഡാഡ് സെന്‍ററിലെ ഫോണ്‍ നമ്ബറില്‍ (9497975400) വിളിച്ച് അപ്പോയിന്‍മെന്‍റ് എടുക്കാവുന്നതാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0